ജോഹാനസ്ബർഗ്: (truevisionnews.com) അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ കിരീടപ്പോരാട്ടം ഇന്ന്. ജോഹാനസ്ബർഗിലെ വില്ലോമൂർപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഉച്ചയ്ക്ക് 1.30-ന് മത്സരം തുടങ്ങും.
2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നുതവണ റണ്ണറപ്പായ ഇന്ത്യക്ക് ഒമ്പതാം ഫൈനലാണിത്. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.
2010ൽ മിച്ചൽ മാർഷിൻറെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടർ 19 ലോകകപ്പിൽ കിരീടം നേടിയത്. ഉദയ് സഹാറൻ നയിക്കുന്ന ഇന്ത്യ അണ്ടർ-19 ടീം വൻമാർജിനിൽ വിജയങ്ങൾ നേടികൊണ്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്.
പ്രാഥമികഘട്ടത്തിലും സൂപ്പർ സിക്‌സിലും സെമിയിലും കളിച്ച എല്ലാ മത്സരവും ജയിച്ചാണ് ഹ്യൂഗ് വീഗൻ നയിക്കുന്ന ഓസീസ് ടീം എത്തുന്നത്. ഇന്ത്യ സെമിയിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോൽപിച്ചാണ് ഫൈനൽ ടിക്കറ്റ് നേടിയെടുത്തത്.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസീസും നേർക്കുനേർ വരുന്നത് മൂന്നാം തവണ. 2012ലും 2018ലും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്.
റൺനേട്ടത്തിൽ ആദ്യസ്ഥാനങ്ങളിലുള്ള മൂന്നുപേരും ഇന്ത്യക്കാരാണ്. 389 റൺസുമായി ക്യാപ്റ്റൻ ഉദയ് സഹറാനും 336 റൺസുമായി മുഷീർ ഖാനും 294 റൺസുമായി സച്ചിൻ ദസും ആണ് പട്ടികയിൽ മുന്നിലുള്ളത്.
വിക്കറ്റ് നേട്ടത്തിൽ, ആറ് ഇന്നിങ്‌സിൽ 17 വിക്കറ്റുമായി ഇന്ത്യയുടെ സൗമി പാണ്ഡെ മൂന്നാംസ്ഥാനത്തുണ്ട്. 21 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ക്വെന മഫാകയും 18 വിക്കറ്റുമായി പാകിസ്താന്റെ ഉബൈദ് ഷായുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.
#Another #India-#Australia #WorldCupFinal; #Adolescence #ask #account