വരാണസി : ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പ്രതീകാത്മകമായി സ്വന്തം വീട് സമർപ്പിച്ച് കോൺഗ്രസ് നേതാവ് അജയ് റായ്.

ഉത്തർ പ്രദേശിലെ വരാണസിയിലെ വീടിന് മുമ്പിൽ 'മേരാ ഘർ, ശ്രീ രാഹുൽ ഗാന്ധി കാ ഘർ' (എന്റെ വീട്, രാഹുൽഗാന്ധിയുടെയും) എന്ന ബോർഡ് അജയ് റായിയും ഭാര്യയും ചേർന്ന് സ്ഥാപിക്കുകയായിരുന്നു. 2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് അജയ് റായ്.
നഗരത്തിലെ ലാഹുറാബിർ മേഖലയിലാണ് മുൻ എം.എൽ.എ കൂടിയായ അജയ് റായിയുടെ വീട്. രാജ്യത്തെ സ്വേഛാധിപതികൾ രാഹുലിന്റെ വീട് തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണെന്ന് അവർക്കറിയില്ല.
ബാബ വിശ്വനാഥിന്റെ നഗരത്തിലെ ഈ വീട് ഞങ്ങൾ രാഹുലിന് കൂടി സമർപ്പിക്കുന്നു. കോടികൾ വിലമതിക്കുന്ന പ്രയാഗ് രാജിലെ ആനന്ദ് ഭവൻ രാജ്യത്തിന് സമർപ്പിച്ചവരാണ് ഗാന്ധി കുടുംബം. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് നൽകിയത് ബി.ജെ.പിയുടെ ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ജനങ്ങളുടെ ഹൃദയത്തിൽ ഒരു വീടുണ്ടെന്ന് യു.പി കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. എം.പിയെന്ന നിലയിൽ അനുവദിച്ച വീട് ഏപ്രിൽ 22നകം ഒഴിയാനാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനോട് നിർദേശിച്ചിട്ടുള്ളത്.
2005 മുതൽ താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വീട് ഒഴിയുമെന്ന് രാഹുൽ മറുപടിയും നൽകിയിട്ടുണ്ട്. 2019ൽ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിന്റെ അംഗത്വം ലോക്സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്. ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്നു’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
ഇത് മോദി സമുദായത്തെ അവഹേളിക്കലാണെന്ന് വാദിച്ച് ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവും 15,000 രൂപ പിഴയുമാണ് സൂറത്ത് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ വിധിച്ചത്. ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെ തുടർന്നുള്ള വിവാദങ്ങൾ കത്തിനിൽക്കവെയാണ് രാഹുലിനോട് വീടൊഴിയാൻ സർക്കാർ ആവശ്യപ്പെട്ടത്.
The Congress leader placed a sign in front of Rahul Gandhi's house saying 'My house is my house'
