ഇഎംഎസ്സിനും, അച്യുതമേനോനും, നയനാർക്കും ശേഷം ദീർഘവീക്ഷണമുള്ള കരുത്തുറ്റൊരു നേതാവിനെ വിപ്ലവ പ്രസ്ഥാനം കേരളത്തിന് സമ്മാനിച്ചു. സഖാവ് വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി എസ്സ് വി എസ് അച്ചുതാനന്ദൻ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഒരു അസാധാരണ ജിനുസ്സിൽ പെടുന്നു. ഇന്ന് ശതാപ്തിയിലെത്തിയ അദ്ദേഹത്തിന്റെ 80 വയസിന് ശേഷമുള്ള ജീവിത സായാഹ്നത്തിലെ നിലപാടുകളും പ്രവർത്തനളുമാണ് വി എസ് നെ മറ്റു നേതാക്കളിൽ നിന്ന് മൗലികമായി വ്യത്യസ്തനാക്കുന്നത്.

അതിനു മുൻപുള്ള അദ്ദേഹത്തിന്റെ ജീവിതകാലം അപ്രധാനമോ ആദരം അർഹിക്കാത്തതോ ആണെന്നല്ല. പക്ഷെ അക്കാലത്തെ വി എസ്സിന്റെ ജീവിതത്തിനോടും പ്രവർത്തനത്തിനോടും സമാനമായ ജീവിതാനുഭവങ്ങൾക്ക് ഉടമകളായ ഒട്ടേറെ പേരുണ്ടാകാം. അദ്ദേഹത്തിന്റെ അനാഥമായ ശൈശവം, ദരിദ്ര പൂർണമായ കൗമാരം,
ധീരവും സമര തീക്ഷ്ണവുമായ യവ്വനം, കൊടിയ പീഠാനുഭവങ്ങൾ, സാഹസികമായ ഒളിജീവിതം ദീർഘമായ കാരാഗൃഹവാസം, ക്ലേശകരവും സമർദ്ദവുമായ സംഘടനാ പ്രവർത്തനം ഇവയിലൊക്കെ ഏറിയോ കുറഞ്ഞോ അദ്ദേഹത്തെ പോലെ തന്നെ കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാടു കമ്മ്യുണിസ്റ്റ് നേതാക്കൾക്കും പ്രവർത്തകർക്കും സമാനമായ അനുഭവങ്ങൾ ഉണ്ട്.
അപ്പോൾ ചോദിക്കാം എന്താണ് വി എസ്സിനെ അനന്യ സാധാരണൻ ആക്കുന്നത്?. ഒന്നാമത്തേത് രാക്ഷ്ട്രീയത്തിൽ നിന്നും ധർമ്മികമൂല്യങ്ങളും സദാചാരങ്ങളും അന്യമായി തീർന്നൊരു കാലത്ത്, അവയുടെ പ്രാധാന്യം ഉയത്തിപ്പിടിച്ചു എന്ന് മാത്രമല്ല അതിനായി പടവെട്ടുകയും സമൂഹത്തിലെ ഭൂരിപക്ഷത്തിനും അവയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ലെന്നും തെളിയിച്ചത് വി എസ്സ് ആണ്. അഴിമതിയൊക്കെതിരെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം നടത്തിയത് ഏറെക്കുറെ ഒറ്റയാൻ യുദ്ധമായിരുന്നു.
പണാധിപത്യം നടമാടിയ പുതിയ കാലത്ത് രാക്ഷ്ട്രീയ സദാചാരത്തിനും മറ്റും കാലഹരണം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ അദ്ദേഹം വേണ്ടി വന്നു. വി എസ്സിന്റെ ആ യുദ്ധത്തിന്റെ ഏറ്റവും വലിയ സവിശേഷത, സ്വന്തം പാർട്ടിക്കുള്ളിൽ പോലും മൂല്യശോഷണം ഏറ്റവും ശക്തമായി വന്ന കാലത്ത് അതിനെ ചെറുക്കൻ അദ്ദേഹം നടത്തിയ ഏകാംഗ പ്രതിരോധമാണ്. കേന്ദ്രത്തിൽ കോൺഗ്രസ് അഴിച്ചുവിട്ട ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലമായ തൊള്ളായിരത്തി തൊണ്ണൂറുകളുടെ കാലമാണ് ഇന്ത്യൻ രാക്ഷ്ട്രീയം പൂർണമായും പണാധിപത്യത്തിനു കീഴടങ്ങുന്നത്.
സ്വാതന്ത്ര സമര കാലം മുതൽ ശക്തമായിരുന്ന സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ അസ്തമയ കാലം, അക്കാലത്ത് തന്നെ യാദർശ്ചികം എന്നോണം ഉണ്ടായ സോവിയറ്റ് ചേരിയുടെയും സോഷ്യലിസ്റ്റ് ബദലിന്റെയും തകർച്ച പുത്തൻ മുതലാളിത്ത ആശയങ്ങൾക്കും മൂല്യങ്ങൾക്കും പുതിയ സമ്മതി നേടിക്കൊടുത്തു. മത നിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും കനത്ത ആഘാതമായ ബാബറി മസ്ജിദിന്റെ തകർച്ച ഇതേ കാലത്തായതും അത്ര യാഥർശ്ചികമല്ല. അതോടെ ഇന്ത്യൻ രാക്ഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ബിജെപിക്കും അത് പ്രതിനിധീകരിച്ച ഹിന്ദുത്വമത ശക്തികൾക്കും ലഭിച്ചു. ആദർശ രാക്ഷ്ട്രീയത്തിന് ഏറെ വിലയിടിഞ്ഞ കാലഘട്ടവുമായിരുന്നു അത്.
