കൽപറ്റ : മാനന്തവാടി കണിയാരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കല്‍ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ പാലാക്കുളി ജങ്ഷന് സമീപത്താണ് സംഭവം.

മാനന്തവാടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിധീഷും സുഹൃത്തുക്കളുമാണ് ഈസമയം കാറിലുണ്ടായിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.
നിമിഷനേരം കൊണ്ട് കാറിന് തീപ്പിടിച്ചു. അടുത്തിടെ മാനന്തവാടിയില്‍ നാലാമത്തെ കാറാണ് ഓടുന്നതിനിടെ കത്തി നശിക്കുന്നത്. കത്തുമ്പോള്‍ തന്നെ പിന്നോട്ട് നീങ്ങിയ കാര്‍ റോഡിന്റെ വലതുഭാഗത്തുള്ള വൈദ്യുതി പോസ്റ്റിനും വൈദ്യുതിത്തൂണ്‍ വലിച്ചു കെട്ടിയ കമ്പിക്കുമിടയില്‍ നിന്നാണ് കത്തിയമര്‍ന്നത്.
കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മാനന്തവാടി അഗ്‌നിരക്ഷാ യൂനിറ്റെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രണ്ടാഴ്ച മുമ്പ് വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറാണ് കത്തിനശിച്ചത്.
The car was burnt in Mananthavadi
