(truevisionnews.com) വാഗൺ ട്രാജഡിക്ക് സമാനമായ അനുഭവമായി മലബാറിലെ ജനറൽ കോച്ചുകളിലെ തീവണ്ടിയാത്ര. മലബാറും, പരശുറാമും ഉൾപ്പെടയുള്ള വണ്ടികളിൽ തിരക്കിൽ ശ്വാസംമുട്ടി യാത്രക്കാർ കുഴഞ്ഞുവീഴുന്നത് ഇപ്പോൾ പതിവാണ്.

കഴിഞ്ഞ രണ്ടുദിവസവും വൈകുന്നേരത്തെ പരശുറാമിൽ തിരക്ക് താങ്ങാനാവതെ ഒരു വിദ്യാർത്ഥിയടക്കം രണ്ടുപേർ കുഴഞ്ഞുവീണിരുന്നു.
വന്ദേഭാരത് ട്രെയിനിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതും സമയക്രമീകരണം പാളിയതിനാൽ യുദ്ധമുറികളായി തീവണ്ടികൾ മാറിയെന്നും ജനറൽ കംപാർട്ടുമെന്റുകളിൽ സൂചികുത്താനിടമില്ലതെ ജനങ്ങൾ നട്ടം തിരിയുന്ന കാഴ്ച്ചകൾ . ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതോടെ കോഴിക്കോട് - മംഗളൂരു യാത്ര അക്ഷരാർത്ഥത്തിൽ ദുരിതമാണ്.
കയറാൻ പറ്റുന്നതിന്റെ അഞ്ചിരട്ടിയിലധികം യാത്രക്കാരാണ് രാവിലത്തെയും വൈകിട്ടത്തെയും ട്രെയിനിൽ ഉള്ളത്. ഗുസ്തി പിടിച്ചും ആൾക്കാരെ ചവിട്ടിയൊതുക്കിയും മാത്രമെ കംപാർട്ടുമെന്റിൽ കയറാനാകൂ.
ട്രെയിൻ സമയം അൽപം മുന്നോട്ടോ പിറകോട്ടോ മാറ്റിയാൽ ഈ അവസ്ഥ മാറ്റാമെന്നാണ് യാത്രക്കാർ പറയുന്നത്. നാഗർകോവിലിൽ നിന്നും വരുന്ന പരശുറാം എക്സ്പ്രസ് വൈകിട്ട് നാലിന് കോഴിക്കോട്ടെത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പുറപ്പെടുന്നത്.
ഈ പിടിച്ചിടൽ ഒഴിവാക്കിയാൽ തലസ്ഥാനത്തുനിന്നും വരുന്ന രോഗികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. ആരോഗ്യമുള്ളവർ ട്രെയിനിലേക്ക് ഇടിച്ചുകയറിയപ്പോൾ അതിനു സാധിക്കാത്തവർ വീണ്ടും അടുത്ത ട്രെയിനുള്ള കാത്തിരിപ്പു തുടരുന്നു.
രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ യാത്ര ജോലിയെക്കാൾ കൂടുതൽ സമ്മർദമാണ്. കയ്യിലെ ബാഗ് നഷ്ടപ്പെടാതിരുന്നാൽ ഭാഗ്യം.
സ്ത്രീകളുടെ കാര്യമാണു കൂടുതൽ കഷ്ടം. ഡബിൾ ഷിഫ്റ്റാണ് പലരെയും കാത്തിരിക്കുന്നത്. വീട്ടിലെത്തിയാൽ തുടങ്ങുകയായി വീട്ടുജോലികളുടെ നൈറ്റ് ഷിഫ്റ്റ്. ഇടിച്ചുകുത്തി യാത്രചെയ്യുന്ന യാത്രക്കാർ തിരക്കിൽ നിന്നു തലനീട്ടിയാണ് ശ്വാസമെടുക്കുന്നത്.
യാത്രയിൽ ഓക്സിജൻ സിലിണ്ടറും കൂടെ കരുതേണ്ടി വരുന്ന സമാനമായ അവസ്ഥ. ദീർഘദൂരവണ്ടികൾക്കായി പിടിച്ചിട്ടു തുടങ്ങിയതോടെ ശ്വാസംകിട്ടാതെ പല സ്റ്റേഷനുകളിലും കാത്തുകിടക്കേണ്ട ഗതികേടിലാണ് മറ്റു വണ്ടികളിലെ യാത്രക്കാർ. പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ഷൊർണൂർ-കാസർഗോഡ് പാതയിൽ പുതുതായി ഒരു വണ്ടി വേണം എന്ന ആവശ്യം ശക്തമാണ്.
കൂടുതൽ ജനറൽ കോച്ചുള്ള ഒരു ട്രെയിനെങ്കിലും തിരക്കുള്ള സമയത്ത് മലബാറിൽ എത്തുന്ന രീതിയിൽ ഷൊർണൂർ മംഗളൂരു മെമു വന്നാൽ ആശ്വാസമാകും.
വൈകിട്ട് അഞ്ചരക്ക് ശേഷം കോഴിക്കോട് വിട്ടാൽ ഗുണം ചെയ്യും. പ്രശ്നപരിഹാരം ഇല്ലാത്തതിൽ യാത്രക്കാർ പലയിടങ്ങളിലും 'ദുരിത യാത്ര' എന്നെഴുതിയ ബാഡ്ജ് ധരിച്ച് യാത്ര ചെയ്ത് പ്രതിഷേധിക്കുകയാണ്.
ജനറൽ കോച്ചുകൾ കൂട്ടിയാലേ തിരക്ക് ഒരുപരിധി വരെ കുറക്കാനാകൂ. അഞ്ചുവർഷം മുമ്പ് പരശുറാമിലെ കൊച്ചുകൾ കുറച്ചതിനെതിരെ കോടതിയിൽ പരാതി വന്നിരുന്നു. അന്ന് 22 കോച്ചുകൾ വച്ച് പരാതി പരിഹരിച്ചു.
പിന്നീടിത് 21 ആക്കി. നാഗർകോവിലിൽ പ്ലാറ്റ് ഫോം സൗകര്യമില്ലാ എന്നു പറഞ്ഞാണിത്. നിലവിൽ ബാക്കുവാൻ ഉൾപ്പെടെ 21 കോച്ചണുള്ളത്. ജനറൽ കംപാർട്ടുമെന്റുകളിൽ പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങിനിന്നാണ് യാത്ര.
വായുസഞ്ചാരംപോലും തടസ്സപ്പെടുന്ന യാത്രയാണിത്. യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറി. എന്നിട്ടും റെയിൽവേ അധികാരികൾ കണ്ടിട്ടില്ല. യാത്രക്കാരെ കഠിന ദുരിതത്തിലാക്കി നീങ്ങുകയാണ് ട്രെയിനുകൾ.
ഇതിനൊരു പരിഹാരം വേണ്ടേയെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. സർക്കാരും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ദുരിത ചൂളംവിളിച്ച് ട്രെയിനുകൾ യാത്രക്കാരുടെ ഓരോ ദിവസത്തെയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#passengers #short #breath #miserable #train #journey #malabar
