www.truevisionnews.com അസംഭവ്യമായത് പ്രതീക്ഷിക്കുക - ഇങ്ങനെയൊരു ബോർഡ് കണ്ട ഓർമ്മയുണ്ട്. വലിയ കയറ്റിറക്കങ്ങളുള്ള വയനാടൻ ചുരത്തിലെ വളവുകളിലായിരുന്നോ ... അതോ മൂന്നാറിലേക്കോ കൊടൈക്കനാലിലേക്കോ പോകുമ്പോഴോ ...ഏതായാലും അത്തരം ഒരു മുന്നറിയിപ്പു ഫലകം ഇനി നാട്ടിൽ വേണ്ടിടത്തൊക്കെ വെക്കുന്നത് നന്നാവും.

ഒട്ടേറെ കുടുംബങ്ങളെയും അനേകം കൂട്ടുകാരെയും കണ്ണീരിലാഴ്ത്തിയ കുസാറ്റ് ദുരന്തംപോലൊന്ന് ഇനി ആവർത്തിച്ചുകൂടാ. ഓർക്കാപ്പുറത്തെ അശനിപാതങ്ങൾക്ക് , എന്തിനെയും മറികടക്കുന്ന ചില യാദൃഛികതകൾക്ക് ഒരു കരുതലും ബാധകമല്ലെങ്കിലും നേരിയൊരു സൂചന .
കണ്ണിൽ വന്നുപെട്ടു കൊള്ളണമെന്ന ഉറപ്പില്ലാത്ത ചിലതുണ്ടാകുമല്ലോ എവിടെയും, ഏതു കാര്യത്തിലും . അതിലേക്ക് ഒരു വിരൽ ചൂണ്ടൽ. ചരേക്കണേ മക്കളേ ... ( ശ്രദ്ധിക്കണേ) എന്നു പണ്ട് കാരണവന്മാർ പറയുംപോലെ ...
കേരളത്തിലെ കഴിഞ്ഞ പ്രളയകാലംമുതൽ മുരളി തുമ്മാരുകുടി നമുക്ക് സുപരിചിതനാണല്ലോ. അന്താരാഷ്ട്രതലത്തിൽ അത്യാഹിതഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അനുഭവ സമ്പന്നൻ. അദ്ദേഹം കോഴിക്കോട്ട് ഒരു പൊതുപരിപാടിക്കു വന്നപ്പോൾ സാന്ദർഭികമായി പറഞ്ഞ വാക്കുകൾ മനസ്സിൽ തികട്ടിവരികയാണ്.
"ഏതു ഹാളിൽ കടക്കുമ്പോഴും പ്രവേശന വഴിയും പുറത്തേക്കുള്ള മാർഗവും ഞാൻ നോക്കിവെക്കും. അടച്ചിടുന്ന വാതിലുകളാണെങ്കിൽ തുറക്കുന്ന രീതിയും പരീക്ഷിച്ച് ബോധ്യം വരുത്തും. അതൊരു ശീലമാണ്, എത്ര തിരക്കിലാണെങ്കിലും " . വൈദ്യുതിപ്രവാഹം മുടങ്ങി ഹാൾ പെട്ടെന്ന് ഇരുട്ടിലായ ഇടവേളയിൽ നിർത്തേണ്ടിവന്ന സംസാരം തുടരുകയായിരുന്നു അദ്ദേഹം.
ഹാളിന്റെ കവാടങ്ങളിലേക്ക് മാറി മാറി നോക്കിക്കൊണ്ട് ആദ്യം അദ്ദേഹം പറഞ്ഞത് ഇങ്ങനെ : " ഞെട്ടിപ്പോയി. വല്ല മിന്നലാക്രണവുമാണോ എന്നു പേടിച്ച്. ഭീകരരെ എവിടെയും പ്രതീക്ഷിക്കണമല്ലോ - ക്ഷണിക്കപ്പെട്ട് വന്ന വേദിയിലാണെന്നത് ശരി, എന്നാലും ... സംഘാടകരുടെ ആലോചനയിൽ എല്ലാം വന്നുകൊള്ളണമെന്നില്ലല്ലോ. പുറത്തേക്കുള്ള വഴിയിലേക്ക് കുതിക്കാനൊരുങ്ങുകയായിരുന്നു എന്റെ കാലുകൾ ".
