കോഴിക്കോട് : (truevisionnews.com) വിദ്യാലയമെന്നാൽ കുറച്ച് കെട്ടിടങ്ങളും ക്ലാസ് മുറികളും അതിൽ ബെഞ്ചും ഡെസ്‌കും പിന്നെ ബ്ലാക്ക് ബോർഡും ഇതെല്ലാമാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. അതിന് ഒരു മാറ്റം കൊണ്ട് വന്നിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വടകര - തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ 13-ാo വാർഡിലെ തോടന്നൂർ എം എൽ പി സ്കൂൾ.

'ചോല' എന്ന പേരിൽ ജൈവ വൈവിധ്യോദ്യാന പഠനമുറി സ്കൂളിനുള്ളിൽ ഒരുക്കിയിരിക്കുകയാണ് ഇവിടെ. 2019 മുതൽ സ്കൂളിനുള്ളിൽ അഞ്ച് സെൻ്റ് സ്ഥലത്ത് വ്യത്യസ്തയിനം ഫലങ്ങൾ ഉണ്ടാകുന്ന മരങ്ങളും ചെടികളും നട്ടു വളർത്തിയിരിക്കുന്നത്.
എൽകെജി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. നാല് വർഷമായി ഇത്തരത്തിൽ ഒരു വനം സ്‌കൂളിനുള്ളിൽ വളർന്ന് പന്തലിച്ചിട്ട്. സ്കൂൾ ബിൽഡിങ് നിർമിക്കുന്നതിനായി കല്ലുവെട്ടിയ സ്ഥലമാണ് വനം നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ആഴത്തിൽ കുഴി എടുത്തതിനാൽ ബിൽഡിങ് പണിയാൻ കഴിയാത്ത സ്ഥലമായി.
ഇത് കൊണ്ട് തന്നെ ഭൂമി വെറുതെ ഉപയോഗമില്ലാതെ ഇട്ടിരികുകയായിരുന്നു. അത്തരത്തിൽ കുട്ടികൾക്ക് ഒരു ഔട്ട്ഡോർ ക്ലാസ്സ് റൂം നിർമ്മിക്കുന്നതിനായി സ്കൂൾ മാനേജ്മെൻ്റ് 'ജൈവ വൈവിധ്യോദ്യാന പഠനമുറി' എന്ന ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ഇതിലേക്ക് പൂർവ്വ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചു.
ഖത്തറിലെ 'ക്യൂടിഎംഎംആർസി' എന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സഹായത്തിനായി എത്തി. പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോട് കൂടി വ്യത്യസ്തയിനം ചെടികളാണ് വെച്ചുപിടിപിച്ചത്. ചെമ്പകം, സപ്പോട്ട, ഞാവൽ, ലക്ഷ്മിതരു, സർവ്വസുഗന്ധി, പേര തുടങ്ങി വ്യത്യസ്തയിനം ചെടികൾ ഇവിടെയുണ്ട്.
ചോല എന്ന ജൈവ വൈവിധ്യോദ്യാന പഠനമുറി ഉദ്ഘാടനം ചെയ്തത് അന്നത്തെ വനം വകുപ്പ് മന്ത്രി കെ രാജുവാണ്. "നാല് വർഷത്തിനിപ്പുറം 'ചോല' വനമായിതന്നെ മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾ തന്നെയാണ് മരങ്ങൾ പരിപാലിക്കുന്നത്. ധാരാളം പക്ഷികളും ചിത്രശലഭങ്ങളും ഇവിടെ നിത്യ സന്ദർശകരായി എത്തുന്നു.
ഒരു വനത്തിൻ്റെ അന്തരീക്ഷം തന്നെ ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഒരു ഔട്ട്ഡോർ ക്ലാസ്സ് എന്ന രീതിക്ക് ഇവിടെ ഇരിക്കാനും വായിക്കാനുമുള്ള സൗകര്യം ഉണ്ട്. ക്ലാസ്സ് റൂമിൽ ഇരുന്ന് മടുത്ത കുട്ടികളെ ഈ 'ചോല' ആകർഷിക്കുന്നു. പ്രകൃതിയെ അടുത്തറിഞ്ഞുള്ള പഠന രീതിയാണിവിടെ വിദ്യാർത്ഥികൾക്കായി ഇവിടെ സമ്മാനിക്കുന്നത്.
വനത്തിനുള്ളിൽ പഠിക്കുക എന്നത് തന്നെ വിദ്യാർത്ഥികൾക്കുള്ളിൽ കൗതുകവും ആവേശവും ഉണ്ടാക്കുന്നു. വളരെ വിജയകരമായി ജൈവ വൈവിധ്യോദ്യനം മുന്നോട്ട് പോവുകയാണ്. അതിനാൽ തന്നെ പുതിയ ഉദ്യാനത്തിനുള്ള ശ്രമത്തിൽ കൂടിയാണ് സ്കൂൾ മാനേജ്മെന്റെന്ന് തോടന്നൂർ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ സൈദ് കുറുന്തോടി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
'ചോല' എന്ന ജൈവ വൈവിധ്യോദ്യാന പoനമുറി എന്ന ആശയം തോടന്നൂർ എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ സൈദ് പങ്കുവെച്ചപ്പോൾ കുട്ടികൾക്ക് പഠിക്കാനും ഉല്ലസിക്കാനും ഉതകുന്ന തരത്തിൽ വൃക്ഷലതാദികളാൽ സമ്പുഷ്ഠമായ ഒരു ചുറ്റുവട്ടം ക്ലാസ് മുറിക്ക് പുറത്ത് ഒരുക്കുന്നതിൽ 'ക്യൂടിഎംഎംആർസി'യും സന്തോഷം പ്രകടിപ്പിക്കുകയും സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഈ ചെറു പദ്ധതി എം എൽ പി സ്കൂളിൽ പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സാമ്പത്തിക സഹായം 'ക്യൂടിഎംഎംആർസി' യാണ് വഹിച്ചത്. നാടിന് നൻമയുള്ള കാര്യങ്ങളിൽ, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ കഴിയാവുന്ന പിന്തുണ 'ക്യൂടിഎംഎംആർസി' യുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്.
