ന്യൂഡൽഹി : അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്കൂൾ പ്യൂൺ അറസ്റ്റിൽ. ദില്ലിയിലെ സ്കൂളിലാണ് പ്യൂണും കൂട്ടാളികളും ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്യൂൺ അജയ്കുമാർ അറസ്റ്റിലായെങ്കിലും ഇയാളുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ ഗാസിയാബാദിലാണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്കൂളിൽ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു.
മാർച്ച് 14നാണ് സംഭവം. കുട്ടിയെ മയക്കി സ്കൂളിലെ തന്നെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പെൺകുട്ടി സ്കൂളിൽ വരാറില്ലായിരുന്നു. വാർഷിക പരീക്ഷയ്ക്ക് കുട്ടി എത്താത്തതിനാൽ അധ്യാപിക വീട്ടിൽ വിളിച്ചു അന്വേഷിക്കുകയായിരുന്നു.
കുട്ടിക്ക് വയറുവേദനയും വയറിളക്കവുമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം. പിന്നീട് കുട്ടിയുടെ സഹോദരനാണ് വിഷയം അധ്യാപികയോട് പറയുന്നത്. എന്നാൽ സംഭവത്തിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ കുടുംബം വിസമ്മതിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിക്കുന്നത്.
ഗാസിപൂർ സ്‌കൂൾ പ്രിൻസിപ്പലും സഹ അധ്യാപകരും ചേർന്ന് ബുധനാഴ്ചയാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് പൊലീസ് കമ്മീഷണർ അമൃത ഗുഗുലോത്ത് പറഞ്ഞു.
ഇരയാക്കപ്പെട്ട പെൺകുട്ടിയെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയും കൗൺസിലിങും നൽകിയതായി പൊലീസ് അറിയിച്ചു. ഇയാൾക്കും പ്യൂണിനുമെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ സിറ്റി പൊലീസിനും എംസിഡിക്കും നോട്ടീസ് അയച്ചു.
A case of drugging and gang-raping a 5th class girl; School peon arrested
