Feb 10, 2024 06:37 AM

(truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന.

സ്ഥാനാർത്ഥി ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് ആരംഭിക്കും. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ ഒരു സീറ്റ് അവർക്ക് നൽകേണ്ടിവരും.

സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് ആയിരിക്കും കേരള കോൺഗ്രസ് എമ്മിന് നൽകുക. രണ്ടാമതൊരു സീറ്റ് കൂടി വേണമെന്ന് ആവശ്യം കേരള കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും സിപിഐഎം അംഗീകരിച്ചിട്ടില്ല.

ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അതിനുശേഷം ആയിരിക്കും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുക. സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും.

ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുക. മുതിർന്ന നേതാക്കൾക്കൊപ്പം ചില പുതുമുഖങ്ങളെയും രംഗത്തിറക്കാനാണ് സിപിഐഎമ്മിന്റെ ആലോചന. സ്ഥാനാർത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടും.

സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.

തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും മാവേലിക്കരയിൽ എവൈഎസ്എഫ് നേതാവ് സി.എ അരുൺ കുമാറും മത്സരിക്കാൻ ധാരണയായിട്ടുണ്ട്. വയനാട് ആനി രാജയുടെ പേരാണ് പരിഗണിക്കുന്നത്.

തിരുവനന്തപുരം സീറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസ് മത്സരിക്കുന്ന കോട്ടയം സീറ്റിൽ നിലവിലെ എംപിയായ തോമസ് ചാഴിക്കാടനോ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയോ മത്സരിക്കാൻ സാധ്യതയുണ്ട്.

#LDF's #seat #sharing #talks #for #LokSabha #polls #completed #today

Next TV

Top Stories










Entertainment News