മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മലപ്പുറത്തുള്ള പാർക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. അരീക്കോട് വിളയിൽ ചെറിയപറമ്പ് കരിമ്പനക്കൽ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചത്.

പ്രണയം നടിച്ച് പതിനേഴുകാരിയെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള ചെരണി ഉദ്യാൻ പാർക്കിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിലാണ് നടപടി. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് റിമാന്റ് ചെയ്തത്.
ഇൻസ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയാണ് യുവാവ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് സ്‌കൂട്ടറിൽ പെണ്‍കുട്ടിയെ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടു പോവുകയായിരുന്നു. പാർക്കിലെ ബാത്റൂമിൽ കൊണ്ടു പോയി പെൺകുട്ടിയെ ബാലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഇരുവരും ഇന്‍സ്റ്റഗ്രാമിലുടെ നിരന്തരം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 19ന് പെൺകുട്ടിയെ മഞ്ചേരി തുറക്കൽ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലിൽ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയതായും പരാതിയുണ്ട്.
പീഡനത്തിന് പിന്നാലെ പെൺകുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 24ന് പ്രതി അറസ്റ്റിലാകുന്നത്. അരീക്കോട് പൊലീസ് ഇൻസ്പെക്ടർ എ അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്.
കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് പെൺകുട്ടികളെ യുവാവ് സമാനമായ രീതിയില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ സമൂഹ മാധ്യമ അക്കൌണ്ടുകള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
The girl he met through Instagram was taken to the park and molested; The youth is in remand
