(truevisionnews.com) അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഇന്ത്യയെ 79 റൺസിനു തകർത്താണ് ഓസീസിൻ്റെ കിരീടധാരണം.
3 വിക്കറ്റ് വീതം നേടിയ മഹ്ലി ബിയേർഡ്മാൻ, റാഫ് മക്മില്ലൻ എന്നിവരാണ് ഓസീസിന് തകർപ്പൻ വിജയമൊരുക്കിയത്. 47 റൺസ് നേടിയ ആദർശ് സിംഗ് ഇന്ത്യയുടെ ടോപ്പ് സ്കോററായി.
254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഒരിക്കൽ പോലും ഓസ്ട്രേലിയക്ക് ഭീഷണിയാവാൻ കഴിഞ്ഞില്ല. മൂന്നാം ഓവറിൽ തന്നെ അർഷിൻ കുൽക്കർണി 3 റൺസ് മാത്രം നേടി മടങ്ങി. ആദ്യ 10 ഓവറിൽ വെറും 28 റൺസാണ് ഇന്ത്യ നേടിയത്.
ഓസീസ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യ വിയർത്തു. 13ആം ഓവറിൽ 37 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ച് മുഷീർ ഖാൻ (22) പുറത്തായതോടെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നു.
ക്യാപ്റ്റൻ ഉദയ് സഹാറൻ (8), സച്ചിൻ ദാസ് (9), പ്രിയാൻഷു മോലിയ (9), ആരവല്ലി അവനീഷ് (0) എന്നിവരൊക്കെ വേഗം മടങ്ങി. 6 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി പൊരുതിനിന്ന ആദർശ് സിംഗും ഏറെ വൈകാതെ പുറത്തായി.
രാജ് ലിംബാനിയും (0) വേഗം മടങ്ങിയതോടെ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. 9ആം വിക്കറ്റിൽ മുരുഗൻ അഭിഷേകും നമൻ തിവാരിയും ചേർന്നാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ആക്രമിച്ചുകളിച്ച മുരുഗന് തിവാരി ഉറച്ച പിന്തുണനൽകിയതോടെ ഈ കൂട്ടുകെട്ട് 46 റൺസ് നീണ്ടു. 46 പന്തിൽ 42 റൺസ് നേടി മുരുഗൻ പുറത്തായതോടെ ഇന്ത്യ തോൽവിയുറപ്പിച്ചു.
സൗമി പാണ്ഡെ (2) ആയിരുന്നു അവസാന വിക്കറ്റ്. നമൻ തിവാരി (14) നോട്ടൗട്ടാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 253 റൺസ് നേടി. 55 റൺസ് നേടിയ ഹർജാസ് സിംഗ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
#India #lost #Australia #U19WorldCupfinal!