ഏതു സങ്കീർണ സാഹചര്യത്തിലും ഐക്യരാഷ്ട്ര സഭ ഏല്പിക്കുന്ന ദൗത്യങ്ങൾ വരെ നിർവഹിച്ചു പരിചയിച്ച തുമ്മാരുകുടി ഒരു പക്ഷേ, അത്രയൊന്നും ഭയപ്പെട്ടിട്ടുണ്ടാവില്ല. വൈദ്യുതി നിലയ്ക്കുമ്പോൾ തനിയെ സ്റ്റാർട്ടാവുന്ന ഒരു ജനറേറ്റർ ഏർപ്പാടാക്കാത്ത സംഘാടകരെ ഒന്ന് തോണ്ടിയതും ആവാം.
അല്ലെങ്കിൽ അവർ മുൻകൂട്ടി കാണേണ്ട ചിലത് ഭംഗിപൂർവം ധ്വനിപ്പിച്ചതാവാം. അല്ലാതെ ആതിഥേയരെ അദ്ദേഹം സംശയിച്ചിട്ടുണ്ടാവില്ല. നാടിന്റെ നന്മമുഖങ്ങൾ നിറഞ്ഞ സദസ്സിനെ അവിശ്വസിക്കാനും ഇടയില്ല. എന്നാൽ , പ്രസംഗത്തിനിടെ വീണുകിട്ടിയ അവസരത്തിൽ അദ്ദേഹം ധരിപ്പിച്ചത് ഏവരും എന്നായാലും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ്.
കുസാറ്റ് അത്യാഹിത വാർത്ത കേട്ടപ്പോൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചതും ആ വാക്കുകളുടെ നിത്യപ്രസക്തിതന്നെ. ആഹ്ലാദനിമിഷങ്ങൾ പൊടുന്നനെ തീരാദുഃഖത്തിന്റെ ആഴക്കയങ്ങളിലേക്ക് തെന്നിപ്പതിച്ച സംഭവം ആദ്യത്തേതല്ല. സ്കൂൾകുട്ടികളുടെ ഉല്ലാസയാത്രയെ കണ്ണീരിൽ മുക്കിയ തട്ടേക്കാട് ദുരന്തത്തിന്റെ നീറ്റൽ ഇന്നും വിട്ടുമാറിയിട്ടില്ല.
2007 ഫെബ്രുവരി 20 നായിരുന്നു 18 കുട്ടികൾ മരിച്ച ആ ബോട്ടപകടം. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർഥികൾ കയറിയ ബോട്ട് തടാകത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വിദ്യാർത്ഥികളുടെ പഠന - വിനോദ യാത്രകൾക്ക് പ്രത്യേക മാർഗ നിർദേശങ്ങളും നിബന്ധനകളും കൊണ്ടുവന്നത് അന്നത്തെ അനുഭവ പാഠത്തിൽനിന്നാണ്.
എറണാകുളം ജില്ലയിൽ പരിസരത്തെ സ്കൂളിൽ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നായിരുന്നു അക്കാര്യത്തിൽ തീരുമാനമെടുത്തത്. അതേപോലെ മിനിമം നിയന്ത്രണങ്ങളെങ്കിലും ഒട്ടും വൈകാതെ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തണം. വരാവുന്ന ആൾക്കൂട്ടത്തെക്കുറിച്ച് വലിയ ധാരണയോടെയൊന്നുമല്ല പലേടത്തും ജനകീയ സംഗമങ്ങൾ ഒരുക്കുന്നത്.
വേദിയുടെ സുരക്ഷാ ക്രമീകരണം സുഭദ്രമാക്കുകയോ അതത് മേഖലയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാറുമില്ല. കാഡർ സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾക്ക് ഏതാണ്ട് രംഗങ്ങളിലും സൂക്ഷ്മ നിരീക്ഷണ സംവിധാനമുണ്ടാകും. അതുപോലെയല്ല മറ്റു പല സംഘാടനവും .
കുസാറ്റിലേത് വ്യാപകമായ പ്രചാരണമൊന്നും നൽകാത്ത ക്യാമ്പസ് ഗാനമേളയായിരുന്നു. പൊതുജനങ്ങൾ അമിതമായി ഒഴുകിയെത്തിയ പ്രശ്നവും അവിടെ ഉണ്ടായിട്ടില്ല. എന്നിട്ടും സഭവിച്ചതോ - നാടിനെയാകെ നടുക്കിയ അത്യപൂർവ ദുരന്തം. അകാലത്തിൽ അടർന്നകന്നുപോയ മക്കളേ, നിങ്ങൾക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ...
അമേരിക്കയിലെ മെംഫിസിൽ ശനിയാഴ്ച കാലത്ത് (നവംബർ 25 ന് ) പ്രാതലിനും മുമ്പാണ് കുസാറ്റ് ദുരന്തം അറിയുന്നത് - 24 ചാനലിലെ പ്രഭാതവാർത്തയിൽ . തൽക്ഷണംതന്നെ. തെറ്റിപ്പോയതല്ല, ഇന്ത്യയിലെ വെള്ളിയാഴ്ച സന്ധ്യ ഇവിടെ പിറ്റേന്ന് രാവിലെയാകും. (നിലവിൽ പന്ത്രണ്ടര മണിക്കൂർ വ്യത്യാസം ) .
