ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ കണ്ടെത്തി. ജൂൺ 15നകം മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്ന് പുരോല സ്റ്റേഷൻ ഹൗസ് ഓഫീസർ ഖജൻ സിംഗ് ചൗഹാൻ പറഞ്ഞു.
സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശമാണ് ഉത്തരകാശിയിലെ പുരോല മേഖല. ദിവസങ്ങൾക്കുമുമ്പ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരാൾ ഉൾപ്പെടെ രണ്ടുപേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെയാണ് ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ദേവഭൂമി രക്ഷാ അഭിയാൻ’ നടത്തുന്ന മഹാപഞ്ചായത്തിന് മുമ്പ് മുസ്ലീം വ്യാപാരികൾ പുരോളയിൽ നിന്ന് പോകണമെന്ന് പോസ്റ്ററുകളിൽ ആവശ്യപ്പെട്ടു.
“ജൂൺ 15 ന് നടക്കുന്ന മഹാപഞ്ചായത്തിന് മുന്നോടിയായി കടകൾ ഒഴിയണമെന്ന് ലവ് ജിഹാദികളെ അറിയിക്കുന്നു, നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം”- പോസ്റ്ററിൽ പറയുന്നു. കടകൾ തുറക്കാൻ ഭയമാണെന്നും ചിലർ നഗരം വിട്ടുപോയതായും വ്യാപാരികൾ പറഞ്ഞതായി ‘ദി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥിതിഗതികൾ ഗൗരവമായി കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്താൻ പ്രാദേശിക വ്യാപാരി മണ്ഡലുമായും ജനപ്രതിനിധികളുമായും പൊലീസ് യോഗം ചേർന്നിട്ടുണ്ട്.
പട്ടണത്തിന്റെ സമാധാനം തകർക്കാനും ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ‘ദേവഭൂമി രക്ഷാ അഭിയാന്റെ’ ചിലർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ ചൗഹാൻ പറഞ്ഞു.
അതേസമയം പ്രദേശവാസികളാണ് പോസ്റ്ററുകൾ പതിച്ചതെന്ന് വലതുപക്ഷ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് വീരേന്ദ്ര റാണ ആക്ഷേപിച്ചു. പുരോല മെയിൻ മാർക്കറ്റിൽ 650-700 കടകളുണ്ട്, അതിൽ 30-40 എണ്ണം മുസ്ലീങ്ങളുടെ ഉടമസ്ഥതയിലാണ്.
'Muslim traders must leave Purola'; Threat poster on Muslim business establishments in Uttarakhand