(www.truevisionnews.com) ഇത് ചരിത്രമല്ലെങ്കിൽ പിന്നെന്താണ് ചരിത്രം! സോവിയറ്റ് പട്ടാളവും അമേരിക്കൻ പിന്തുണയുമുള്ള മുജാഹിതീനുകളും തമ്മിലുള്ള പോരാട്ടങ്ങൾ അഫ്ഗാൻ മണ്ണിനെ ചോരയിൽ മുക്കിയ കാലം.

പാകിസ്താനിലെ അഭയാര്‍ത്ഥി ക്യാമ്പുകൾ ആയിരുന്നു അവരുടെ ലക്ഷ്യം. അതിജീവനത്തിനായി പലരും കൈക്കുഞ്ഞുങ്ങളുമായി ഓടി. ആധുനിക അഫ്‌ഗാന്റെ ക്രിക്കറ്റ് ചരിത്രം ആരംഭിക്കുന്നത് ക്യാമ്പുകളിലെ പാക്കിസ്ഥാൻ പട്ടാളക്കാരിൽ നിന്നാണ്.
കൗതുകം ഏറിയപ്പോൾ തെരുവിലും റോഡിലും കളിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാൻ കുട്ടികളോടൊപ്പം അവരും ചേർന്നു. അഭയാർത്ഥി ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ അവർ ആ കളിയെ സ്വന്തം മണ്ണിലേക്കും പടർത്തി. പക്ഷ അതത്ര എളുപ്പമായിരുന്നില്ല.
വർഷങ്ങൾ നീണ്ട യുദ്ധം ബോംബ് സ്പോടനങ്ങൾ ഇതിനെയെല്ലാം അതിജീവിച്ച് ക്രിക്കറ്റ് ആ മണ്ണിൽ നിലയുറച്ചു. ബാല്യകാലത്തിന്റെ നിറങ്ങൾ ഇല്ലാത്ത ആ അഭയാർഥി കുട്ടികളിൽ അവരിൽ ചിലരെയെങ്കിലും ഇന്ന് നിങ്ങൾ അറിയും.
അനിശ്ചിതത്വത്തിന്റെ അങ്ങേത്തലത്തിൽ നിന്ന് പലായനങ്ങളും ആഭ്യന്തരയുദ്ധങ്ങളും അഭയാർഥിത്വവും മാത്രമാണ് അഫ്ഗാൻ ചരിത്രം.
ക്രിക്കറ്റിനോടുള്ള തങ്ങളുടെ അങ്ങേയറ്റത്തെ അഭിനിവേശവും അർപ്പണ മനോഭാവവും കൊണ്ട് മാത്രം ഒരു കൂട്ടം ക്രിക്കറ്റ് കളിക്കാർ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് അഫ്ഗാൻ ക്രിക്കറ്റിന്റേത്.
അതുകൊണ്ട് തന്നെ 2023 ക്രിക്കറ്റ് കിരീടം ആര് നേടിയാലും ഈ ടൂർണമെന്റിൽ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തുക അഫ്ഗാൻ നയിച്ച അസാമാന്യ പോരാട്ടത്തിന്റെ പേരിലായിരിക്കും എന്ന് സംശയമില്ലാതെ പറയാം.
അഫ്ഗാനെക്കാൾ ഭംഗിയായി ഏകദിന ക്രിക്കറ്റിലെ സമവാക്യങ്ങളും മുൻധാരണകളും കാറ്റിൽ പറത്തി ചരിത്രം തിരുത്തിയെഴുതാൻ അർഹതയുള്ള വേറൊരു ടീമുമില്ല.
യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും പ്രകൃതി ദുരന്തങ്ങളും കൊണ്ട് വീർപ്പു മുട്ടുന്നൊരു ജനതക്ക് എല്ലാം മറന്നാഹ്ലാദിക്കാൻ അവരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പോരാളികൾ നൽകുന്ന സുന്ദരമായ കുറച്ചു ദിവസങ്ങൾ.
