വത്തിക്കാൻ സിറ്റി: (www.truevisionnews.com)ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽ ലോക നേതാക്കൾക്കൊപ്പം അനുശോചനമറിയിച്ച് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ. ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വലിയ ജീവഹാനിയുണ്ടായ അപകടത്തിൽ ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പ വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിൽ ഏൽപ്പിക്കട്ടെ. നഷ്ടത്തിൽ വിലപിക്കുന്നവർക്ക് അനുശോചനം നേരുന്നു. - പോപ്പ് ഫ്രാൻസിസ് പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്കും രക്ഷാപ്രാവർത്തകർക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർപ്പാപ്പ പ്രസ്താവനയിൽ അറിയിച്ചു.
ബാലസോറിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അനുശോചനം അറിയിച്ചിരുന്നു. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന നേപ്പാൾ പ്രധാനമന്ത്രി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.
Pope Francis condoles the Balasore train accident
