(truevisionnews.com) ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് അവരുടെ ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. ഇന്നത്തെ ഇടക്കാല ബജറ്റിന് 58 മിനിറ്റാണ് നിര്‍മല സീതാരാമന്‍ എടുത്തത്.
രാവിലെ 11 മണിക്ക് തുടങ്ങിയ പ്രസംഗം ഒരു മണിക്കൂര്‍ മുമ്പേ അവസാനിച്ചു. പ്രസംഗം കൃത്യം 58 മിനിറ്റ് നീണ്ടുനിന്നു. ഇത് അവരുടെ ബജറ്റ് അവതരണ ചരിത്രത്തിലെ ഏറ്റവും ചെറിയ ദൈര്‍ഘ്യമാണ് ഇതിന് മുന്‍പ് അവതരിപ്പിച്ച ബജറ്റുകളില്‍ നിര്‍മല സീതാരാമന്റെ ഏറ്റവും ചെറിയ പ്രസംഗം 2023 ലെ 87 മിനിറ്റ് (1 മണിക്കൂര്‍ 27 മിനിറ്റ്) സംസാരിച്ചതായിരുന്നു.
2020 ല്‍ 160 മിനിറ്റ് (2 മണിക്കൂര്‍ 40 മിനിറ്റ്) അവതരിപ്പിച്ചതാണ് നിര്‍മല സീതാരാമന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ അവതരണം. 2019 ലെ ആദ്യ ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 17 മിനിറ്റ് (137 മിനിറ്റ്) നീണ്ടുനിന്നു.
അതല്ലാതെ വേറൊരു ബജറ്റ് പ്രസംഗത്തിനും നിര്‍മല സീതാരാമന്‍ രണ്ട് മണിക്കൂറില്‍ അധികം സമയം എടുത്തിട്ടില്ല. 2021 ല്‍ 1 മണിക്കൂര്‍ 50 മിനിറ്റ് (110 മിനിറ്റ്), 2022 ല്‍ 1 മണിക്കൂര്‍ 33 മിനിറ്റ് (93 മിനിറ്റ്) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്ക്.
2020-ലെ 2.40 മണിക്കൂര്‍ പ്രസംഗത്തിലൂടെ ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിരുന്നു. 1977-ല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഹിരുഭായ് മുല്‍ജിഭായ് പട്ടേലിന്റെ പേരിലാണ് ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം.
അന്ന് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ 800 വാക്കുകളെ ഉണ്ടായിരുന്നുള്ളൂ. വാക്കുകളുടെ എണ്ണത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് എന്ന റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേരിലാണ്.
1991-ല്‍ ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ 18,650 വാക്കുകള്‍ ഉണ്ടായിരുന്നു. അരുണ്‍ ജെയ്റ്റ്ലി 2018 ല്‍ അവതരിപ്പിച്ചിരുന്ന ബജറ്റില്‍ 18,604 വാക്കുകളാണ് ഉണ്ടായിരുന്നത്.
അരുണ്‍ ജെയ്റ്റ്ലി 2014 ല്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നിരുന്നു. 2003 ല്‍ ജസ്വന്ത് സിംഗിന്റെ 2003 ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂര്‍ 13 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു.
ജസ്വന്ത് സിംഗ് ആ ബജറ്റ് പ്രസംഗത്തിലാണ് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ദ്ദേശിച്ചത്. ആദായനികുതി റിട്ടേണുകളുടെ ഇ-ഫയലിംഗ്, ചില ഇനങ്ങളുടെ എക്‌സൈസ്, കസ്റ്റംസ് തീരുവ കുറയ്ക്കല്‍ എന്നിവയും ആ ബജറ്റിലെ ആകര്‍ഷണമായിരുന്നു.
#NirmalaSitharaman #broke #her #own #record; #Presented #shortest #budget