രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യം ആദിത്യ എല്‍ 1 ഇന്ന് (ശനിയാഴ്ച) ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. സൂര്യനെ കുറിച്ചുള്ള ഇന്ത്യയുടെ ആദ്യ പരിശ്രമമായ ആദിത്യ എല്‍ 1 ന് 368 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പി എസ് എൽ വി ,സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 നെ ബഹിരാകാശത്തേക്ക് അയക്കുന്നത് ,അഞ്ചുവർഷവും രണ്ടുമാസവും കാലാവധിയുള്ള ആദിത്യ എൽ 1 നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്താൻ നാലുമാസം വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്.
ചന്ദ്രൻ ,ചൊവ്വ പര്യവേക്ഷണത്തിൽ അത്യുന്നത വിജയം നേടി ബഹിരാകാശ കച്ചവടം 100 ബില്യൺ യുഎസ് ഡോളർ ആകാൻ പോകുന്ന സമയത്താണ് രാജ്യം സൂര്യനെ മനസ്സിലാക്കുവാൻ പുതിയ പേടകം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നുന്നത് . സൂര്യനെ കുറിച്ചുള്ള അറിവ് പൂർണ്ണമല്ല, സൂര്യൻ പ്രകടിപ്പിക്കുന്ന പല ആസ്വാഭാവിക പ്രതിഭാസങ്ങളും മനസ്സിലാക്കുവാൻ രാജ്യങ്ങൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
എന്താണ് സൂര്യൻ:-
ലോകത്തെ പ്രകാശിപ്പിക്കുന്ന ,ആവാസവ്യവസ്ഥയെ നിലനിർത്തുന്ന, ഭൂമിക്ക് ദിവസവും ഇന്ധനം നൽകുന്ന ഒരു ആകാശഗോളമാണ് സൂര്യൻ. ഭൂമിയിലെ ജീവജാലങ്ങളെല്ലാം നിലനിൽക്കുന്നത് സൂര്യന്റെ ചൂടും പ്രകാശവും ലഭിക്കുന്നത് കൊണ്ടാണ്. സൂര്യൻ ഭൂമിയുടെ അടുത്തുള്ള ഒരു നക്ഷത്രമാണ്.
1514 ൽ കോപ്പർ നിക്കസ്സ് ആണ് സൗരയൂഥ കേന്ദ്രത്തിലേക്ക് സൂര്യനെ കൊണ്ടുവരുന്നത്. അന്നുമുതൽ സൂര്യനെ കുറിച്ച് മനസ്സിലാക്കുവാനും, അറിയാത്ത പല പ്രതിഭാസങ്ങൾ ലളിതമായി ഗ്രഹിക്കുവാനും വിവിധങ്ങളായ ശ്രമം തുടങ്ങിയിരിന്നു.
സൂര്യൻ ഒരു നക്ഷത്രമാണെന്നും ന്യൂക്ലിയർ സംയോജനത്തിലൂടെയാണ് ഊർജ്ജം ഉണ്ടാക്കുന്നത് എന്നും മനസ്സിലാക്കി. ഹൈഡ്രജനും ഹീലിയവും അടങ്ങുന്ന വലിയ ഒരു വാതക ഭീമനാണ് സൂര്യൻ എന്ന് ലോകത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു. ഭൂമി ഉൾപ്പെടുന്ന ഗൃഹ താരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ എന്നും വിവക്ഷിക്കപ്പെട്ടു .
ഏതാണ്ട് 1392684 കിലോമീറ്റർ ആണ് സൂര്യന്റെ വ്യാസം ഇത് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പമുള്ളതാണ്.സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.8 6% വും സൂര്യനിലാണ് ഉള്ളത്. സൂര്യ പിണ്ഡത്തിൽ നാലിൽ മൂന്നു ഭാഗം ഹൈഡ്രജനും ബാക്കി ഹീലിയവും 2% ൽ താഴെ ഇരുമ്പ്, ഓക്സിജൻ ,കാർബൺ എന്നിവയാണ് ഉള്ളത്.
