(truevisionnews.com) നിപക്കെതിരെയുള്ള പോരാട്ടത്തിൽ അനശ്വര രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഒർമ്മകളിൽ നിന്നും കേരളം ഇന്നും വിട്ടുമാറിയിട്ടില്ല. സംസ്ഥാനത്ത് വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം നിപ സ്ഥിരീകരിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ തന്നെയാണ് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചത്. ഇതുപോലെയൊരു ദുരന്തകാലത്താണ് ലിനിയെ കേരളത്തിന് നഷ്ടമാകുന്നത്. മാരകമായ നിപ വൈറസ് ബാധിച്ച പേരാമ്പ്ര സൂപ്പിക്കടയിയിലെ രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി.
താൻ പരിചരിച്ച രോഗിയിൽനിന്ന് പകർന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. 2018 മെയ് 21നായിരുന്നു അവർ ഈ ലോകത്തോട് വിടപറഞ്ഞത്. 2018 ന് ശേഷം കേരളം അതുവരെ കണ്ടിട്ടില്ലാത്ത പല സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്.
2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാക്കി നിപ വൈറസ് എത്തി. അസാധാരണമായ സാഹചര്യത്തിലൂടെയായിരുന്നു അന്ന് കേരളം കടന്നു പോയത്. സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും ജനങ്ങളും ഒന്നിച്ച് വൈറസിനെ പൊരുതി തോൽപ്പിച്ചു.
നിപ ഒഴിഞ്ഞ ആശ്വാസത്തിലിരിക്കുമ്പോഴാണ് കേരളം പ്രളയത്തിൽ മുങ്ങിയത്. നിപയും പ്രളയവും തീർത്ത ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടയിൽ കൊറോണ വൈറസും എത്തി. ഇപ്പോഴിതാ നിപയുടെ രണ്ടാം വരവും. നിപ കാലത്തെ കുറിച്ചുള്ള ഓർമകളിൽ ഓരോ മലയാളിയുടേയും മനസ്സിൽ ആദ്യമെത്തുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്.
മരണം മുന്നില്‍ കണ്ടപ്പോഴും മക്കളുള്‍പ്പെടെയുള്ളവരെ കാണാതെ ആത്മധൈര്യം കൈവിടാതെ രോഗത്തോട് പൊരുതിയ ലിനിയെ കേരളം മറക്കില്ല. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥ ആതുര സേവനത്തിന്റെ മാതൃകയാണ്.
ലിനിയുടെ ഓര്‍മ്മകളില്‍ കഴിഞ്ഞ നാളുകളിലത്രയും ലിനിയുടെ കൈ പടയില്‍ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.
രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻെറ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ നിപയുടെ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.
ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. നിപയുടെ ഈ രണ്ടാം വരവിലെ പോരാട്ടത്തിലും ലിനിയുടെ ഓർമകൾ നമുക്ക് കരുത്തേകും.
#Nipah #takes #lives #How #will #this #timepass #without #remembering #SisterLini?