(www.truevisionnews.com) ഇന്ത്യയുടെ ബഹിരാകാശ ചരിത്രം തിരുത്തിക്കുറിച്ച് ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡ് ചെയ്തു.

ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് ശേഷം സൂര്യനെ ലക്ഷ്യമിട്ടാണ് ഇന്ത്യ കുതിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യം ആദിത്യ-എല്‍1 ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആദ്യത്തെ ഇന്ത്യൻ ഒബ്സർവേറ്ററി ക്ലാസ് മിഷനായ ആദിത്യ-എൽ1 ആഗസ്റ്റ് 26 ന് വിക്ഷേപിക്കുമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്. സൂര്യനെക്കുറിച്ചു പഠിക്കുന്നതിന് ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ നിരീക്ഷണ കേന്ദ്രമാണിത്.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. ഇവിടെനിന്ന് പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ പേടകത്തിന് കഴിയുമെന്നതാണ് പ്രത്യേകത.
ഗ്രഹണങ്ങളടക്കമുള്ളവ തടസമാകില്ല. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഈ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് പഠിക്കാനും ഈ ദൗത്യം വഴി സാധിക്കും.
സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും. ഇവിടെയുള്ള താപനിലയുടെ രഹസ്യങ്ങളിലേക്ക് ആദിത്യ ചൂഴ്‌ന്നിറങ്ങും.
സൂര്യന്റെ കാന്തികക്ഷേത്രം, സൗരവാതകങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെല്ലാം പഠിക്കും. സൂര്യനില്‍ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നത് അടക്കമുള്ള അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദിത്യ-എല്‍1 വഴി നമുക്ക് അറിയാനാവുമെന്നാണ് പ്രതീക്ഷ.
#AdityaL1 #ISRO's #firstsolarexploration #mission #Aditya-L1 #soon
