നിപയെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ എല്ലാം മികച്ചതാണ്. ജനങ്ങൾക്ക് സർക്കാരിനോടും സർക്കാരിന് ജനങ്ങളോടുമുള്ള പരസ്പരമായ സമീപനം കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം കുറിക്കുന്ന ആരോഗ്യപ്രവർത്തകർ, സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ ചികിത്സാ രംഗത്തേക്ക് കടന്നു വരുന്നത് സമൂഹത്തിന് എന്നും മുതൽക്കൂട്ടാണ്.

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി, ആത്മാര്‍ത്ഥ ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയില ഓരോ ആരോഗ്യപ്രവർത്തകരും. 2018, 2019,2021, 2023 എന്നിങ്ങനെ ആറ് വർഷത്തിനിടെ നാല് തവണയാണ് നിപ വൈറസ് കേരളത്തെ വിറപ്പിച്ച് കടന്നുപോയത്.
ഓരോ തവണയും സംസ്ഥാനം നേരിട്ട ആശങ്ക അത്രയേറെ വലുതായിരുന്നു. എന്നാൽ മൂന്നുതവണയും കേരളം നിപയെ തോൽപ്പിച്ചു. ഇപ്പോഴിതാ നാലാം തവണയും കേരള സർക്കാരിന്റെയും ലോകാരോഗ്യ സംഘടനകളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി നിപബാധയെ കേരളം നേരിടുന്നു.
കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനവും പ്രതിരോധസംവിധാനവും സാഹചര്യം മനസ്സിലാക്കി കൃത്യമായി പ്രവർത്തിച്ചതിനെ തുടർന്നാണ് വളരെ ആരംഭത്തിൽ തന്നെ ഈ രോഗബാധ കൃത്യമായി തിരിച്ചറിഞ്ഞതും അത് പടരാതെ തടയുവാൻ കഴിഞ്ഞതും എന്നതാണ് യാഥാർഥ്യം.
ആരോഗ്യ മന്ത്രി വീണ ജോർജ്, ഷൈലജ ടീച്ചറെ പിന്തുടർന്ന് കൊണ്ട് നിപയ്ക്കെതിരെ കോഴിക്കോട് നടത്തിയ ശ്രമം വളരെ മാതൃകാപരമാണ്. ജില്ലയിലെ തന്നെ മന്ത്രിയായ മുഹമ്മദ് റിയാസിന്റെ പ്രവർത്തന ഇടപെടലും ശ്രദ്ധേയമാണ്. നിപയുടെ ഒന്നാംഘട്ടത്തിൽ 16 പേരാണ് മരണമടഞ്ഞത്. അക്കൂട്ടത്തിൽ നിപ്പക്കെതിരെയുള്ള പോരാട്ടത്തിൽ അനശ്വര രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഒർമ്മകളിൽ നിന്നും കേരളം ഇന്നും വിട്ടുമാറിയിട്ടില്ല.
രോഗം ബാധിച്ച ആളുകളിൽ നിന്ന് സമ്പർക്കത്തിലേക്കുള്ള ആളുകളിലേക്ക് മണിക്കൂറുകൾക്കകം രോഗ വ്യാപനമുണ്ടായി. അന്നത്തെ സാഹചര്യങ്ങളിലെ വ്യക്തതക്കുറവ് പെട്ടന്നുള്ള മരണങ്ങൾക്കും കാരണമായി. നിപയുടെ രണ്ടാം ഘട്ടത്തിൽ രോഗവ്യാപനമില്ലാതെ ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്, അത് പെട്ടന്നു തന്നെ ചികിൽസിച്ചു ഭേദമാക്കാൻ ആരോഗ്യപ്രവർത്തകർക്കു സാധിച്ചു.
300-ലധികം ആളുകളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നതുമില്ല. 2021- ലാണ് കേരളത്തിലെ മൂന്നാംഘട്ട നിപ വൈറസ് ബാധ ആരംഭിച്ചത്. കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിനകത്ത് സ്ഥിതി ചെയ്യുന്ന പാഴൂർ ഗ്രാമത്തിലാണ് വൈറസ് പ്രാദേശികവൽക്കരിച്ചത്.
ഈ വൈറസ് സാന്നിധ്യം ഒരു ജീവൻ അപഹരിച്ചു. സംസ്ഥാനത്ത് 16 പേരുടെ മരണത്തിനിടയാക്കിയ ഒരു പൊട്ടിത്തെറിക്ക് ശേഷം മൂന്ന് വർഷത്തിനിപ്പുറമാണ് വീണ്ടുമൊരു മരണം നിപ സൃഷ്ടിച്ചത്. 2023-ൽ നിപയുടെ നാലാം ഘട്ടത്തിൽ ആറ് പേരിൽ രോഗം സ്ഥിരീകരിക്കുകയും അതിൽ രണ്ട് പേർ നിപയെ തുടർന്ന് മരണപ്പെടുകയും ചെയ്തു .