എന്തുകൊണ്ട് സൂര്യൻ?
സൂര്യൻ ഒരു മുഖ്യധാര നക്ഷത്രമാണ് ,അകത്തേക്ക് വലിക്കുന്ന ഗുരുത്വാകർഷണവും പുറത്തേക്ക് തള്ളുന്ന ഊർജ്ജവം തമ്മിലുള്ള സന്തുലിതാവസ്ഥയെ ആധാരമാക്കിയാണ് ഒരു നക്ഷത്രം മുഖ്യധാര നക്ഷത്രം ആണോ എന്ന് നിശ്ചയിക്കുക ഇവ രണ്ടും സമനിലയിൽ ആണെങ്കിൽ അതിനെ മുഖ്യധാര നക്ഷത്രം എന്നാണ് വിശേഷിപ്പിക്കുക, പ്രകാശവും ചൂടും പരത്തിക്കൊണ്ട് ഈ സന്തുലനം നഷ്ടപ്പെടുന്നത് വരെ സൂര്യൻ നിലനിൽക്കും.
സൂര്യന്റെ ഏറ്റവും അകത്തുള്ള ചൂട് 1.5 കോടി ഡിഗ്രി സെൽഷ്യസ് ആണ് .നമുക്ക് സുപരിചിതമായ സൂര്യന്റെ മുഖമായ ഫോട്ടോസ്പിയറിന് 100 കിലോമീറ്റർ ഖനം ഉണ്ട്. ഒരു ഹൈഡ്രജൻ വാതകമേഘം സാന്ദ്രികരിച്ചാണ് 457 കോടി വർഷങ്ങൾക്കു മുമ്പ് സൂര്യൻ രൂപപ്പെട്ടത് എന്ന് അനുമാനിക്കുന്നു.
സൂര്യൻ ഒരു മുഖ്യാ ധാര നക്ഷത്രമായി ചെലവഴിക്കുന്ന കാലയളവ് ആയിരം കോടി വർഷമാണ് എന്ന് പറയപ്പെടുന്നു. ജീവിതാന്ത്യത്തിൽ ഒരു സൂപ്പർ നോവയായി പൊട്ടിത്തെറിക്കാൻ ആവശ്യമായ പിണ്ഡം സൂര്യനിൽ ഇല്ല.
കാമ്പിലെ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് തീരുമ്പോൾ കാമ്പ് ചുരുങ്ങുകയും ചൂടുപിടിക്കുകയും തൽഫലമായി പുറംപാളികൾ വികസിച്ച് ചുവപ്പ് ഭീമൻ എന്ന ഘട്ടത്തിൽ സൂര്യൻ പ്രവേശിക്കുകയും ചെയ്യും.
കാമ്പിലെ താപനില 10 കോടി കെൾവിനായി വർധിക്കുമ്പോൾ ഹീലിയം അണുസംയോജനവും അതുവഴി കാർബൺ ഉത്പാദനവും ആരംഭിക്കും, ഇതോടെ സൂര്യൻ ചെറുതും ഇടത്തരവുമായ നക്ഷത്രങ്ങളുടെ വികസിച്ചുള്ള അസിംപ്റ്റോടിക്ക് Asymptotic giant ബ്രാഞ്ച് എന്ന ഗണത്തിൽ പ്രവേശിക്കും അന്ന് ഇന്ന് കാണുന്ന സൂര്യനേക്കാൾ 2000 ഇരട്ടി തിളക്കം ഉണ്ടാകും.
ഈ അവസ്ഥ ഭൂമിക്ക് പ്രയാസം സൃഷ്ടിക്കുകയും സൂര്യൻ ഭീമൻ രൂപത്തിൽ ആകുന്നതോടെ സൂര്യന്റെ വ്യാസാർത്ഥം 250 മടങ്ങ് വർദ്ധിച്ച് ഭൂമിയുടെ പരിക്രമണപഥം കടക്കും ഇത് സൂര്യൻ ഭൂമിയെ വിഴുങ്ങാൻ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. സൂര്യൻ അതിന്റെ ജീവിതചക്രത്തിലെ പകുതിഭാഗം പിന്നിട്ടു എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.
