(www.truevisionnews.com) ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് പരകോടിയിലെത്തിയ 120 മിനിറ്റ്, ഒടുവില്‍ എന്തും സംഭവിക്കാവുന്ന പെനല്‍റ്റി ഷൂട്ടൗട്ട്, കടമ്പകളെല്ലാം താണ്ടി ആ സ്വര്‍ണ്ണക്കപ്പ് ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കൈകളിലേക്കെത്തിയിട്ട് ഒരു വർഷത്തേക്കടുക്കുന്നു.

ഒടുവില്‍ മെസ്സി ഒന്നരപതിറ്റാണ്ടിലധികം കാലം താലോലിച്ച സ്വപ്‌നം സഫലമാക്കി. കാല്‍പന്തുകളിയിലെ പുതിയ രാജാക്കന്‍മാരാകാനായി ഇന്ത്യയ്ക്കും ഒരവസരം കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണ്.
നമ്മൾ ചന്ദ്രനെ തൊട്ടു , ആദിത്യനടുത്തെത്തി ഇനിയെന്ന് ലോകകപ്പിന് പന്ത് തട്ടും...?
നമുക്കും കളിക്കളങ്ങൾ ഉണ്ടായിരുന്നു. മുളത്തണ്ടുകളും മരക്കോലുകളും ഗോൾപോസ്റ്റുകൾ ആയിരുന്ന കാലം, ക്ലാസ്സ് മുറികളിൽ ഡസ്റ്ററുകൾ ഫുട്ബോളുകളാക്കിയിരുന്ന കാലം. പക്ഷെ ഇന്ന് നമ്മൾ പലപ്പോഴും ഇന്നലകളെ മറക്കുന്നു. ഇന്നലകളെ നമ്മുടെ വികാരങ്ങൾ ടർഫിലേക്ക് പ്രതിഷ്ഠിക്കുന്നു.
പലപ്പോഴും നമ്മുടെ ജീവിതമാകുന്ന യാത്രയിൽ സ്വന്തം നിലനില്പിനായി ദൂരദേശങ്ങളിൽ യാത്രചെയ്യുമ്പോഴോ ബാല്യം കൈവിട്ട് പോകുമ്പോഴോ വർത്തമാനത്തിലേക്ക് ഓടുമ്പോഴോ നമ്മുടെ സ്വപ്നങ്ങളെ ഒരു പുൽ മൈതാനിയിലേക്ക് നയിക്കുകയാണ്. അങ്ങനെയാണ് ടർഫുകൾ ഉണ്ടാകുന്നത്. ടർഫുകളിൽ നമ്മുടെ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം വീണ്ടും ജന്മമെടുക്കുന്നു.
നാട്ടുമ്പുറങ്ങളിൽ പ്രഭാതം മുതൽ അന്തിയോളം നീളുന്ന കളികൾ ഇന്ന് ടർഫ് സംസ്കാരം വന്നതിൽ പിന്നെ ഫ്ലഡ്ലൈറ്റുകളുടെ വെളിച്ചത്തിൽ ഇരുട്ടിലേക്കും നീളുന്നു. കാൽപന്തുകളി മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരിയാണ്.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരളവും പ്രവാസികളായ ജനങ്ങളും പ്രായ ജാതിമത ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല. പുൽ മൈതാനസൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.
ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിൻറെ സംഭാവനയാണ്. അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും.
ഏതോ ദേശത്തിൽ നിന്ന് വന്ന് കാലം പന്ത് തട്ടുന്നത് പോലെ ഇവിടേക്കെത്തി. ഇവിടെനിന്ന് ഒരുകൂട്ടം ചെറുപ്പക്കാർ സ്കൂൾ മൈതാനങ്ങളിൽ നിന്നും പഞ്ചായത്ത് ഗ്രൗണ്ടുകളിൽ നിന്നും സ്വപ്നംകണ്ട് മെനഞ്ഞെടുത്തതാണീ വിനോദം.
പരസ്പരം അറിയാത്ത വ്യക്തിയുടെയും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു ഭൂമികയുടെയും ആരാധകരായി ഫുട്ബോൾ എന്ന വികാരത്തെ നെഞ്ചോട് ചേർത്ത് കഴിവുറ്റ താരങ്ങളേയും മലയാള മണ്ണിന് നൽകി ഈ ആഘോഷം.
നദീതടങ്ങളിലെ താൽക്കാലിക മൈതാനങ്ങളിൽ നിന്നും കൊയ്തെടുത്ത നെൽപ്പാടങ്ങളിൽ നിന്നും, കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് വലിയ രീതിയിൽ പുതിയ ടർഫിലേക്ക് പ്രവേശിച്ചു.
ഫുട്ബോൾ എന്ന വിനോദം മാത്രമല്ല ക്രിക്കറ്റും ടെന്നിസ്സുമെല്ലാം ഈ സംസ്കാരത്തിന്റെ ഭാഗമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത്തരം കൃത്രിമ ടർഫ് മൈതാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തിന് 500 ഓളം കൃത്രിമ ടർഫുകൾ ഉണ്ട്, അത് കായിക പ്രേമികൾ കൈകാര്യം ചെയ്യുന്നു. അവയിൽ പലതും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കകം വളർന്നു വന്നവയാണ്. വളർന്നുവരുന്ന ഫുട്ബോൾ കളിക്കാർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു വേദി നൽകിക്കൊണ്ട് ഈ ഫീൽഡുകൾ സംസ്ഥാനത്തിന്റെ ഗെയിം രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി.
