ഭുവനേശ്വർ: (www.truevisionnews.com)ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കല്പണിക്കാരനാണ് സുക്‌ലാൽ. ഇദ്ദേഹം വർഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. ആദ്യമായാണ് സുക്‌ലാൽ മകനെ പണിക്ക് കൊണ്ടുപോയത്. 18 വയസ് തികഞ്ഞയുടൻ ജോലിക്കായി സുക്‌ലാൽ മകനെ കൊണ്ടുപോവുകയായിരുന്നു.
കേരളത്തിലേക്ക് പണിക്കായി പോവുകയായിരുന്ന സദ്ദാം ഷെയ്ഖും (28) അപകടത്തിൽ മരണപ്പെട്ടു. സദ്ദാമിന് ഒരു മാസം പ്രായമായ മകനും ഭാര്യയുമുണ്ട്. കേരളത്തിലേക്ക് ജോലി തേടിപ്പോവുകയായിരുന്ന യേദ് അലി ഷെയ്ഖും (37) അപകടത്തിൽ പെട്ടു. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
Those who died in the Odisha train accident also went to Kerala for work