#accident | 'നാടിന്റെ മക്കളാണ് പോയത്'; യുവാക്കളുടെ അപകടമരണത്തിൽ ഹൃദയം തകർന്ന് ചിറ്റൂർ

#accident | 'നാടിന്റെ മക്കളാണ് പോയത്'; യുവാക്കളുടെ അപകടമരണത്തിൽ ഹൃദയം തകർന്ന് ചിറ്റൂർ
Dec 6, 2023 02:52 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   ഉറ്റ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വേർപാടിന്റെ ‍ഞെട്ടലിലാണ് ചിറ്റൂർ. മാഞ്ചിറ എന്ന ​ഗ്രാമത്തെയാകെ യുവാക്കളുടെ മരണം കണ്ണീരിലാഴ്ത്തി.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളുടെ ജമ്മു കശ്മീരിലേക്കുള്ള സ്വപ്ന യാത്രയാണ് നാലു പേരുടെ മരണത്തിൽ കലാശിച്ചത്. കൂലിപ്പണിയെടുത്തും ചിട്ടി പിടിച്ചും കിട്ടിയ തുക സ്വരൂപിച്ചാണ് 13 അംഗ സംഘം യാത്രതിരിച്ചത്. എന്നാല്‍, യാത്രക്കിടെ കശ്മീരിലണ്ടായ വാഹനാപകടത്തില്‍ സംഘത്തിലെ നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്.

പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് ജംഗ്ഷനില്‍ നിന്നും ഇടവഴിയിലൂടെ നടന്നാല്‍ എത്തുന്ന മാഞ്ചിറ എന്ന ​ഗ്രാമത്തിലെ എല്ലാ വീടുകളിൽനിന്നും ഉയർന്നു കേൾക്കുന്നത് കരച്ചിൽ മാത്രമാണ്. സുധീഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നീ നാലു യുവാക്കളാണ് അപകടത്തിൽ മരിച്ചത്.

നാലുപേരും നാട്ടുകാർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു. അതിനാൽ തന്നെ ഇവരുടെ വേർപാട് നാട്ടുകാർക്കും കുടുംബാം​​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

തമിഴ് നടൻ വിജയിൻ്റെ സിനിമകളും യാത്രകളോടുള്ള ഇഷ്ടവും കൊണ്ടു ഒന്നിച്ചു ചേർന്ന സു​ഹൃത്ത് സംഘം നാട്ടിലെ എന്താവശ്യങ്ങൾക്കും ആദ്യം തന്നെ ഓടിയെത്തുന്നവരായിരുന്നു. കൂലിപണി ചെയ്തും താത്കാലിക ജോലിക്ക് പോയും സ്വരുക്കൂട്ടി ഉണ്ടാക്കിയ പണം കൊണ്ടാണ് 13 കൂട്ടുകാർ കശ്മീരിലേക്ക് യാത്ര പോയത്.

ഒരേ കുടുംബം പോലെ കഴിഞ്ഞവരാണ് മരിച്ചതെന്നും സഹിക്കാവുന്നതിലും അപ്പുറമാണ് ഇവരുടെ വിയോ​ഗമെന്നും പ്രദേശവാസിയായ ശാന്തകുമാരി കണ്ണീരോടെ പറയുന്നു.

'നാടിന്‍റെ മക്കളാണ് പോയത്.ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ഏട്ടൻ -അനിയന്മാരാണ് മരിച്ചത്, അധ്വാനിക്കുന്ന നല്ല മക്കളാണ്. സഹിക്കാനാകുന്നില്ല', വാക്കുകൾ പൂർത്തിയാകാനാകാതെ ശാന്തകുമാരി വിതുമ്പി.

അടുത്തിടെയാണ് രാഹുലിൻ്റെയും സുധീഷിൻ്റെയും വിവാഹം നടന്നത്. രാഹുലിൻ്റെ ഭാര്യ 7 മാസം ഗർഭിണിയാണ്. പത്തു ദിവസത്തിനു ശേഷം തിരിച്ചു വരാമെന്ന് പറഞ്ഞു പോയ കൂട്ടുകാരിൽ 4 പേർ യാത്ര പകുതിയാക്കി മടങ്ങുമ്പോൾ ഒരു നാട് മുഴുവൻ കണ്ണീരടക്കാൻ പാടുപെടുകയാണ്.

#Chittoor #heartbroken #over #accidental #death #youth

Next TV

Related Stories
Top Stories