മുംബൈ : അമ്മയുടെ മൃതദേഹം മകൾ കഷ്ണങ്ങളാക്കി അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി മകൾ റിംപിൾ. താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന് റിംപിൾ കോടതിയിൽ പറഞ്ഞു. അമ്മ മരിച്ചത് ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണാണെന്നും റിംപിൾ.

മൃതദേഹം ഒളിപ്പിച്ചത് സ്വത്തുക്കൾ നഷ്ടമാകുമെന്ന ഭയം കൊണ്ടാണെന്നാണ് മകളുടെ വെളിപ്പെടുത്തൽ. റിംപിളിന്റെ കാമുകനും ഇക്കാര്യം അറിയാമായിരുന്നു. മുംബൈയിലാണ് മനസാക്ഷിയെ നടുക്കിയ ദാരുണസംഭവം അരങ്ങേറിയത്.
ദാദറിനടുത്ത് ലാൽ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകൾ റിംപിൾ ജെയ്ൻ അലമാരയിൽ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കൾ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാൺപൂരിൽ പോയെന്നാണ് റിംപിൾ പറഞ്ഞ് കൊണ്ടിരുന്നത്.
വരുമാനമൊന്നുമില്ലാത്തതാൽ അമ്മ വീണയുടെ സഹോദരൻ മാസം നൽകുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നൽകാനായി എത്തിയ അമ്മാവന്‍റെ മകനാണ് ദുരൂഹത തോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസിൽ വിവരം അറിയിച്ചതും.
പണം നൽകാനെത്തിയ ബന്ധുവിനെ അകത്ത് കയറാൻ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്. പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്ത് താമസിക്കുന്നവർ നേരത്തെ പരാതിപ്പെട്ടിരുന്നു.
തുടർന്ന് വലിയ തോതിൽ പെർഫ്യൂം വാങ്ങി മൃതദേഹത്തിന് മുകളിൽ ഒഴിച്ചെന്ന് റിംപിൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 27ന് ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയിൽ നിന്ന് വീണ് 55കാരിയായ വീണയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് തൊട്ടടുത്ത റസ്റ്റോറന്‍റിലെ ജീവനക്കാരാണ് റോഡിൽ വീണ് കിടന്ന വീണയെ വീട്ടിലാക്കിയത്.
എന്നാൽ ഡോക്ടറുടെ അടുത്ത് കൊണ്ട് പോവാൻ മകൾ അനുവദിച്ചില്ലെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകി. തുടർന്നുള്ള ഏതെങ്കിലും ഒരു ദിവസം കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ നിന്ന് മാർബിൾ കട്ടറും , വലിയ കത്തികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
The incident where the mother's body was kept in the cupboard by her daughter; Daughter with new revelation
