ഡറാഡൂണ്‍ : പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് നിരന്തരം ശല്യമായ യുവാവിന് ശിക്ഷ വിധിച്ച് ഉത്തരകാശിയിലെ പ്രത്യേക പോക്‌സോ കോടതി.

സ്‌കൂളിന് പുറത്ത് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്ത കേസിലാണ് 20കാരനെ മൂന്ന് മാസം തടവിന് ശിക്ഷിച്ചത്. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഉത്തരകാശിയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഗുരുഭക്ഷ് ആണ് ഉത്തരവിട്ടത്. സ്‌കൂളിന് സമീപം വഴിയോരക്കച്ചവടം നടത്തുന്ന ബീഹാറിലെ ബേട്ടിയ സ്വദേശിയായ ഷോയ്ബ് അൻസാരി ഏറെ നാളായി പെൺകുട്ടികള്‍ക്ക് ശല്യമായിരുന്നുവെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടിംഗ് ഓഫീസര്‍ പൂനം സിംഗ് പറഞ്ഞു.
ഷോയ്ബ് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 2021 ഓഗസ്റ്റ് ഏഴിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രണ്ട് മാസവും 20 ദിവസവും ജയിലില്‍ കിടന്ന ശേഷമാണ് ഷോയ്ബിന് ജാമ്യം ലഭിച്ചത്. അന്ന് ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന മൂന്ന് വിദ്യാർഥികൾ സ്‌കൂൾ കഴിഞ്ഞ് വൈകുന്നേരത്തെ ട്യൂഷന് പോകുമ്പോൾ ഷോയ്ബ് തങ്ങളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കോടതിയെ അറിയിച്ചു.
മിഠായി നല്‍കാമെന്ന് പറഞ്ഞ് സ്ഥിരം ശല്യപ്പെടുത്തുകയായിരുന്നു. പേരുകള്‍ ചോദിക്കുകയും പറയാതിരുന്നപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കുട്ടികള്‍ പറഞ്ഞു.
ഷോയ്ബിന്‍റെ ശല്യം കാരണം തന്‍റെ മകള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ട്യൂഷൻ ക്ലാസുകളിൽ പോകുന്നത് നിർത്തിയതായും ഒരു പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പെണ്‍കുട്ടികള്‍ വീടിന് പുറത്ത് ഇത്തരം കാര്യം നേരിടേണ്ടി വരുമ്പോള്‍ അത് അസഹനീയമാകും വരെ പുറത്ത് പറയാത്ത സാഹചര്യമുണ്ടെന്ന് കേസിലെ വാദങ്ങള്‍ കേട്ട ശേഷം കോടതി നിരീക്ഷിച്ചു.
sexist speech; The POCSO court sentenced the young man who constantly harassed the girls