എന്താണ് എൽ1:-
ലഗ്രാഞജ്ജ് പോയിന്റ് എന്നതിന്റെ ചുരുക്കം പേരാണ് എൽ1. ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് ആദിത്യ എന്നാണ് പേരിട്ടതെതെങ്കിലും അതിന്റെ കൂടെ എൽ വൺ എന്ന് രേഖപ്പെടുത്തിയത് ഈ പേടകം ബഹിരാകാശത്തിലെ എൽ വൺ എന്ന ഭ്രമണ പഥത്തിലാണ് നിക്ഷേപിക്കുന്നത് എന്നതുകൊണ്ടാണ്.
സൂര്യനെ മനസ്സിലാക്കുവാനുള്ള പ്രധാന ലൊക്കേഷനാണ് എൽ പോയിന്റുകൾ.5 എൽ പോയിന്റുകളാണ് ബഹിരകാശത്ത് ഉള്ളത്.ഭൂമിയെ സൂര്യനുമായി ബന്ധിപ്പിക്കുന്ന ഒരു നേർരേഖ വരച്ചാൽ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള പോയിന്റാണ് ലഗ്രാജു പോയന്റ്.
ഭൂമിയോടുള്ള ഗുരുത്വാകർഷണബലവും സൂര്യനോടുള്ള ഗുരുത്വകാർഷണ ബലവും തുല്യമായതിനാലാണ് ഈ ഭ്രമണപഥം വിക്ഷേപണത്തിനായി തെരഞ്ഞെടുക്കുവാൻ കാരണം,ഈ ഭ്രമണപഥത്തിൽ നിന്നും പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയോ മറ്റ് ഗ്രഹങ്ങളോ നിഴൽ വീഴ്ത്തുന്നില്ല.
ഇത് സൂര്യനെ 24 മണിക്കൂറും ചുറ്റിക്കറങ്ങി സൂര്യന്റെ പുറം ഭാഗത്തെ താപ വ്യത്യായാഞങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലവും കണ്ടെത്താൻ സഹായിക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനും വാനനിരീക്ഷകനുമായ ജോസഫ് ലൂയി ലഗ്രാജിന്റെ ഓർമ്മക്കായാണ് ഈ പേര് നൽകിയത്.
സൂര്യനിലേക്കുള്ള ആകെ ദൂരത്തിന്റെ ഒരു ശതമാനമാണ് ഈ പോയിന്റ് എങ്കിലും സൂര്യനെ തടസ്സം ഇല്ലാതെ നിരീക്ഷിക്കുവാൻ ഈ സ്ഥലത്തുനിന്ന് സാധിക്കുന്നതാണ്. അമേരിക്കയുടെ സോഹോ എന്ന പേടകം ഈ പോയിന്റിൽ സൂര്യനെ ചുറ്റി നിരീക്ഷിക്കുന്നുണ്ട്.
ആദിത്യ എൽ 1 ൽ എന്തൊക്കെയാണ് ഉള്ളത്:-
ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിൽ നിന്നും പേടകത്തെ ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴിയാണ് ആദിത്യ 1 നെ വിക്ഷേപിക്കുക.
സൂര്യന്റെ ആകാശ ശരീരം അന്തർഭാഗത്ത് നടക്കുന്ന സ്ഫോടനങ്ങൾ, സൂര്യന്റെ കൊറോണയിലെ താപം, സൂര്യന്റെ പ്രഭാമണ്ഡലത്തിലെ പ്രവർത്തനങ്ങൾ, അച്ചുതണ്ട്,സൂര്യന്റെ ജ്വലന പ്രവർത്തനങ്ങൾ, സൂര്യനിലെ കാലാവസ്ഥ, സൂര്യന്റെ അന്തരീക്ഷത്തിലുള്ള കണികകളെ കുറിച്ചും പഠനം നടത്തുക എന്നതാണ് ആദിത്യ എൽ 1 ന്റെ ലക്ഷ്യം.
