കൊച്ചി: കെഎസ്‌യു പ്രവർത്തക ആർദ്രയ്ക്ക് മാർക്ക് കൂട്ടി നൽകി എന്ന ആർഷോയുടെ ആരോപണത്തിനെതിരെ ആർദ്ര മോഹൻദാസ് രംഗത്ത്. അധ്യാപകൻ വിനോദ് കുമാറിനെ പുറത്താക്കാനാണു ആർഷോയുടെ ശ്രമം എന്ന് ആർദ്ര മോഹൻദാസ് പറഞ്ഞു. അതിന് തന്നെ ഉപകരണമായി മാറ്റുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഹാജറിന്റെ കാര്യത്തിലും മാർക്കിന്റെ കാര്യത്തിലും വിനോദ് കുമാർ കർക്കശക്കാരനായിരുന്നു.

ഇത് ആർഷോ ഉൾപ്പെടെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ആർഷോയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ല. വിനോദ് കുമാർ തന്റെ പേപ്പർ പരിശോധിക്കേണ്ട ആളല്ലെന്നും പിന്നെ എങ്ങനെ മാർക്ക് കൂട്ടി നൽകുമെന്നും ആർദ്ര പറഞ്ഞു. അധ്യാപകനെതിരായ പി.എം. ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പുറത്തുവന്ന എക്സാമിനേഷൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.
കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മാർക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും.പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയിൽ രേഖകൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
കോളജ് പ്രിൻസിപ്പൽ അടക്കമുളളവരെ എതിർകക്ഷിയാക്കിയാണ് കേസ്. എന്നാൽ ആർഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയിൽ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ അറിയിച്ചിരുന്നു.
Mark Kuti awarded to KSU worker; Ardra Mohandas against Arshaw's allegations