കാൻപുർ: (www.truevisionnews.com) ഉത്തർപ്രദേശിലെ കാൻപുരിൽ അധ്യാപകൻ മരിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും ഇവരുടെ സഹായിയും അറസ്റ്റിൽ.

പ്രൈമറി സ്കൂൾ അധ്യാപകനായ ദഹേലി സുജൻപുർ സ്വദേശി രാജേഷ് ഗൗതം (40) മരിച്ച സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഊർമിള കുമാരി (32), ജഗത്പുരി പുരാണ ഷിവ്‌ലി റോഡിൽ താമസിക്കുന്ന ശൈലേന്ദ്ര സോങ്കർ (34), ഇവരുടെ സഹായി കകാദിയോയിലെ ശാസ്ത്രി നഗറിൽ താമസിക്കുന്ന വികാസ് സോങ്കർ (34) എന്നിവർ പിടിയിലായത്.
നാലാം പ്രതി സുമിത് കതേരിയയ്ക്കായി തിരച്ചിൽ നടക്കുകയാണ്. നവംബർ 4നു കൊയ്‌ല നഗറിലെ സ്വർണ ജയന്തി വിഹാറിലുണ്ടായ വാഹനാപകടത്തിലാണ് രാജേഷ് ഗൗതം മരിച്ചത്.
എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. മഹാരാജ്‌പുരിലെ സുബൗലി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ അധ്യാപകനായ രാജേഷ്, രാവിലെ നടക്കാൻ പോയപ്പോൾ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
മരത്തിലിടിച്ച് കാർ പൂർണമായും തകർന്നു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാൾ മറ്റൊരു കാറിൽ രക്ഷപ്പെട്ടു, സംഭവത്തിനു പിന്നാലെ രാജേഷിന്റെ ഭാര്യ ഊർമിള പൊലീസിൽ പരാതി നൽകിയിരുന്നു.
പരിശോധനയിൽ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയ പൊലീസ്, അന്വേഷണത്തിനായി നാലു സംഘങ്ങളെ വിന്യസിച്ചു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇതോടെയാണ് രാജേഷിന്റെ ഭാര്യ ഊർമിളയ്ക്കും ഇവരുടെ കാമുകൻ ശൈലേന്ദ്ര സോങ്കറിനും മറ്റു രണ്ടു പേർക്കും ഇതിൽ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്.
‘‘കൊലപാതകം നടത്താൻ ഊർമിള ഡ്രൈവർമാരായ വികാസ് സോങ്കറിനെയും സുമിത് കതേരിയയെയും 4 ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്തു.
നവംബർ നാലിന് രാവിലെ രാജേഷ് നടക്കാൻ ഇറങ്ങിയ ഉടൻ ശൈലേന്ദ്രയെ ഊർമിള വിവരമറിയിക്കുകയും ഇയാൾ അത് വികാസിനെ അറിയിക്കുകയും ചെയ്തു. വികാസ് കാറിൽ എത്തി രാജേഷിനെ പിന്നിൽനിന്ന് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരത്തിൽ കുടുങ്ങിയതിനാൽ സാധിച്ചില്ല. പിന്നീട് സുമിത് മറ്റൊരു കാറിൽ എത്തി വികാസുമായി സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു’’– എസിപി ദിനേശ് കുമാർ ശുക്ല പറഞ്ഞു.
രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും തട്ടിയെടുത്തശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഊര്‍മിള കൊലപാതകം ആസൂത്രണം ചെയ്തതെന്നും എസിപി വ്യക്തമാക്കി.
അധ്യാപകനായിരുന്ന രാജേഷ് ഇതിനു പുറമെ റിയൽ ഇസ്റ്റേറ്റ് ബിസിനസ് ഉൾപ്പെടെയും നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള കുറ്റം സമ്മതിച്ചതായും ഘതംപൂര്‍ എസിപി ദിനേശ് കുമാര്‍ ശുക്ല അറിയിച്ചു.
#crore #husband's #property #live #with #lover; #Teacher's #wife #killed #after #being #hit #car #arrested
