www.truevisionnews.com അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരിയാണ് എന്‍ ശങ്കരയ്യ.
എണ്ണമറ്റ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ നായകന്‍. 1964ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഒരാള്‍.
1931 മാര്‍ച്ച് 23ന് ഭഗത്സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തെരുവിലിറങ്ങി പ്രതിഷേധിച്ച ജനക്കൂട്ടത്തില്‍ ഒരു ഒമ്പതു വയസ്സുകാരനുമുണ്ടായിരുന്നു- നരസിംഹലു ശങ്കരയ്യ.
പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. മധുരയിലെ അമേരിക്കന്‍ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് അവസാനവര്‍ഷ ബിരുദപരീക്ഷക്ക് ഒരാഴ്ച ബാക്കിയുള്ളപ്പോൾ കോളേജ് ഉപേക്ഷിച്ചു ജയിലിൽ പോയി.
സ്വാതന്ത്ര്യം കിട്ടിയ ദിവസം ജയിലിൽനിന്ന് ഇറങ്ങി. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ സ്വതന്ത്ര ഇന്ത്യയിൽ വീണ്ടും ജയലിലായി. സ്വാതന്ത്ര്യ സമര പെൻഷൻ വേണ്ടെന്ന് വെച്ചു. എ.കെ.ജി.യുടേയും ഈ.എം.എസ്സിന്റേയും സുന്ദരയ്യയുടേയും ഒപ്പത്തിനൊപ്പം പാര്‍ട്ടിക്കായി നടന്നു. ഈയടുത്ത് തമിഴ്നാട് സർക്കാർ ആദരിച്ചപ്പോൾ അത് കൈപ്പറ്റി, കൂട്ടത്തിൽ കിട്ടിയ 10 ലക്ഷം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നൂറു വയസ്സ് പിന്നിട്ടിട്ടും എന്‍. ശങ്കരയ്യ ബൗദ്ധികതലത്തില്‍ തന്റെ വിപ്ലവവീര്യം കൊണ്ട് നിറഞ്ഞു നിന്നിരുന്നു.
ഏറെക്കാലം സിപിഐ എമ്മിന്റെ തമിഴ്നാട് സെക്രട്ടറി. 1967, 1977, 1980 തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് നിയമസഭാംഗം. തമിഴ്‌നാട്ടിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായും, പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാനുമായിരുന്നു.
ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോളം വലിപ്പമെത്തിയ,ബ്രിട്ടീഷ് വാഴ്ചയിലും,കോൺഗ്രസ് ആധിപത്യ കാലത്തും 18 വർഷം ജയിലിൽ കഴിഞ്ഞ എൻ.ശങ്കരയ്യയ്ക്ക് ഡി.ലിറ്റ് നൽകി ആദരിക്കുവാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ അതിനെതിരെയും തമിഴ്നാട് ഗവർണർ സംഘപ്രചാരകൻ തടസ്സം സൃഷ്ടിച്ചിരുന്നു. ഇന്ത്യയെ ഒറ്റിയ സംഘ് രാഷ്ട്രീയത്തിന്റെ തമിഴ്നാട് പ്രതിനിധിയിൽ നിന്ന് ഇന്ത്യയെ മെനഞ്ഞ കൈകൾ അദ്ദേഹത്തിന്റേതായിരുന്നു. തമിഴ്നാട് ഗവർണ്ണറിൽ നിന്നും ഏറ്റുവാങ്ങാതെയിരുന്ന ഡി ലിറ്റുമായിട്ടാണ് എൻ ശങ്കരയ്യ യാത്രയാവുന്നത്.
അഭിമാനകരമായ ഒരു കൗതുകമെന്നതുപോലെ ഈ യാത്രയിലും അദ്ദേഹം നമ്മളെ വിസ്മയിപ്പിക്കുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏതു കാലത്തേക്കുമുള്ള വറ്റാത്ത പ്രചോദനത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും അവിസ്‌താമരണീയ ഉറവിടം.
ദേശിയവും തദ്ദേശിയവുമായി നടന്ന ഒട്ടേറെ സാമൂഹിക മുന്നേറ്റ സമരങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും സ്‌തുത്യർഹമായ നേതൃത്വമാവുകയും ചെയ്തിട്ടുണ്ട്.
അസംഘടിതരും ചൂഷിതരുമായിരുന്ന ജനസമൂഹത്തിനു വേണ്ടി സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ സമര ജീവിതം. രാക്ഷ്ട്രീയ ജീവിതവും അനശ്വരമായ ഓർമകളും എന്നെന്നും തലമുറകളിൽ ആവേശം ജനിപ്പിക്കും.
#How #many #centuries #struggle #sagas#one #human #life
