ബീഹാർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെന്ന പരാതിയിൽ ഐടി ജീവനക്കാരി അറസ്റ്റിൽ. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ ബിനീത കുമാരി (30), സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ട് എന്നിവർ പിടിയിലായി. നഗരത്തിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് ബിനീത കുമാരി.

മഹേഷ് ഒരു എൻജിഒയിൽ ജോലി ചെയ്യുന്നയാളാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പരാതിക്കാരനായ യുവാവിനെ കബളിപ്പിക്കാൻ തീരുമാനിക്കുന്നു. മെയ് 28ന് യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി ബിയർ നൽകിയ ശേഷം അത് കുടിക്കാൻ നിർബന്ധിച്ചു. സംശയം തോന്നിയ യുവാവ് ബിയർ നിരസിച്ച് അവിടെനിന്നു മടങ്ങി.
പിന്നീട്, യുവാവിനെ ഫോണിൽ വിളിച്ച ബിനീത തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പൊലീസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ, അഞ്ച് ലക്ഷം രൂപ നൽകിയാൽ പരാതിനൽകുന്നതിൽ നിന്ന് പിന്മാറാമെന്ന് മഹേഷ് യുവാവിനെ വിളിച്ചുപറഞ്ഞു. ഒടുവിൽ രണ്ട് ലക്ഷത്തിന് ധാരണയായി. ഇക്കാര്യം യുവാവ് പൊലീസിനെ അറിയിച്ചു. പണം കൈമാറുന്നതിനിടെ ബിനീതയെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് ഇതുവരെ 12 പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
False sexual accusation against young man who met through dating app; IT employee arrested for embezzling money