(www.truevisionnews.com) കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതിയുടെ ലക്ഷ്യം. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങൾ.
തീരത്തടുക്കാതെ തുഴയാൻ തുടങ്ങിയിട്ട് നാളേറെയായി. എല്ലാവരും ഉണ്ടായിട്ടും ആരോരും ഇല്ലാതെ ചോർന്നൊലിക്കുന്ന കൂരയിൽ അവർ അന്തിയുറങ്ങി.
രോഗവും ക്രൂരവിധിയും ഇഴചേർന്ന ഊരാക്കുടുക്കിൽ യൗവ്വനമത്രയും എരിഞ്ഞമർന്നു. ഒരു ചെറുവിരൽ ഒന്ന് ഊന്നി തള്ളിയാൽമതി അവരുടെ വാതിൽ തുറക്കാൻ. ഒരു മഴത്തുള്ളി ഒന്ന് ആക്കത്തിൽ പതിച്ചാൽമതി അവളുടെ മേൽക്കൂര തകരാൻ.
ഷീറ്റോ, തുണിയോ, ഓലയോ? എന്തെന്നറിയാത്ത മറക്കുള്ളിൽ അവർ കാലം കഴിച്ചുകൂട്ടി. ഇത്തരത്തിൽ അതിദാരിദ്ര്യത്തിൽ കഴിയുന്നവർ. അവർക്ക് വേണ്ടത് അടച്ചുറപ്പുള്ള ഒരു വീടാണ്. കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് എന്തിനാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോയും ബ്രാന്‍റിംഗും.
അർഹതപ്പെട്ട വിഹിതവും സഹായധനവും ലഭ്യമാക്കാൻ കേരള സർക്കാർ പല തവണകളായി ശ്രമിക്കുന്നു. ശുപാർശകൾ എല്ലാം തട്ടിത്തെറിപ്പിച്ചു കൊണ്ട് ബ്രാന്‍റിംഗിന് വേണ്ടി വീരവാദം മുഴക്കുന്നത് എത്ര നീചമായ അവസ്ഥയാണ്.
മനുഷ്യന്റെ ദാരിദ്ര്യത്തേയും നിസ്സഹായതയേയും ചൂഷണം ചെയ്യാനുള്ള ഈ കൗശലം ആരിൽനിന്ന് ഉദിച്ചതാണെങ്കിലും അത് പരിഷ്‌കൃത സമൂഹം വാഗ്ദാനം ചെയ്യുന്ന മാനവികതയുടെ ലംഘനമാണ്.
സ്വന്തമായി വീട് എന്നത് മനുഷ്യനായി പിറന്ന ആരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പരസഹായങ്ങളിലൂടെ ലഭിച്ചതാണെങ്കിലും അത്, എൻ്റെ വീട് എന്നു പറയാനാണ് അതിൻ്റെ ഉടമ ആഗ്രഹിക്കുക.
എന്നാൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭവനരഹിതരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നിലപാടാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ലൈഫ് പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന വീടിന്റെ മുമ്പിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോയും പ്രധാനമന്ത്രിയുടെ പടവും വയ്ക്കണമെന്ന കേന്ദ്രനിർദേശം പാവപ്പെട്ടവന്റെ അഭിമാനത്തിന് ചാപ്പ കുത്തുക തന്നെയാണ്.
അങ്ങനെ ചെയ്തില്ലെങ്കിൽ കേന്ദ്രവിഹിതം തടയുമെന്ന ഭീഷണിയെ മനുഷ്യാവകാശ ലംഘനമായേ കാണാനാവൂ. ചെലവിന്റെ 18 ശതമാനം തുക മാത്രം നൽകിയിട്ട് ഈ വീടുകൾക്ക് മുമ്പിൽ കേന്ദ്രസർക്കാരിന്റെ പണം കൊണ്ടാണ് നിർമിച്ചതെന്ന ബോർഡും പ്രധാനമന്ത്രിയുടെ പടവും വയ്ക്കണമെന്നതിനേക്കാൾ നാണംകെട്ടതായി മറ്റെന്തുണ്ട്.
പൊറുത്തുപോരുന്ന വീട് ദാനം കിട്ടിയതെന്ന് എഴുതിവച്ച് അതിനുള്ളിൽ ആർക്കെങ്കിലും ആത്മാഭിമാനത്തോടെ അന്തിയുറങ്ങാനാകുമോ? തൊഴിലുറപ്പ് പദ്ധതികളിലൂടെ സ്വകാര്യ പറമ്പുകൾ ഇപ്പോൾ സിമന്റ് കട്ടകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആനുകൂല്യങ്ങൾ എല്ലാം വെട്ടിക്കുറച്ചിട്ടും മുന്നോട്ട് പോകുന്ന ഇത്തരം പദ്ധതികളിലും, കേന്ദ്ര പദ്ധതിയെന്ന് ബോര്‍ഡെഴുതി ബ്രാന്‍റിംഗിന് വേണ്ടി നിലവിളി കൂട്ടുന്ന കേന്ദ്ര സർക്കാർ ഇതെല്ലം ആരുടെ നികുതി പണം എന്ന് കൂടി ഓർക്കേണ്ടതുണ്ട്.
ഒരുപക്ഷെ നവകേരള സദസിൽ എത്തുന്ന ആയിരങ്ങൾ കൈയിൽ പിടിച്ചിരിക്കുന്നത് സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തിലേക്കുള്ള അപേക്ഷയാവാം. ലഭിച്ച അപേക്ഷയിൽ ഏറെയും അന്തിയുറങ്ങാനുള്ള വീടിനാണ്.
അതിനാൽ അർഹപ്പെട്ടവർക്കു വീടും ആത്മാഭിമാനത്തോടെ അന്തിയുറങ്ങാനുള്ള സാഹചര്യവും ഒരുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ല, ബാധ്യത തന്നെയാണ്. ഇതെല്ലാം ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് ആരാണ് ഇവരെ ബോധ്യപ്പെടുത്തുക.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
Why the Prime Minister logo and branding for the houses built with the tax money of the people of Kerala?