ഹൈദരാബാദ്: (www.truevisionnews.com)ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കി അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്.

ട്രോഫി വെളുത്ത തുണികൊണ്ട് മൂടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. ക്ഷേത്രത്തിലെ പൂജാരിമാരെ ട്രോഫി ഏല്‍പ്പിച്ചശേഷം പ്രത്യേക പൂജകള്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സണ്‍ ന്യൂസാണ് പുറത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ചെന്നൈക്ക് ഇത്തവണ കടുത്ത ആരാധകര്‍ പോലും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും തല ഉയര്‍ത്തിയ ചെന്നൈ ലീഗ് റൗണ്ടില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഒന്നാമന്‍മാരായ ഗുജറാത്തിനെ വീഴ്ത്തി ഫൈനലില്‍ എത്തി.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 214 റണ്‍സടിക്കുകയും ഇടക്ക് പെയ്ത മഴമൂലം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടും ചെന്നൈക്ക് ജയിക്കാനായി. കിരീടം ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ ടീം കിരീടം നേടിയതെന്നും അതിനാലാണ് കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ചതെന്നുമാണ് ചെന്നൈ ടീം മാനേജെമെന്‍റിന്‍റെ വിശദീകരണം.
Chennai Super Kings took the IPL trophy to the Tirupati temple and performed special pujas
