(www.truevisionnews.com) ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എഫ്.സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം.

ഇതോടെ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോവ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർജസാണ് ഗോവയുടെ വിയജഗോൾ നേടിയത്.
ബോക്സിന്‍റെ വലതുപാർശ്വത്തിൽനിന്ന് വിക്ടർ റോഡ്രിഗസ് ബോക്സിനുള്ളിലേക്ക് നൽകിയ ഒരു മനോഹര ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്.
ബോക്സിനുള്ളിലുണ്ടായിരുന്ന റോളിൻ വലുതുകാൽ കൊണ്ട് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. ഇൻജുറി ടൈമിലെ ഗോൾ ഒഴിച്ചുനിർത്തിയാൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ പകുതിയിൽ ഇരു ടീമുകളും.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഉണർന്നു കളിക്കുന്നതാണ് കണ്ടത്. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.
പ്രതിരോധത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാന്‍റെ മികച്ച പ്രകടനമാണ് ഗോവയുടെ വിജയത്തിൽ നിർണായകമായത്. 2017നു ശേഷം ബ്ലാസ്റ്റേഴ്സിന് ഗോവയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല.
പന്തടക്കത്തിൽ നേരിയ മുൻതൂക്കം മഞ്ഞപ്പടക്കായിരുന്നു. ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്.
വമ്പൻമാരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ടീമുകളോടും ബ്ലാസ്റ്റേഴ്സിന് ഈമാസം മത്സരങ്ങളുണ്ട്. സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽനിന്ന് അഞ്ച് ജയം, രണ്ടു സമനില, ഒരു തോൽവി ഉൾപ്പെടെ 17 പോയന്‍റാണ് മഞ്ഞപ്പടക്ക്.
സീസണിൽ ഇതുവരെ തോൽവിയറിയാതെയാണ് ഗോവയുടെ കുതിപ്പ്. ഏഴു മത്സരങ്ങളിൽ ആറും ജയിച്ച് 19 പോയന്‍റ്. ബംഗളൂരുവിനോട് ഗോൾരഹിത സമനില വഴങ്ങി.
#KeralaBlasters #IndianSuperLeague #KeralaBlasters #lost #FCGoa
