ലഖ്നോ: (truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച. വാരണാസിയിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.

ജോലി ആവശ്യപ്പെട്ട് യുവാവ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ അദ്ദേഹം വിമാനത്താവളത്തിലേക്ക് യാത്ര നടത്തുമ്പോഴാണ് സംഭവമുണ്ടായത്.
കൃഷ്ണകുമാർ എന്ന ബി.ജെ.പി പ്രവർത്തകനാണ് മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയതെന്നാണ് വിവരം. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് 20 മീറ്റർ അടുത്ത് വരെ ഇയാളെത്തി. ഉടൻ തന്നെ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.ഗാസിപൂർ സ്വദേശിയായ ഇയാളുടെ പിതാവ് മുതിർന്ന ബി.ജെ.പി പ്രവർത്തകനാണെന്ന് അധികൃതർ അറിയിച്ചു.
ഇയാൾക്ക് മാനസികാസ്വാസ്ഥമുള്ളതായി സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വാരണാസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നഗരത്തിൽ പുതുതായി നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടിരുന്നു.
2025 ഡിസംബറിൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പിയിലെ മൂന്നാമത്തെ സ്റ്റേഡിയമാണ് വാരണാസിയിൽ നിർമിക്കുന്നത്. കാൺപൂർ, ലഖ്നോ നഗരങ്ങളിലാണ് നിലവിൽ യു.പിയിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുള്ളത്.
#Security #breach #during #PrimeMinister #NarendraModi's #trip
