( truevisionnews.in ) 'ഇന്ത്യ' എന്ന പേര് ഒരു സർക്കാരിന്റേതുമല്ല, രാജ്യത്തിന്റേതാണ് "ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു" എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.

ഭരണഘടനയുടെ പ്രധാന ശിൽപിയായ ഡോ.ബി. ആർ അംബേദ്ക്കറും ഭരണഘടനാ നിർമാണസഭയിൽ ചർച്ചകൾ നയിച്ച സമുന്നത നേതാക്കളും ഈ ഭരണതത്വ സംഹിതയിലെ ഓരോ വാക്യത്തിനും അവസാനരൂപം നൽകിയത് എല്ലാ തലങ്ങളിലുംപെട്ട വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരം നിലനിർത്താനും ബിജെപി എന്തും ചെയ്യുമെന്ന് ഗുജറാത്ത് വംശഹത്യയും ബാബറി പള്ളി പൊളിച്ചതുമൊക്കെ നമ്മെ പഠിപ്പിച്ചതാണ്. ഇപ്പോഴിതാ 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തിന്റെ പേരുപോലും വിവാദമാക്കുകയാണ്.
'ഇന്ത്യ' അതായത് 'ഭാരത്' എന്ന രാജ്യത്തിന്റെ പേരിൽ നിന്ന് ഇന്ത്യയെത്തന്നെ ഒഴിവാക്കാനാണ് നീക്കം. ജി-20 യുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ക്ഷണപത്രികയിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയാണ് തുടക്കം. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ട അഭ്യാസങ്ങളിൽ ഒന്നു മാത്രമാണ് ഈ ഭാരത തന്ത്രം. ഇതിന് മുമ്പ് ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്നാണ് നരേന്ദ്രമോഡി പേരിട്ടത്.
മതനിരപേക്ഷ ഇന്ത്യയ്ക്ക് ചേരുന്നതല്ല ഈ പേര്. പക്ഷേ ഉത്തരേന്ത്യയിലെ ശരാശരി ഹിന്ദുവിനേയും സന്യാസിമാരേയും പുളകം കൊള്ളിക്കാൻ ഇതിലൂടെ മോഡിക്ക് കഴിഞ്ഞു. പുളകങ്ങളെ വോട്ടാക്കി മാറ്റുന്ന നീചജനാധിപത്യത്തിന്റെ പ്രയോക്താക്കളായി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ മാറുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഉണ്ടാക്കി വയ്ക്കുന്ന മാനഹാനി വളരെ വലുതാണ്.
ഇന്ത്യ ഒഴിവാക്കി രാജ്യത്തിന്റെ പേര് 'ഭാരത് ' എന്നു മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്ന് ഇംഗ്ലീഷിൽ ഇന്ത്യയെന്നും ഹിന്ദിയിൽ ഭാരതി എന്നും മറ്റുള്ള ഭാഷകളിൽ രണ്ടു ഉപയോഗിക്കാം എന്നു പൊതുവേ കരുതിപ്പോരുന്ന പ്രചരണം മാത്രമാണ്.
ഒരു രാജ്യത്തിനു പേരിടുന്നതിന്റെ മുഴുവൻ ഗൗരവവും ഉൾക്കൊണ്ട്, വേണ്ടത്ര സമയമെടുത്ത് ബഹുതലങ്ങളിൽ ചർച്ചകൾ നടത്തിയും കണ്ടെത്തിയതാണ് ഈ പേര്. അതു മാറ്റുന്നതിലും അതേ ഗൗരവവും ശ്രദ്ധയും വിശദമായ ചർച്ചയും ഉണ്ടാവേണ്ടതല്ലേ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്ക, ഗ്രീസ്, ഇന്തോനീഷ്യ യാത്രകൾ സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പുസ്തകങ്ങളിലും 'പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്' എന്നാണുള്ളത്. രാജ്യത്തിന്റെ ഔദ്യോഗിക പേരാണ് 'ഭാരത്' എന്ന് ജി-20 പ്രതിനിധികൾക്കുള്ള 'ഭാരത്: ദി മദർ ഓഫ് ഡെമോക്രസി' എന്ന ലഘുലേഖയുടെ ആമുഖത്തിൽ പറയുന്നുമുണ്ട്.
ഇന്ത്യ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഭാരത് എന്നുപയോഗിച്ചു തുടങ്ങണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം അസമിൽ വച്ച് ആഹ്വാനം ചെയ്തിരുന്നു. ആർഎസ്എസ് മേധാവിയുടെ അഭിപ്രായം അതിവേഗം കേന്ദ്ര സർക്കാരിന്റെ തീരുമാനമായി മാറിയതും വിമർശിക്കപ്പെടേണ്ട കാര്യമാണ്.
ഇവിടെ, ബിജെപിയുടെ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്. ഇന്നലെ വരെ ബിജെപിക്ക് ഇന്ത്യയായിരുന്നു എല്ലാം. 'മേക്ക് ഇൻ ഇന്ത്യ' 'സ്റ്റാൻഡ് അപ് ഇന്ത്യ'... തുടങ്ങിയ മുദ്രാവാക്യങ്ങൾ, 'ഡിജിറ്റൽ ഇന്ത്യ', തുടങ്ങിയ ഔദ്യോഗിക പദ്ധതികൾ... ആസൂത്രണ കമീഷനെപ്പോലും 'നീതി ' ('NITI' -നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) ആയോഗ് എന്നാക്കി മാറ്റി.
