ദില്ലി: (www.truevisionnews.com)കോൺഗ്രസ് വിട്ടുപോകാനൊരുങ്ങുന്ന സച്ചിൻ പൈലറ്റുമായി സമവായ ചർച്ചകൾക്ക് സാധ്യത കുറവെന്ന് എഐസിസി വൃത്തങ്ങൾ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കർശന നിലപാടിൽ ഹൈക്കമാന്റ് പ്രതിസന്ധിയിലായതിനെ തുടർന്നാണ് സച്ചിനുമായി പുതിയ ചർച്ചകൾക്ക് സാധ്യതയില്ലാതായത്.

എംഎൽഎമാരുടെ പിന്തുണ വീണ്ടും ഉയർത്തിക്കാട്ടി ഹൈക്കമാൻ്റിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഗെലോട്ട്. നേരത്തെ, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്തും ഗെലോട്ട് സച്ചിനെ തഴയാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. തനിക്കൊപ്പം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുകയാണെന്ന നിലപാട് സച്ചിനെ തഴയാനുള്ളതാണെന്നുള്ളതാണ് എന്നായിരുന്നു വിലയിരുത്തലുകൾ. നിലവിൽ ബിജെപിയുടെ നിയന്ത്രണത്തിലാണ് സച്ചിനെന്നും അതുകൊണ്ടുതന്നെ സച്ചിനെ പരിഗണിക്കേണ്ടതില്ലെന്നും ഗെലോട്ട് ഉറച്ച നിലപാടെടുത്തതോടെ ഹൈക്കമാൻ്റ് വെട്ടിലാവുകയായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പൈലറ്റുമായി ഇനിയൊരു ചർച്ചക്ക് സാധ്യതയില്ലെന്നാണ് എ ഐ സി സി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന. രാജസ്ഥാനില്‍ ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന സച്ചിൻ പൈലറ്റ്-ഗെലോട്ട് തർക്കങ്ങൾക്ക് ഒരാഴ്ച്ച മുമ്പ് പരിസമാപ്തി കുറിച്ചിരുന്നു.
ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒന്നിച്ച് നീങ്ങാൻ ധാരണയായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും അറിയിച്ചിരുന്നു. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിനിർത്തൽ ഉണ്ടായത്. എന്നാൽ ചർച്ചകൾ നടന്നെങ്കിലും ഹൈക്കമാന്റിനെ വെട്ടിലാക്കി ഗെലോട്ട് വീണ്ടും നിലപാട് എടുത്തതോടെ സച്ചിനുമായുള്ള സമവായ ചർച്ചകൾ അവസാനിക്കുകയായിരുന്നു.
AICC sources say consensus talks with Sachin are unlikely