Nov 28, 2021 04:55 PM

തലശ്ശേരി : കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിമാനമാകുന്ന തരത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കെട്ടിപടുത്തുയർത്തിയതിൽ നിർണ്ണായ പങ്കുവഹിച്ച നേതാവാണ് മമ്പറം ദിവാകരൻ. ലിക്വിഡേഷൻ നടപടി നേരിട്ടിരുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റിയെ ഇന്ന് കാണുന്ന രീതിയിലേക്ക് വളർത്തിയെടുത്തത് മമ്പറം ദിവാകരന്റെ സംഘടനാപാടവം ആയിരുന്നു.


ദിവാകരനെതിരെ നേരത്തെ തന്നെ പാർട്ടിയിലെ ഒരു വിഭാഗം ഡി സി സി സെക്രട്ടറി സി ടി സജിത്തിന്റെ നേതൃത്വത്തിൽ പടയൊരുക്കം നടത്തിയിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് 10 കോടിയിൽ പരം രൂപ ചെലവിൽ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷലിറ്റി ആശുപത്രിക്കെതിരെയും സി ടി സജിത്തിന്റെ നേതൃത്വത്തിൽ പരാതിയും സമരവുമായി രംഗത്തുണ്ടായിരുന്നു.

ഇതിനൊക്കെ പിന്നിൽ കെ സുധാകരനാണെന്നതും തലശ്ശേരിയിൽ അങ്ങാടി പാട്ടാണ്. തന്നെ കൂസാത്ത മമ്പറത്തെ ഒതുക്കുക തന്നെയാണ് ലക്ഷ്യം. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണപ്രവർത്തനം നിലച്ചതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഉണ്ടായത്.


ന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ. മമ്പറം ദിവാകരനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പാനലാണ് ഡി സി സി യുടെ നേതൃത്വത്തിൽ മത്സരരംഗത്ത് ഉണ്ടായത്. തുടർന്നാണ് മമ്പറം ദിവാകരൻ ഒരു പാനലുമായി രംഗത്ത് വന്ന് മത്സര രംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു.ഉറച്ചു നിന്നതിനെ തുടർന്നാണ് കോൺഗ്രസ് നടപടിയെടുത്തത്.


ദിവാകരന് എതിരെയുള്ള നടപടി കോൺഗ്രസിൽ വലിയ ഒരു കലാപത്തിന് വഴിവെക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ദിവാകരനെ അനുകൂലിക്കുന്ന ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിൽ ഉണ്ട്. നടപടി തലശ്ശേരി മേഖലയിലെ പാർട്ടി പ്രവർത്തകർ ഏങ്ങനെ കാണുമെന്നു അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത് പ്രതീക്ഷിച്ച നടപടി തന്നെയാണ്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ആണ് പുറത്താക്കിയ വിവരം അറിയിച്ചത്.

ഹോസ്പിറ്റല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി സി സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.


കെ സുധാകരൻ കെ പി സി സി പ്രസിഡണ്ടാകുന്നതിനെതിരെ മമ്പറം ദിവാകരൻ ആഞ്ഞടിച്ചിരുന്നു. സുധാകരൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും സംഘടനാരംഗത്ത് അതിക്രമങ്ങൾ കാണിച്ചുവെന്നുമായിരുന്നു മമ്പറം ദിവാകരന്റെ ആരോപണം. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്പറം ദിവാകരൻ കെ സുധാകരനെതിരെ ആഞ്ഞടിച്ചത്.

ഇത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ കെ സുധാകരൻ കെ പി സി സി പ്രസിഡണ്ട് ആയ പാർട്ടിയിൽ മമ്പറം ദിവാകരന്റെ സ്ഥാനം എന്തായിരിക്കുമെന്ന ആശങ്ക നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നിരുന്നു. ഡിസംബർ ആദ്യവാരമാണ് സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Sudhakaran moves to evict Mambaram and capture Indira Gandhi Co-operative Hospital

Next TV

Top Stories