കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞ് . അത്ത പൂക്കളമൊരുക്കാൻ പാടത്തും പറമ്പിലും ഓടിനടക്കുന്ന ബാല്യം ഇന്ന് നമുക്കില്ല. ഓണത്തൊടിയിൽ പൂവിറുക്കാൻ നിങ്ങൾ കുഞ്ഞുങ്ങളെ വിടുമോ? ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്ത് പറ്റി?

ഒന്നുമറിയാത്ത കൊച്ചു കുഞ്ഞുങ്ങളെ പോലും അസുര കണ്ണുകളോടെ നോക്കുന്ന നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണോ ? ഈ ഓണക്കാലത്ത് നമ്മൾ ഏവരും ഓർക്കുന്ന ഒരു പാട്ടാണ് " മാവേലി നാടുവാണീടും കാലം ആപതൊന്നാർക്കുമൊട്ടില്ലതാനും" കേട്ടുവളർന്ന കഥകളിലേയും പാട്ടുകളിലെയും നാട് മാഞ്ഞു തുടങ്ങി.
പൂക്കൾ പറിച്ചും പാട്ടുകൾ പാടിയും ഓടിക്കളിച്ചും സന്തോഷത്തോടെ പുറത്തിറങ്ങി നടന്ന കുട്ടികൾക്ക് ഈ കാലഘട്ടത്തിൽ ഒന്ന് പുറത്തിറങ്ങാൻ പോലും ഭയമാണ്. അവരെ പുറത്തു വിടാൻ രക്ഷിതാക്കളും പേടിക്കുന്നു. പരുന്ത് റാഞ്ചാതിരിക്കാൻ തള്ളക്കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പോലെ ഓരോ അമ്മമാരും സ്വന്തം മക്കളെ ചിറകിനുള്ളിൽ ഒളിപ്പിക്കുകയാണ്.
പരുന്തിൻ കണ്ണുകളുമായി മനുഷ്യ മൃഗങ്ങൾ അവരെ റാഞ്ചി കൊണ്ടുപോകും. എന്തിനേറെ പറയുന്നു സ്വന്തം വീട്ടിലും അയൽപക്കത്ത് പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. പൊലീസ് ഡാറ്റ പ്രകാരം 2016 മെയ് മുതൽ 2023 വരെയുള്ള കണക്കുകളിൽ 31364 കേസുകൾ കുട്ടികൾക്കെതിരെയുള്ള ആക്രമങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഴു വർഷത്തിനുള്ളിൽ 214 കുട്ടികൾ കൊലചെയ്യപ്പെടുകയും 3056 കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട് . മനുഷ്യമനസ്സുകളെ ഞെട്ടിക്കുകയും നൊമ്പരത്തിൽ ആഴ്ത്തുകയും ചെയ്യുന്ന കണക്കുകളാണ്. മൂടിക്കപ്പെട്ടവ അതിലും ഏറെ ഉണ്ടാവാം.
ഓരോ വർഷം കൂടുന്തോറും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. കേരളത്തിൽ ഒരു ദിവസം പത്തിലധികം കുട്ടികൾ ലൈംഗിക ആക്രമത്തിനിരയാകുന്നു. കേരള പൊലീസിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് 2023 ജൂലൈ 6 ന് അപ്ഡേറ്റ് ചെയ്തത് പ്രകാരം 2023 ജനുവരി മുതൽ മെയ് വരെ 1867 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 236 കൊല്ലം 162, പത്തനംതിട്ട 76, ആലപ്പുഴ 109, കോട്ടയം 93,ഇടുക്കി 79, എറണാകുളം 200, തൃശ്ശൂർ 144, പാലക്കാട് 144, മലപ്പുറം 206, കോഴിക്കോട് 147, വയനാട് 77, കണ്ണൂർ 111, കാസർകോട് 77 എന്നിങ്ങനെയാണ് പോക്സോ കേസിന്റെ കണക്കുകൾ. ഏറ്റുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് തിരുവനന്തപുരം റൂറൽ ആണ്. ഇവിടെ അഞ്ചു മാസത്തിനിടെ 153 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
ഏറ്റവും കുറവ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് പത്തനംതിട്ട. റെയിൽവേ പൊലീസ് പുറത്തുവിട്ട കണക്ക് ആശ്വാസകരമാണ് , അവിടെ ആറ് കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളു. 2023 മെയ് വരെയുള്ള റെക്കോർഡുകൾ പുറത്തുവന്നതിനുശേഷം അനവധി കേസുകൾ വന്നിട്ടുണ്ട്. അതിൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന കേസ് ആയിരുന്നു ആലുവയിൽ അഞ്ചുവയസ്സുകാരിയായ ബീഹാർ പെൺകുട്ടിയുടെ കൊലപാതകം.
ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ശരീരം അടു ത്ത ദിവസമാണ് ചതുപ്പിൽ നിന്ന് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇൻക്വസ്റ്റ് നടത്തുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലും രജിസ്റ്റർ ചെയ്യപ്പെട്ടതും മൂടിവെക്കപ്പെട്ടതുമായ നിരവധി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കുട്ടികൾ ദുർബലരും എതിർക്കുവാനുള്ള കഴിവ് ഇല്ലാത്തവരും ആയതിനാൽ ആയിരിക്കാം അവരെ ഇത്രമാത്രം ഉപദ്രവിക്കുന്നത്. നടന്ന സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞിട്ട് പേടിപ്പിച്ചു നിർത്തുവാനും ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്ത് അവരെ പ്രലോഭിപ്പിക്കുവാനും കഴിയുന്നു .
