കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്‍റെ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിലേറ്റ ചവിട്ടാണ് മരണകാരണമായി പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.
വാരിയെല്ലുകൾക്ക് പൊട്ടാലുണ്ട്. സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അഴുകിയ മൃതദേഹത്തിൽ ലോഹത്തിന്റെയോ ആയുധത്തിന്റെയോ അവശിഷ്ടങ്ങളുണ്ടോ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോ എന്നിവ സ്ഥിരീകരിക്കാനായിരുന്നു പരിശോധന.
ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസ് അന്വേഷിക്കുന്ന തിരൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്.
രണ്ടു ട്രോളി ബാഗുകളിലായി കണ്ടെത്തിയ മൃതദേഹം ഒറ്റ ബാഗിലാക്കിയാണ് എത്തിച്ചത്. വൈകീട്ട് 4.20 ഓടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും.
ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂർ കോരങ്ങോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം എ.എസ്.പി (യു.ടി) ഷഹൻഷാ, തിരൂർ ഡിവൈ.എസ്.പി കെ.എസ്. ബിജു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
The preliminary post-mortem report of hotel owner Siddique, who was killed in the hotel room, is out