കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ 11 വയസ്സുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. മലേഷ്യയിലാണ് സംഭവം. അച്ഛൻ തന്നെയാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റ് നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തലകറക്കം, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വീടിനോട് ചേർന്നുള്ള ഒരു പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ക്ലിനിക്കിലെ മെഡിക്കൽ അസിസ്റ്റന്റാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ 38 -കാരനായ പിതാവാണ് കഞ്ചാവ് കലർത്തി ചോക്ലേറ്റ് ബിസ്ക്കറ്റ് ഉണ്ടാക്കി കുട്ടിക്ക് നൽകിയത്.
ബിസ്ക്കറ്റ് കഴിച്ചതോടെ അവശനിലയിൽ ആയ കുട്ടിയെ ഇയാൾ തന്നെയാണ് വീടിനടുത്തുള്ള പ്രാദേശിക ക്ലിനിക്കിൽ എത്തിച്ചതും.
ശരീരത്തിലെ കഞ്ചാവിന്റെ അംശം കണ്ടെത്തുന്നതിനായി കുട്ടിയുടെ മൂത്രസാമ്പിൾ ഇതുവരെയും പരിശോധിക്കാൻ ആയിട്ടില്ലെങ്കിലും അച്ഛൻറെ മൂത്ര സാമ്പിളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടിയിൽ കാണപ്പെടുന്ന സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാൾക്കെതിരെ കേസ് എടുത്ത പൊലീസ് ജൂൺ മൂന്നുവരെ ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മുമ്പ്, യുകെയിൽ നിന്നുള്ള ഒരു സ്കൂളിലെ പതിമൂന്ന് വിദ്യാർത്ഥികളെ കഞ്ചാവ് അടങ്ങിയ മധുരപലഹാരങ്ങൾ കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാംഡനിലെ ഹൈഗേറ്റിലുള്ള സെന്റ് യൂണിയൻ കാത്തലിക് സ്കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണ ഇടവേളയിൽ കഞ്ചാവ് അടങ്ങിയ മധുരമുള്ള ലെയ്‌സ് ആണ് കുട്ടികൾ കഴിച്ചത് എന്നായിരുന്നു റിപ്പോർട്ട്.
തുടർന്ന് ഇവർക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. മധുരത്തിൽ ടിഎച്ച്‌സി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
ate a cannabis-infused chocolate biscuit; Eleven-year-old girl in critical condition
