കുതിര സവാരിക്കിടെ വീണ് പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പി.എസ്.ജി ഗോൾ കീപ്പർ സെർജിയോ റിക്കോയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സ്പെയിനിൽ റികോ സഞ്ചരിച്ച കുതിര മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീണ താരത്തിന്‍റെ തലക്കാണ് പരിക്കേറ്റത്.
താരത്തിന്‍റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദയഭേദക കുറിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. റികോ അതിജീവനത്തിനായി പോരാടുകയാണെന്ന് ഭാര്യ ആൽബ സിൽവ പറയുന്നു.
‘ എന്റെ പ്രിയനേ, എന്നെ തനിച്ചാക്കരുത്, എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല. നീയില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ -ആൽബ സിൽവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഞങ്ങളോട് നിനക്കുള്ള എല്ലാ സ്നേഹത്തിനും നന്ദി. സെർജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകൾ പ്രാർഥിക്കുന്നു, അവൻ വളരെ ശക്തനാണ്’ -മറ്റൊരു കുറിപ്പിൽ അവർ പറഞ്ഞു.
തന്റെ ജന്മനാടായ സെവിയ്യയിൽ കുതിര സവാരി നടത്തുന്നതിനിടെയാണ് അപകടം. നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്പാനിഷ് ഇന്റർനാഷണൽ 2019ലാണ് പി.എസ്.ജിയിൽ എത്തുന്നത്. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
The PSG goalkeeper's condition remains critical; Actor's wife with a heartbreaking note