വി എസ്സിന്റെ യുദ്ധം പാർട്ടിക്കുള്ളിൽ നിന്ന് പൊതു സമൂഹത്തിലേക്ക് കാട്ട് തീ പോലെ പടരാൻ അധികം താമസിച്ചില്ല. രണ്ടു തവണ നിഷേധിച്ചിട്ടും വി എസ്സിന് സ്ഥാനാർഥി ടിക്കറ്റ് നൽകാൻ രണ്ടുതവണയും പാർട്ടി നേതൃത്വം നിർബന്ധിതമാകുന്ന അത്ഭുതപൂർണമായ സംഭവത്തിന് കേരളം സാക്ഷിയായി. വാർത്ത ചാനലുകൾ നയിച്ച പൊതു സമൂഹ സമ്മർദ്ദമായിരുന്നു അതിന്റെ പിന്നിൽ. പക്ഷെ അതിന്റെ മൂല ഇന്ധനമാകട്ടെ വി എസ്സ് ഉയർത്തിപ്പിടിച്ച ധർമ്മ യുദ്ധം തന്നെയായിരുന്നു എന്ന് സംശയമില്ല. പക്ഷെ പാർട്ടിക്ക് പുറത്ത് ജനപ്രിയ നായകനായി വളരുന്നതിനിടയിൽ സംഘടനയ്ക്കുള്ളിൽ തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ അദ്ദേഹത്തിനായില്ല.
പിണറായിയുടെ അമ്പരപ്പിക്കുന്ന സംഘടനാ തന്ത്രങ്ങളായിരുന്നു അതിന്റെ പിന്നിൽ. ഫലം വി എസ്സ് പാർട്ടിക്കുള്ളിൽ പരിചിതനായിതീർന്നു. എങ്കിലും വി എസിന്റെ യുദ്ധ ഘട്ടങ്ങളിൽ എപ്പോഴും ഉയർത്തിപ്പിടിച്ച രാക്ഷ്ട്രീയ ധാർമികത എന്ന ആശയം മാത്രം അന്തരീക്ഷത്തിൽ പ്രസക്തി നഷ്ടപ്പെടാതെ ഉയർന്നുനിന്നു. വി എസ്സിനെ അനന്യനാക്കുന്ന രണ്ടാമത്തെ സവിശേഷത, അത് രാക്ഷ്ട്രീയ മുഖ്യധാരാ അവഗണിച്ച സൂക്ഷ്മ രാക്ഷ്ട്രീയ പ്രശ്നങ്ങളെ വ്യവഹാര മധ്യത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ് എന്നതുതന്നെ.
തീർച്ചയായും അതിന് അദ്ദേഹത്തെ സഹായിച്ചത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഉപദേശക സംഘം ആണ്. പരിസ്ഥിതി സംരക്ഷണം സ്ത്രീ സുരക്ഷാ ലിംഗ സമത്വം നവലിബറലിസം തുടങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയർ വരെ നീണ്ടു അദ്ദേഹം ഉയർത്തിപ്പിടിച്ച സൂക്ഷ്മ രാക്ഷ്ട്രീയ വിഷയങ്ങൾ. നെൽവയലുകൾ നികത്തുന്നതിനെതിരെയും പശ്ചിമഘട്ടിത്തിലെ വനം കൊള്ളയ്‌ക്കെതിരെയും മൂന്നാറിലെ പരിസ്ഥിതി നാശത്തിനെതിരെയും സ്ത്രീ പീഠകർക്കെതിരെയും അദ്ദേഹം നയിച്ച പോരാട്ടങ്ങൾ മുഖ്യധാര രാക്ഷ്ട്രീയം ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.
ലോകമാകെയുള്ള ഇടതുപക്ഷ പാർട്ടികൾ സ്വാഭാവികമായി ഏറ്റെടുക്കുന്നവയായിരുന്നു ഈ വിഷയങ്ങളെങ്കിലും, ഇന്ത്യയിലെ പാർട്ടികൾക്ക് അത് പ്രധാനമായിരുന്നില്ല. ഇതൊക്കെയാണെങ്കിലും, ഇതിലെല്ലാം വി എസ്സിനെതിരെ ഉയരുന്ന ഒരു വിമർശനം ഉണ്ട്. അദ്ദേഹത്തിന്റെ ധാർമിക യുദ്ധങ്ങൾ എല്ലാം സംഘടനയിൽ അധികാരം പിടിക്കാനുള്ള അദ്ദേഹത്തിന്റെ യുദ്ധ തന്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ് ആ വിമർശനം, ഒരു പരിധിവരെ ഇത് ശരിയാകാം എങ്കിലും ആ തന്ത്രങ്ങൾ ഉയർത്തിയ വ്യവഹാരങ്ങളുടെ പ്രസക്തി അതുമൂലം കുറയുന്നില്ല.
മാത്രമല്ല നൂറു വയസിൽ ബോധാബോധങ്ങളുടെ മങ്ങുന്ന യുഗത്തിൽ കഴിയുമ്പോഴും ഇനി കാലയവനികയ്ക്കു പിന്നിൽ മറഞ്ഞാലും അദ്ദേഹം ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തി ഇന്ത്യൻ രാക്ഷ്ട്രീയത്തിലും കേരളം രാക്ഷ്ട്രീയത്തിൽ സവിശേഷമായും നിലനിൽക്കാതിരിക്കുകയില്ല എന്ന് ഉറപ്പ്. തീയിൽ കുരുത്ത നിലപാടുകളും പ്രവർത്തനങ്ങളും കൊണ്ട് മലയാളികളുടെ ജനനായകനായി മാറിയ വിപ്ലവ നേതാവ്.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Who #was #VS #Kerala?