ബാക്കി ചികിത്സയിലുള്ളവരുടെയെല്ലാം ആരോഗ്യനിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നാലാംഘട്ട നിപയുടെ ഒരു വലിയഭാഗ്യം എന്ന് പറയുന്നത് വലിയരീതിയിൽ ആരോഗ്യപ്രവർത്തകർക്കാർക്കും തന്നെ രോഗ ബാധയുണ്ടായില്ല എന്നുള്ളതാണ്. കോവിഡിന് ശേഷം ആ രീതിയിലേക്ക് കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ വളർന്നിട്ടുണ്ട് എന്നുള്ള സൂചനയാണിത്.
കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നുവെന്ന സൂചന ആശ്വാസം നൽകുന്നുണ്ടങ്കിലും ഇതിനിടെ ഉയർന്നുവന്ന ചില ചോദ്യങ്ങൾ ഉത്തരം തേടുന്നു ണ്ട്. നിപ കേരളത്തെ പിടിച്ചുലയ്ക്കുന്നത് ഇത് നാലാംതവണയാണ്. വവ്വാലുകളിൽ നിന്നാണോ വൈറസ് പടരുന്നത് എന്നുള്ള കാര്യത്തിൽ വ്യക്തതക്കുറവുണ്ട്?
വൈറസ് ആദ്യമായി മനുഷ്യനിലേക്ക് എത്തുന്നതെങ്ങനെ എന്ന ഉറവിടം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത ഇല്ല? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം വ്യക്തമല്ലാത്തത് അത്രത്തോളം വെല്ലുവിളികൾ പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെയും, സർക്കാരിന്റെയും, സന്നദ്ധസംഘടനകളുടെയും പ്രവർത്തന ഫലമായി നിപയെ പ്രതിരോധിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടാവാം.
പുതിയ കേസുകൾ ഒന്നും രൂപപ്പെടാതെയും, നിയന്ത്രണങ്ങൾ എല്ലാം മാറി വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിപോവുകയും ചെയ്യുമ്പോൾ, സമൂഹം നിപയെ പതിയെ മറന്നു തുടങ്ങും. എന്നാൽ നമ്മൾ മനസിലാക്കേണ്ട ഏറ്റവും ഗൗരവകരമായ കാര്യം, 2018 -ല്‍ കോഴിക്കോട് ഒന്നാം നിപ പൊട്ടിപ്പുറപ്പെട്ട സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റർ വ്യത്യാസത്തിലാണ് നാലാം ഘട്ട നിപയുടെ ആദ്യ മരണം സ്ഥിരീകരിക്കുന്നതും.
അങ്ങനെയെങ്കിൽ കോഴിക്കോടിന്റ മലയോര പ്രദേശത്തെവിടെയോ നിപ മറഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. ഇതിന്റെ കാരണം മനസിലാക്കുന്നതിനായി, കേന്ദ്ര മൃഗസംരക്ഷണ വകുപ്പും, വൈറസ് സ്ഥിതിഗതികൾ വിലയിരുത്തുന്ന നിരീക്ഷണ സംഘങ്ങളും തുടരെ തുടരെ കേരളത്തിലെത്തുന്നുണ്ടെങ്കിലും ആവർത്തിച്ചു കൊണ്ടിരിക്കുന്ന നിപ വൈറസിന്റെ ആരംഭകേന്ദ്രത്തെ കുറിച്ച് വ്യക്തമായ വിവരം നൽകാനാവാത്തത് ഗൗരവകരമായ വിഷമായി സർക്കാർ വിലയിരുത്തേണ്ടതുണ്ട്.
നിപ ഭീതി അകലുന്നതോടുകൂടി ഈ വിഷയത്തെക്കുറിച്ചുള്ള പഠനവും പ്രവർത്തനങ്ങളും എല്ലാം അവസാനിക്കുന്നു. ഇത്തരത്തിൽ ഈ വിഷയത്തിന് ഒരു പരിഹാരം കണ്ടത്താനാകാതെ ഗവേഷണ സംഘം പാതിവഴിയിൽ പ്രവർത്തനത്തെ ഉപേക്ഷിച്ചുപോകുന്ന പ്രവണതയാണ് കാണുന്നത്. ഇനിയൊരു നിപയെ കേരളം അഭിമുഖികരിക്കാതിരിക്കാൻ നിപ എന്ന മഹാമാരിയെ വേരോടെ പിഴുതെറിയേണ്ടത് അത്യാവശ്യമാണ്.
ആരെല്ലാം ഒന്നിച്ച് പ്രവർത്തിക്കണം, ആരെയെല്ലാം ഉൾകൊള്ളിക്കണം, ഭീതിയൊഴിയുന്നതോടു കൂടി തുടർന്നുള്ള നിർമാർജന പ്രവർത്തങ്ങൾ എങ്ങനെയെല്ലാം എകീകരിക്കണം എന്നുള്ള കാര്യങ്ങളിൽ കേരളം മുൻകൈയെടുക്കണം. എന്തുതന്നെയായാലും മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന രീതിയിലേക്കുള്ള ഈ രോഗത്തെ തുടച്ചുനീക്കുന്നതിനുള്ള വലിയൊരു ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും കേരളത്തിലെ ഗവേഷണ ഡോക്ടർമാരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
Article by വിപിന്‍ കൊട്ടിയൂര്‍
SUB EDITOR , TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#nipah #How #does #virus #first #reach #humans? #Now #find #correct #answer