അത്തരത്തിൽ ഒന്നായി കണ്ട് കൊണ്ടാണ് ചെടികളും ചെറു മരങ്ങളും നിറഞ്ഞ ഒരു മനോഹര തോട്ടം ' ചോല' എന്ന പേരിൽ ഒരുക്കാൻ തോടന്നൂർ എം എൽ പി യോടൊപ്പം ചേർന്ന് നിൽക്കാൻ കഴിഞ്ഞത്. എം എൽ പി സ്കൂളിൽ നടക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർ, വിദ്യാഭ്യാസ ഉദ്യാഗസ്ഥർ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ എല്ലാവരും ' ചോല' യുടെ ഭംഗി ആസ്വദിക്കുകയും അത് വാക്കിലും എഴുത്തിലും അറിയിക്കുകയുമുണ്ട്.
നമ്മുടെ പിഞ്ചു മക്കൾ കളിച്ചും ചിരിച്ചും പഠിച്ചും സന്തോഷത്തോടെ വളർന്ന് വരട്ടെ. ഒപ്പം 'ചോല'യും ഒരലങ്കാരമായ്, സ്വകാര്യ അഹങ്കാരമായ് എം എൽ പി യോടൊപ്പം ചേർന്ന് നിൽക്കട്ടെ" ക്യൂടിഎംഎംആർസി സെക്രട്ടറി ഉബൈദ് ചാലിൽ പറഞ്ഞു.
"സാധാരണയായിട്ട് പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായിട്ട് ചെടികൾ വെച്ചുപിടിപ്പിക്കണം എന്ന് പറയുന്നതിന് പകരം കുട്ടികൾക്ക് നേരിട്ട് അനുഭവിച്ച് അറിയാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. വിദ്യാർത്ഥികൾ തന്നെ വെച്ചുപിടിപിച്ച ചെടികൾ വളരുന്നതും, അതിൽ കായ് കനികൾ ഉണ്ടാകുന്നതും അവർക്ക് കാണാൻ പറ്റുന്നുണ്ട്. ധാരാളം കിളികൾ കൂട് കൂട്ടാനും കായ്കനികൾ കഴിക്കാനും വരുന്നുണ്ട്.
മറ്റ് ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ആശയത്തിൻ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ചെമ്പരത്തി ഉദ്യാനമാണ് അടുത്ത പദ്ധതി. പുതിയതായി കൊണ്ട് വരുന്ന ചെമ്പരത്തി ഉദ്യാനം പഞ്ചായത്തിൻ്റെ സഹായത്തോടെ ഈ വർഷം തന്നെ ചെയ്യാനാണ് ഉദ്ദേശം" തോടന്നുർ എംഎൽപി സ്കൂൾ പിടിഎ പ്രസിഡൻ്റ് ഷംസീർ എ പറഞ്ഞു.
പി ടി എ യുടെ സഹകരണത്തോടുകൂടി വിവിധ തരം ചെമ്പരത്തിയുടെ ഉദ്യാനമാണ് അടുത്ത ശ്രമം. പത്തിരുന്നൂറോളം ചെമ്പരത്തിയാണ് ലോകത്ത് ഉള്ളത്. അവയിൽ പറ്റാവുന്ന അത്രയും ചെമ്പരത്തികൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് സ്കൂൾ മാനേജ്മെൻ്റ് കൂട്ടി ചേർത്തു.
സ്കൂൾ കോമ്പൗണ്ടിൽ മുഴുവൻ മരങ്ങൾ വെച്ചുപിടിപിച്ച് പ്രകൃതിയോടിണങ്ങിയ സ്കൂളായി മാറ്റാൻ ഒരുങ്ങുകയാണ് തോടന്നൂർ എം.എൽ.പി സ്കൂൾ. പൊതുവേ കണ്ടുവരുന്ന സ്കൂൾ എന്ന സങ്കൽപ്പങ്ങളിൽ നിന്നും വ്യതസ്തത കൊണ്ടു വരുകയാണിവിടെ. പദ്ധതികൾ ആവേശത്തിൽ ആരംഭിച്ച് പാതി വഴിയിൽ അവസാനിക്കുന്നത് പലയിടങ്ങളിലും കാണാം.
എന്നാൽ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ ആവേശം കൈവിടാതെ മുന്നോട്ട് കൊണ്ട് പോവുകയാണ് തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ തോടന്നൂർ എം.എൽ. പി സ്കൂൾ.

Article by NIVYA V G
SUB EDITOR TRAINEE TRUEVISIONNEWS.COM PG Diploma in Malayalam Journalism( Indian Institute of Mass Communication), MA Visual Media & Communication (Amrita University), BA Mass Communication & Journalism (Calicut University)
#thodannurIPschool #its #own #forest #recreational #class #within #forest #vatakara