ആയിരക്കണക്കിന് കിലോമീറ്റർ അകലെയായിട്ടും അര മണിക്കൂറിനകം ദുരന്തത്തിന്റെ വിശദാംശങ്ങൾ വരെ എത്തി. നോക്കണേ - വാർത്താ വിനിമയ മണ്ഡലത്തിലെ വിസ്മയക്കുതിപ്പ്. ദൂരത്തെയും വേഗത്തെയും കാലത്തെയും പിടിച്ചടക്കിയ അതിശയിപ്പിക്കുന്ന മാറ്റം .
പഴയ തിരുവിതാംകൂറിലെ പല്ലനയാറ്റിൽ മഹാകവി കുമാരനാശാൻ ബോട്ടുമറിഞ്ഞ് മരിച്ചത് മലബാറിൽ അറിഞ്ഞത് ഒരാഴ്ച കഴിഞ്ഞായിരുന്നു. 1924 ജനുവരി 14 നായിരുന്നു ആ ബോട്ടപകടം. ആശാനുൾപ്പെടെ 24 പേർ മരിച്ചു . ആ വാർത്ത ആലപ്പുഴയ്ക്ക് പുറത്ത് തിരുവനന്തപുരം - കൊച്ചി ഭാഗങ്ങളിൽ അറിയുന്നത് മൂന്നു ദിവസത്തിനു ശേഷമാണ് .
തിങ്കളാഴ്ചത്തെ ദുരന്തം ബുധനാഴ്ച അച്ചടിച്ച് പിറ്റേന്ന് പുറത്തിറങ്ങിയ മലയാള മനോരമയിലൂടെ തെക്കൻ പ്രദേശങ്ങളിൽ . ശനിയാഴ്ച പ്രിന്റ് ചെയ്ത് പിറ്റേന്ന് പുറത്തെത്തിയ മാതൃഭൂമിയിലൂടെ വടക്കോട്ടും . അന്ന് ആഴ്ചയിൽ ഒരു ദിവസമേ വാർത്താപത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ.
വാർത്തകൾ എത്രയും നേരത്തേ കിട്ടുന്നത് നല്ലതുതന്നെ. പക്ഷേ, പരിശോധനയില്ലാതെ എല്ലാം പുറത്തുവിടുന്നതിന്റെ വിന നിസ്സാരമല്ല. തൽസമയം വാർത്ത കൈകാര്യം ചെയ്യുന്നതിലെ പക്വതയില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ വേറെയും. മരിച്ചവരുടെ പേരും മേൽവിലാസവും വരെ ഔദ്യോഗികമായി സ്ഥിരീകരിക്കുംമുമ്പേ വെളിപ്പെടുത്തുകയാണ്.
തന്നെയുമല്ല, ഏറ്റവും ഉറ്റവരുടെ അതിദാരുണ വേർപാട് , തനിച്ചിരിക്കുമ്പോൾ കേൾക്കേണ്ടിവരുന്നവരെ ഒന്ന് സങ്കല്പിച്ചുനോക്കൂ ; വയസ്സായ ഹൃദ്രോഗികൾ അടക്കമുള്ളവരെ. അധിക വീടുകളിലെയും ജോലിയുള്ള അംഗങ്ങൾ പകൽ പുറത്തായിരിക്കും. പ്രായാധിക്യമുള്ളവർ ആശ്വാസം തേടി സിനിമയോ സീരിയലോ കാണുന്നതിനിടയ്ക്കായിരിക്കും ഫ്ലാഷ് ന്യൂസ് ചാടി വീഴുന്നത്. അങ്ങനെ താങ്ങാനാവാത്ത ആഘാതത്തിലുള്ള മരണം ഒറ്റപ്പെട്ടതല്ലാതായിട്ടുണ്ട്, ആത്മഹത്യയും . എന്നാൽ, മുഴുവൻസമയ വാർത്താ ചാനലുകാരുടെ അനാരോഗ്യകരമായ മൽസരത്തള്ളലിൽ ഇത്തരം ചിന്തകൾക്കൊക്കെ എവിടെ സ്ഥാനം ...?

Article by കെ വി കുഞ്ഞിരാമൻ
ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം, ന്യൂസ് എഡിറ്റർ
#CUSAT #DISASTER #KOCHI #KALAMASSERY