അവർ അത് ആസ്വദിക്കുകയായിരുന്നു. ഒൻപത് മത്സരങ്ങളിൽ അതിൽ നാലിലും ജയം. തോൽപ്പിച്ചത് മുൻ കിരട ധാരികളായ ഇംഗ്ലണ്ട്, പാകിസ്ഥാൻ ശ്രീലങ്ക എന്നീ ടീമുകളെ. കൂട്ടത്തിൽ ഡച്ച് പടയെയും. ലോകചാമ്പ്യാന്മാരെ വരെ ഞെട്ടിച്ചു സെമിഫൈനലിനരികിൽ വീറോടെ പൊരുതി ആണ് അവർ മടങ്ങിയത്.
2001-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അംഗീകാരം അഫ്ഗാൻ നേടി. എന്നാൽ ആ സന്തോഷത്തിന് അധിക നാൾ ആയുസുണ്ടായില്ല.
അമേരിക്കയിലെ വേൾഡ് ട്രെഡ് സെൻഡറിൽ സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കൻ വിമാനങ്ങൾ അഫ്ഗാനിസ്താന് മുകളിലൂടെ മരണം വിതച്ചു പറന്ന് തുടങ്ങി.
കെടുതികൾക്ക് നേരിയ ശമനം ഉണ്ടായപ്പോൾ അവർ വീണ്ടും ബാറ്റും പന്തുമെടുത്ത് തേരുവിലിറങ്ങി. 2006 ലെ ഏഷ്യൻ ക്രിക്കറ്റ് ട്രോഫിയിലെ സെമി ഫൈനൽ പ്രവേശനവും, 2007 ലെ എ സി സി കിരീടം പങ്കു വെച്ചതുമെല്ലാം അഫ്ഗാൻ ക്രിക്കറ്റിന്റെ വരവറിയിക്കുന്നവയായിരുന്നു.
വെറും 20 വർഷങ്ങൾ കൊണ്ടാണ് അഫ്ഗാൻ ഈ നേട്ടങ്ങൾ എല്ലാം എത്തിപ്പിടിച്ചത്. 2010 ട്വന്‍റി-ട്വന്‍റി മത്സരത്തോടെയാണ് ലോകകപ്പ് ക്രിക്കറ്റിലേക്കു വരുന്നത്. പിന്നീട് അതിവേഗത്തിലായിരുന്നു അവരുടെ വളർച്ച.
ഓസ്ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന 2015 ലോകകപ്പിൽ ഇടം പിടിക്കാനായത് അഫ്ഗാനെ ഒരു പടി കൂടി ഉയർത്തി. പരാചയങ്ങളാണ് തുടരെ ടീമിനെ കാത്തിരുന്നത് എങ്കിലും, സ്കോട്ട്ലാന്റിനെതിരായ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ആദ്യജയം അവർ നേടിയെടുത്തു.
എല്ലാം മറന്ന് അഫ്ഗാൻ ആരാധകർ തുള്ളിച്ചാടിയ നിമിഷം. 2018 ൽ ഏറ്റവും മികച്ചവർക്കു മാത്രം ലഭിക്കുന്ന ടെസ്റ്റ് പദവിയും അവർ സ്വന്തമാക്കി. ഈ നേട്ടങ്ങളിൽ എത്തിയതിന് ഇന്ത്യക്കും ബിസിസിഐയ്ക്കും അഭിമാനിക്കാൻ ഏറെയുണ്ട്.
സ്വന്തം നാട്ടിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കാനാകാതെ വന്നപ്പോൾ മൈതാനമൊരുക്കി നൽകിയത് ഇന്ത്യയാണ്.
സാമ്പത്തിക ശേഷിയില്ല, അടിസ്ഥാന സൗകര്യമില്ല, ഹോം ഗ്രൗണ്ടില്ല, രാഷ്ട്രീയ സ്ഥിരതയുമില്ല ഇതിനെല്ലാം പുറമെ താലിബാൻ സർക്കാരിന്റെ വെല്ലുവിളികളും. അതുകൊണ്ടു തന്നെ മറ്റേതു ടീമിന്റെ വിജയത്തേക്കാളും അഫ്ഗാൻ ടീമിന്റെ വിജയം മധുരമുള്ളതാണ്.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Afghan #RisingStar #Afghan #learned #game #refugeecamps
