(truevisionnews.com) അമ്മയുടെ നിരന്തരമായ പീഡനം തന്നെ വിഷാദരോഗിയാക്കി എന്ന പരാതിയുമായി മകൾ. ചൈനയിലെ ബെയ്ജിംഗിൽ നിന്നുള്ള 23 -കാരിയായ ഷിയോഗു എന്ന യുവതിയാണ് അമ്മയ്ക്കെതിരെ കോടതിയിൽ ഗാർഹിക പീഡന പരാതി നൽകിയത്.

അമ്മയുടെ മോശം പെരുമാറ്റവും ശകാരവും തന്നെ വിഷാദരോഗത്തിലേക്കും കടുത്ത മാനസികസമ്മർദ്ദത്തിലേക്കും തള്ളിവിട്ടു എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്.
എന്നാൽ, യുവതിയുടെ രോഗാവസ്ഥയും അമ്മയുടെ പെരുമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് കോടതിയിൽ തെളിയിക്കാൻ കഴിയാതെ വന്നതോടെ യുവതി നൽകിയ ഗാർഹിക പീഡന പരാതി കോടതി തള്ളി.
എന്നാൽ, യുവതിയെ മേലിൽ അകാരണമായി ശാസിക്കാനോ ശാരീരികമോ മാനസികമോ ആയി മുറിവേൽപ്പിക്കാനോ പാടില്ലന്ന് കോടതി അമ്മയ്ക്ക് നിർദ്ദേശം നൽകിക്കൊണ്ട് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചു.
വളരെ ചെറുപ്പം മുതൽ അമ്മ തന്നെ കാരണങ്ങളൊന്നുമില്ലാതെ ശാരീരികമായും വാക്കാലും ഉപദ്രവിക്കുന്നത് പതിവാണെന്നാണ് ഷിയോഗു പറയുന്നത്. പലപ്പോഴും അമ്മയുടെ മർദ്ദനമേറ്റ് താൻ ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും അവൾ പറയുന്നു.
2019 മുതൽ തനിക്ക് വിഷാദവും ഉറക്കക്കുറവും അനുഭവപ്പെട്ടു വരികയാണെന്നും അതിന് കാരണം അമ്മയുടെ മോശം പെരുമാറ്റം ആണെന്നുമാണ് 23 -കാരി ആരോപിക്കുന്നത്. ഒടുവിൽ 2021 -ൽ താൻ ഒരു യൂത്ത് ഹോസ്റ്റലിലേക്ക് താമസം മാറ്റിയതായും ഷിയോഗു വ്യക്തമാക്കി.
ആ കാലത്താണ് താൻ സമാധാനത്തോടെ ജീവിച്ചതെന്നും യുവതി പറയുന്നു. അമ്മയ്ക്കെതിരെ നൽകിയ പരാതിയിൽ തന്റെ മെഡിക്കൽ രേഖകൾ, ശാരീരികമായി ഏറ്റ ചതവുകളുടെയും മുറിവുകളുടേയും ഫോട്ടോകൾ, അമ്മ അപമാനിച്ചതിന്റെ ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയും അവർ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ, കോടതി തെളിവുകൾ പര്യാപ്തമല്ല എന്ന് ചൂണ്ടികാട്ടി ഗാർഹിക പീഡന പരാതി തള്ളികളയുകയായിരുന്നു. എന്നാൽ, മകളെ മർദ്ദിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ അമ്മയ്ക്ക് അവകാശമില്ല എന്ന് നിർദ്ദേശിക്കുന്ന സംരക്ഷണ ഉത്തരവ് കോടതി പുറപ്പടുവിച്ചു.
സംരക്ഷണ ഉത്തരവ് ലഭിച്ചപ്പോൾ താൻ ജീവിക്കാനുള്ള കാരണം കണ്ടെത്തിയെന്ന് ഷിയോഗു പറഞ്ഞു. ഷിയോഗു ഇപ്പോൾ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഗാർഹിക പീഡനത്തിനെതിരായി സംസാരിക്കുകയും, മാതാപിതാക്കളുടെ ദുരുപയോഗം നേരിടുന്ന കുട്ടികളെ സഹായിക്കുകയും ചെയ്യുന്ന ഒരു ഓൺലൈൻ ഇൻഫ്ലുവൻസറാണ് ഇവർ ഇപ്പോൾ.
#daughter #complained that her mother's constant torture made her depressed.