ഒരു കാലത്ത് പൊടി നിറഞ്ഞ ഗ്രാമ ഗ്രൗണ്ടുകളിലേക്ക് ഓടിയിരുന്ന കളിക്കാർ, പച്ചപ്പുല്ലിൽ ടൈം സ്ലോട്ടുകൾ ബുക്ക് ചെയ്യുകയും എല്ലാ രാത്രിയും വാടകയ്ക്ക് പണം ശേഖരിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് ഗ്രൗണ്ടുകളിലേക്കും സ്കൂൾ ഗ്രൗണ്ടുകളിലേക്കുമുള്ള പ്രവേശനം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
മറ്റുള്ളവരുടെ പറമ്പിനേക്കാൾ ഇപ്പോൾ ആശ്രയിക്കുന്നത് എല്ലാവിധ സുഖ സൗകര്യങ്ങളും ഉള്ള ടർഫ് ഗ്രൗണ്ടുകളെയാണ്. ഏഴ് പേരടങ്ങുന്നതോ, പതിനൊന്ന് പേരടങ്ങുന്നതോ ആയ ടീമിന് നിശ്ചിത സമയത്തേക്ക് അനുവദിക്കുന്ന മൈതാനത്തിന്റെ വാടക തുക, ടീമംഗങ്ങൾക്ക് പങ്കിട്ടെടുക്കാൻ കഴിയുന്നു എന്നതും ടർഫുകളുടെ മേന്മയാണ്.
ഇന്ന് സ്വകാര്യ വ്യക്തികളുടേതായ നിരവധി കൃത്രിമ ടർഫുകൾ നമുക്ക് കാണാനാകും. അതുവഴി അവർക്ക് ലഭിക്കുന്ന ഓഹരിയും ചെറുതല്ലാത്തതാണ്. ഒരു ഉപഭോക്തൃസംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് കളിക്കളങ്ങൾ.
ഇതിനുവേണ്ടി കാശ് ചെലവാക്കിയാലും കുഴപ്പമില്ല എന്നൊരു സംസ്കാരം വളർന്നിരിക്കുന്നു. 1500 രൂപ മുതൽ 2500 രൂപ വരെ ഓരോ മണിക്കൂറിനും ഓരോ ടീമിൽ നിന്ന് ഈടാക്കുന്നു. ഒരു വ്യക്തിയിൽ നിന്ന് 200 രൂപയിൽ താഴെ മാത്രം ഒരു മണിക്കൂറിലേക്ക് ചെലവഴിക്കേണ്ടി വരുന്ന നിലയ്ക്കുള്ള സൗകര്യമായിട്ടാണ് ഇതിന് രൂപം നൽകിയിട്ടുള്ളത്.
പക്ഷെ കൊടുക്കുന്ന അന്തരീക്ഷവും സൗകര്യവുമെല്ലാം പരിശോധിക്കുമ്പോൾ ഈ പറയുന്ന സംഖ്യ കൂടുതലായിട്ട് കണക്കാക്കുന്നില്ല. അത്കൊണ്ട് തന്നെ ഈ ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഒരു പ്രൊഫഷണൽ കളിക്ക് ഉതകുന്നതാണ് ടർഫ്. ഇന്നാ പ്രൊഫഷനലിസം വന്നു തുടങ്ങിയിട്ടുണ്ട്.
നാല് അഞ്ച് കൊല്ലം മുൻപ് വരെ നാട്ടിലെ കേരളോത്സവങ്ങൾ മുഴുവൻ സങ്കടിപ്പിച്ചിരുന്നത് പഞ്ചായത്ത് ഗ്രൗണ്ടുകളിലാണ്, എന്നാൽ അതിപ്പോൾ ടർഫ് സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കാലം മാറുന്തോറും കളിക്കാരെ ആകർഷിക്കുന്ന തരത്തിലേക്കു ടർഫുകൾ വളർന്നിരിക്കുന്നു.
ഒരു ഇന്റർനാഷണൽ തലത്തിൽ കളിക്കുന്ന രീതിയിൽ അവർക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമെന്നുള്ളതാണ് ഈ ബിസിനസ്സിന്റെ ഏറ്റവും വലിയ പ്രത്യേകത.
സൂര്യനിരീക്ഷണ ദൗത്യമായ ആദിത്യ 1 ഉം ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചന്ദ്രയാൻ മൂന്നുമെല്ലാം ഇന്ത്യയുടെ പേര് വാനോളമുയർത്തി. കാൽപന്ത് കളിയെന്ന സംസ്കാരത്തിന് ഇന്ത്യയുടെ ഫുട്ബോൾ രാജാക്കന്മാരെന്ന പേര് എന്ന് ചേർക്കാനാകും.
# #From #lawn #turf #After #touching #moon #reaching #Aditya, #ball #hit #footballWorldCup