കോഴിക്കോട്: (truevisionnews.com) അമ്പതിന്റെ നിറവിലെത്തിയ രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ വർഷം നീളുന്ന ആഘോഷം തുടങ്ങി.
പാവമണി റോഡിലെ കോഴിക്കോട് വനിത സ്റ്റേഷനാണ് സുവർണ ജൂബിലി നിറവിലുള്ളത്. സിറ്റി പൊലീസിലെ അമ്പത് വനിത ഉദ്യോഗസ്ഥർ കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിലെത്തി രക്തംദാനം ചെയ്താണ് അമ്പതാം ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്.
രോഗികൾക്കായി മുടി ദാനം ചെയ്യൽ, ബോധവത്കരണ പരിപാടികൾ അടക്കമുള്ളവ വരും ദിവസങ്ങളിൽ നടക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെ വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തിയാണ് വനിത പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പാക്കിയത്.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് 1973 ഒക്ടോബർ 27ന് രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു വനിത സ്റ്റേഷന്റെ തുടക്കം.
1997 ഏപ്രിൽ അഞ്ചിനാണ് ഇന്നുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറിയത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്.
തിരുവനന്തപുരത്തുകാരി പത്മിനിയമ്മയായിരുന്നു വനിത സ്റ്റേഷനിലെ ആദ്യ എസ്.ഐ. സിറ്റി പൊലീസിന്റെ പരിധിയാണ് വനിത സ്റ്റേഷന്റെ ഭൂപരിധിയായി നിശ്ചയിച്ചത് എന്നതിനാൽ നഗരത്തിലെവിടെയുള്ളയാൾക്കും ഇവിടെ പരാതി നൽകാം. ആദ്യകാലത്ത് പരാതിക്കാരും എതിർകക്ഷികളുമെല്ലാം വനിതകളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി.
വനിത സ്റ്റേഷനെ മാതൃക പൊലീസ് സ്റ്റേഷനാക്കി മാറ്റുന്നതിന് കെട്ടിടം നവീകരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്.
വാർഷികാഘോഷ പരിപാടി മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ഡി.സി.പി കെ.ഇ. ബൈജു അധ്യക്ഷത വഹിച്ചു. അസി. കമീഷണർ പി. ബിജുരാജ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി രാജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. രഗീഷ്, വനിത സെൽ ഇൻസ്പക്ടർ പി. ഉഷ എന്നിവർ സംസാരിച്ചു.
#First #woman #police #station #50years #Celebrating #blood #donation