വർക്കല: (www.truevisionnews.com)ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ചു. ഒരാൾ അറസ്റ്റിൽ. ബൈക്ക് യാത്രികനായ ചെറുന്നിയൂർ മുടിയക്കോട് പ്ലാവിളവീട്ടിൽ രാജേഷി (35) നാണ് വെട്ടേറ്റത്. സംഭവത്തിൽ വെട്ടൂർ അയന്തി പന്തുവിള ഉത്രംവീട്ടിൽ ആദർശ് (33) അറസ്റ്റിലായി.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്താണ് സംഭവം. ആദർശിന്റെ ബൈക്കിന് കടന്ന് പോകാൻ സൈഡ് കൊടുക്കാത്തതിനാൽ തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് രാജേഷ് പൊലീസിന് നൽകിയ മൊഴി.
ബൈക്കിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ആദർശ് രാജേഷിന്റെ കഴുത്തിന് നേരെ വെട്ടുകയും ഒഴിഞ്ഞുമാറിയ ഇയാളുടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം അതുവഴി കടന്നുപോയ രാജേഷിന്റെ സഹോദരൻ രക്ഷിക്കാനെത്തിയപ്പോൾ ഇയാളെയും ആദർശ് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Man arrested for slashing young man for not giving side to bike