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന ഹർജിയിൽ 2015ൽ മോദി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും രാജ്യത്തിന്റെ പേര് മാറ്റേണ്ടതില്ലെന്ന് നിലപാടെടുത്തു. ഹർജിയിൽ പറയുന്ന വിഷയങ്ങൾ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ വിപുലമായി ചർച്ച ചെയ്ത് ഐക്യകണ്ഠമായി അംഗീകരിച്ചതാണ്. അതിനാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് പരിഗണിക്കേണ്ടതില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഇന്ത്യയെന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെങ്കിൽ അതിനു ഭരണഘടനാ ഭേദഗതി വേണം. ഇന്ത്യയെന്നത് ഒഴിവാക്കുന്നില്ല. ഭാരത് എന്ന പ്രയോഗിക്കുന്നുവെന്നു മാത്രം എന്നാണു സർക്കാരിന്റെ വാദമെങ്കിൽ അതിലേക്കെത്തിച്ച തീരുമാനം ആരുടെ എന്ന ചോദ്യവുമുണ്ട്?.
തങ്ങളുടെ സഖ്യത്തിന് 'ഇന്ത്യ'യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് 'ഇന്ത്യ' ഒഴിവാക്കുന്നതെന്നാണു പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ നേതാക്കൾ ആരോപിക്കുന്നത് ഒരു കമാൻഡോ തീരുമാനം പോലെ, ഇത്രയും തിടുക്കത്തിൽ ഒഴിവാക്കേണ്ടതാണോ രാജ്യനാമങ്ങളിലൊന്ന് എന്ന ചോദ്യവും പരിഹരിക്കേണ്ടതില്ലേ.
ദൈവങ്ങളെയും മിത്തുകളേയും ഉയർത്തിക്കാട്ടി ശാസ്ത്രബോധത്തെ ഇല്ലാതാക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കും. കാരണം അധികാരം കൈയ്യാളുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. അധികാരത്തിന് മുന്നിൽ ദൈവവും മിത്തുമെല്ലാം ഉപകരണങ്ങളായി മാറും.
ഒമ്പതുവർഷത്തെ ബിജെപി ഭരണം രാജ്യത്തെ സാമ്പത്തികത്തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ്. എല്ലാ വികസന സൂചികകളിലും ഇന്ത്യ പിന്തള്ളപ്പെട്ടു. ആഭ്യന്തര രംഗത്ത് മണിപ്പൂരും, നൂഹും, ഗുരുഗ്രാമും മോദിയുടെ ഭരണപരാജയത്തിന്റെ സമീപകാല ഉദാഹരണങ്ങളാണ്.
നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആ ചിത്രത്തിന്റെ പുനരാവിഷ്കരണത്തിന് നരേന്ദ്ര മോദിയുടെ ഭരണത്തിൽ സാക്ഷ്യം വഹിക്കുന്നു.
സംഘപരിവാർ ഈ രാജ്യത്തെ ഏത് നരകത്തിലേക്കാണ് കൊണ്ടുപോയി കെട്ടുന്നത് എന്നതിന്റെ സൂചനയാണ് മണിപ്പൂരിൽ കാണുന്നത്. മാനവികതയുടെ ആഴങ്ങളിൽ, വാക്കുകൾക്ക് അതീതമായ നിമിഷങ്ങളുണ്ട്.
അവയുടെ ക്രൂരതയാൽ ഹൃദയം നുറുങ്ങുന്നു നിരപരാധികളായ പെൺകുട്ടികൾ ഇരയാക്കപ്പെടുകയും അവരുടെ മാനം തെരുവിൽ ഒരുകൂട്ടം ആക്രമികളാൽ അപഹരിക്കപ്പെടുകയും, അലറി കരഞ്ഞു കണ്ണീരു വറ്റിയ കണ്ണുകളാൽ നിസ്സഹായയായി മരണം വരിക്കുകയും ചെയ്യുന്ന നാടായി നമ്മുടെ രാജ്യം എങ്ങനെയാണ് മാറിയത്.
അതെല്ലാം മറച്ചുവച്ച് ജനത്തെ സമീപിക്കാൻ പുതിയ മുദ്രാവാക്യങ്ങൾ തേടുകയാണ് ബിജെപി. രാജ്യത്തിന്റെ പേരുമാറ്റം പോലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കവും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
ഈ പ്രസ്താവനകൾ സംശയാസ്പദമാണെന്നും അതിലെ രാഷ്ട്രീയം വ്യക്തമാണെന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഒരു നഗരത്തിന്റെയോ റെയിൽവേ സ്റ്റേഷന്റെയോ റോഡിന്റെയോ പേരുമാറ്റുന്നതുപോലെ അത്ര എളുപ്പത്തിലും വേഗത്തിലും ഏകപക്ഷീയവുമായാണോ ഒരു മഹാരാജ്യത്തിന്റെ പേരു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്?
ഈ മാസം ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പേരു മാറ്റത്തിനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. വിഭാവനം ചെയ്തവരുടെ സൂക്ഷ്മതയും ജനാധിപത്യബോധവും വ്യക്തമാക്കി വിശദ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രായോഗിക രൂപംകൊണ്ട നമ്മുടെ രാജ്യനാമങ്ങളിലൊന്ന് ഒഴിവാക്കണമെന്ന് അഭിപ്രായമുണ്ടെങ്കിൽ അതിനു തീരുമാനത്തിന്റെ രൂപം നൽകും മുൻപു പാർലമെന്റിലും പൊതുസമൂഹത്തിലും വിശദമായ ചർച്ച ഉണ്ടാവുക തന്നെ വേണം. പേര് ഒരു സർക്കാരിന്റേതുമല്ല, രാജ്യത്തിന്റേതാണ്.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Journalism And Communication kerala Media Academy, Kakkanad, Kochi
#name #india #belongs #country #bharat