പ്രണയം നടിച്ച് കൗമാരക്കാരെയും ഇത്തരം ആളുകൾ ചൂഷണം ചെയ്യുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. ലൈംഗിക വിദ്യാഭ്യാസം ഇല്ലായ്മ, ലഹരിവസ്തുക്കളുടെ അമിത ഉപയോഗം, ഒബ്സെസീവ് സെക്ഷ്വൽ ഡിസോഡർ എന്നിവ അതിൽ പ്രധാനമാണ്.
അയൽപക്കക്കാർ, കുടുംബാംഗങ്ങൾ, മതപണ്ഡിതന്മാർ, വൈദികർ, അധ്യാപകർ, അപരിചിതർ ഇത്തരത്തിൽ പല ആളുകളും കുട്ടികളെ അവരുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നു. കേരളത്തിലേക്ക് കുടിയേറി വന്ന അതിഥി തൊഴിലാളികൾ കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ മുൻപന്തിയിൽ ഉണ്ട്.
159 പോക്‌സോ കേസുകൾ അതിഥി തൊഴിലാളികളുടെമേലുണ്ട്. അതിൽ 118 ഓളം ആളുകൾ കൊലപാതകികൾ കൂടിയാണ്. ശക്തമല്ലാത്ത നിയമവും നിയമത്തിലെ പഴുതുകളും മറ്റുള്ളവരുടെ സഹായങ്ങളും എല്ലാം ഇത്തരക്കാർക്ക് ദുഷ്പ്രവർത്തികൾ ചെയ്യാനുള്ള പ്രേരണയാകുന്നു.
കേരളത്തിൽ 56 ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്പെഷ്യൽ കോർട്ടുകൾ ഉണ്ട്. 28 എണ്ണം പുതുതായി വന്നു. മൊത്തം 84 സ്പെഷ്യൽ കോടതികൾ ഉണ്ടായിട്ടുപോലും കേസുകൾക്ക് ഒരു കുറവും വരുന്നില്ല. ഏഴുവർഷം തടവ് ലഭിക്കുന്ന പോക്സോ കേസിലെ പ്രതികൾ ഇതിനിടയിൽ ജാമ്യത്തിൽ ഇറങ്ങുകയും മറ്റു കേസുകളിൽ പ്രതികളാവുകയും ചെയ്യുന്നു.
വേണ്ട രീതിയിൽ മുന്നോട്ടു പോവാത്ത കേസുകളും, കേസുകൾ തീരാനുള്ള സമയ കൂടുതലും കാരണം പ്രതികൾ വീണ്ടും സ്വസ്ഥമായി പുറത്തിറങ്ങി നടക്കുന്നു. കേരളത്തിൽ ഇതുവരെ പോക്സോ കേസിൽ വധശിക്ഷയും കാത്ത് ജയിലിൽ കഴിയുന്ന പ്രതി ഒരാൾ മാത്രമേയുള്ളൂ.
ഇടുക്കി സ്വദേശിയായ സുനിൽകുമാറാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് വധശിക്ഷയ്ക്ക് വിധിച്ചത്. ഇടുക്കിയിലെ സ്വന്തം കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും കുട്ടിയുടെ സഹോദരനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ വിധിച്ചത്.
ഇത്തരത്തിൽ കുട്ടികളെ ലൈംഗികമായ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ വധശിക്ഷയ്ക്ക് തന്നെ വിധിക്കപ്പെടട്ടെ, പഴുതകൾ ഇല്ലാതെ ശക്തമായ നിയമം നടപ്പിലാക്കട്ടെ. വിടരും മുമ്പേ പൊഴിയാതെ നമ്മുടെ കുഞ്ഞുങ്ങൾ വിടർന്ന പൂക്കൾ ആയി പുഞ്ചിരി തൂകട്ടെ.
ഇത്തരം അതിക്രമങ്ങൾ എങ്ങനെ കുറയ്ക്കാം
• നിയമം ശക്തമാക്കുക, നിയമത്തിലെ പഴുതുകൾ പരമാവധി അടയ്ക്കാൻ ശ്രമിക്കുക.
• മയക്ക് മരുന്നിന്റെ ഉപയോഗവും ഇറക്കുമതിയും തടയുക.
• സെക്ഷ്വൽ ഡിസോഡർ ഉള്ളവർക്ക് ശിക്ഷയോടൊപ്പം കൃത്യമായ ചികിത്സയും നൽകുക.
• ലൈംഗിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
• അതിഥി തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. അവർ ഏതെങ്കിലും കേസിൽ പ്രതിയല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജോലിക്ക് നിർത്തുക.
• മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള ധൈര്യം കുട്ടികൾക്ക് നൽകുക.
• ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്നും എങ്ങനെയാണെന്നും ചെറുപ്പം മുതലേ പറഞ്ഞു മനസ്സിലാക്കുക.
• എന്തും നേരിടാനുള്ള മാനസിക ധൈര്യം പകരുക. ആവശ്യമെങ്കിൽ കൗൺസിലറെ സമീപിക്കുക.

Article by Chithra A
SUB EDITOR TRAINEE TRUEVISIONNEWS.COM BA sociology (government arts & science collage Thavanoor), MA Sociology (Calicut University Campus),
#pocso #case #kerala #letest #updates
