(www.truevisionnews.com) വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം ജയത്തോടെ കേരളം ഒന്നാമത്. ഗ്രൂപ്പ് എയിൽ ഇന്ന് പുതുച്ചേരിയെ 6 വിക്കറ്റിനു തകർത്ത കേരളം ഇതോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.

പുതുച്ചേരിയെ 116 റൺസിന് എറിഞ്ഞിട്ട കേരളം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 5 കളിയിൽ അഞ്ചും വിജയിച്ച് ഒന്നാം സ്ഥാനത്തായിരുന്ന മുംബൈയെ ഇന്ന് ത്രിപുര അട്ടിമറിച്ചതോടെയാണ് കേരളം ഒന്നാമതെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ തുടക്കം മുതൽ ബാക്ക്ഫൂട്ടിൽ തളച്ചിടാൻ കേരളത്തിനു സാധിച്ചു. 5 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിൽ കൂപ്പുകുത്തിയ പുതുച്ചേരിയെ ക്യാപ്റ്റൻ ഫാബിദ് അഹ്മദിൻ്റെ (44) ഒറ്റയാൾ പോരാട്ടമാണ് 100 കടത്തിയത്.
നാല് താരങ്ങൾക്ക് മാത്രമേ പുതുച്ചേരി ടീമിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. കേരളത്തിനായി അഖിൽ സ്കറിയയും സിജോമോൻ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി രണ്ടും അഖിൻ സത്താർ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (8) വേഗം മടങ്ങിയെങ്കിലും രോഹൻ കുന്നുമ്മൽ (23), വിഷ്ണു വിനോദ് (22) എന്നിവർ കേരളത്തിനു മുൻതൂക്കം നൽകി. അബ്ദുൽ ബാസിത്ത് (5) പെട്ടെന്ന് പുറത്തായി.
എന്നാൽ, അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയും ക്യാപ്റ്റൻ സഞ്ജു സാംസണും ചേർന്ന 37 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് കേരളത്തെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു.
സച്ചിൻ ബേബി 25 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ സഞ്ജു വെറും 13 പന്തുകളിൽ നിന്ന് 4 ബൗണ്ടറിയും 3 സിക്സറും സഹിതം 35 റൺസ് നേടി ക്രീസിൽ തുടർന്നു.
മുംബൈക്കെതിരെ വിജെഡി നിയമപ്രകാരം 53 റൺസിനായിരുന്നു ത്രിപുരയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ത്രിപുര നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ മുംബൈ 40.1 ഓവറിൽ 211 റൺസിനു മുട്ടുമടക്കുകയായിരുന്നു. തോൽവിക്കൊപ്പം മുംബൈയുടെ നെറ്റ് റൺ റേറ്റിലും സാരമായ ഇടിവുണ്ടായി.
ഇതാണ് കേരളത്തെ പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തിച്ചത്. അവസാന കളിയിൽ കേരളം റെയിൽവേയ്സിനെയും മുംബൈ ഒഡീഷയെയും നേരിടും.
#CRICKET #VijayHazareTrophy #Kerala #first #fifth #win
