ബെംഗളൂരു: (www.truevisionnews.com) ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന കർണാടക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം.
നിയമത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ‘‘ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ഗോവധ നിരോധന നിയമം പുനഃപരിശോധിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നു ബിജെപി പ്രഖ്യാപിച്ചിരുന്നു. സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. പ്രായമായ കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമില്ലെന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ പ്രസ്താവനയാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
Siddaramaiah said there are some ambiguities in the Cow Slaughter Prohibition Act