ഇതിനായി തദ്ദേശീയമായി നിർമ്മിച്ച ഏഴ് പേലോഡുകൾ ആണ് ആദിത്യ എൽ 1 ൽ ഘടിപ്പിച്ചിരിക്കുന്നത്.
1) VELC. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്
2) SUIT സോളാർഅൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് U
3)സോളാർ ലോ എനർജി എക്സ്ട്ര സ്‌പെക്ട്രോ മീറ്റർ
4) ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്‌പെക്ടറോമീറ്റർ
5)ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ്
6) പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ
7)മാഗ്നേറ്റോമീറ്റർ ഇതിൽ ആദ്യത്തെ നാല് പേലോഡുകൾ സൂര്യനെ കൃത്യമായി മനസ്സിലാക്കുവാനും ബാക്കി മൂന്നെണ്ണം എൽ 1 പ്രതലത്തെ കുറിച്ച് മനസ്സിലാക്കുവാനുമാണ് ഉപയോഗിക്കുക.
സൂര്യന്റെ പുറം ഭാഗത്തെ താപ വ്യതിയാനങ്ങൾ മനസ്സിലാക്കുക സൂര്യന്റെ ഉപരിതലം, ബാഹ്യ വലയങ്ങൾ എന്നിവ മനസ്സിലാക്കുവാനും കഴിയുന്നതാണ്,ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള സ്ഥലത്ത് നിന്നും സൂര്യനെ സദാ നിരീക്ഷിച്ചു കൊണ്ടാണ് ആദിത്യ എൽ 1 പ്രവർത്തിക്കുക.
2018ൽ പുറപ്പെട്ട അമേരിക്കയുടെ നാസ പാർക്കർ സോളാർ പ്രോബ് ആദിത്യ എൽ വണ്ണിന്റെ അഞ്ചു മടങ്ങ് ദൂരം സഞ്ചരിച്ചിട്ടുണ്ട്, നാളിതുവരെ സൂര്യനെ മനസ്സിലാക്കുവാൻ അമേരിക്ക 16 തവണ പര്യാവേക്ഷണം നടത്തിയിട്ടുണ്ട്.
സൂര്യന് മഞ്ഞനിറം ആണോ?
സൂര്യന്റെ യഥാർത്ഥ നിറം വെള്ളയാണ്, ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലമാണ് സൂര്യനെ മഞ്ഞനിറത്തിൽ കാണുന്നത്.15 കോടി കിലോമീറ്റർ ദൂരത്തുള്ള സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എട്ട് മിനിറ്റും 20 സെക്കൻഡും വേണം.
നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗീകരണം അനുസരിച്ച് സൂര്യനെ G2V എന്ന സ്പെക്ടര്‍ ക്ലാസിലാണ് ഉൾപ്പെടുത്തുന്നത് അതുകൊണ്ടാണ് സൂര്യനെ മഞ്ഞ നക്ഷത്രം എന്ന് വിശേഷിപ്പിക്കുന്നത്.
രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സുദിനമാണ് ഇന്ന്, പേടകം ഉദ്ദേശിച്ച ഭ്രമണ പഥത്തിൽ എത്താൻ 4 മാസം വേണമെങ്കിലും നമ്മുടെ പ്രതിഭകളായ ശാസ്ത്രജ്ഞൻമാരുടെ സമർപ്പിത സേവനം ആദിത്യ എൽ 1 പൂർണ വിജയമാകുമെന്ന് പ്രതീക്ഷിക്കാം അതിന് വേണ്ടി പ്രാർത്ഥിക്കാം
By
ടി ഷാഹുൽ ഹമീദ് 9895043496

Article by ടി ഷാഹുൽ ഹമീദ്
*
#India #Sun #journey #secrets #AdityaL1
