ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും മുത്തങ്ങയില്‍ നിന്നും കൊണ്ടുപോകും.
26 അംഗ ദൗത്യസംഘവും ഉടന്‍ ദിവസം ഇടുക്കിയിലെത്തും. 21 ന് നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെക്കുന്ന തീയതി തീരുമാനിക്കുക. ദേവികുളത്ത് നിന്നെത്തിച്ച 130 ഓളം യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടാണ് അരിക്കൊമ്പനെ തളയ്ക്കാനുള്ള കൂടിന്റെ നിര്‍മാണം. ബലമുള്ള ഈ കൂട്ടില്‍ നിന്ന് കൊമ്പന് പുറത്തു കടക്കാന്‍ ആവില്ല. എങ്കിലും കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമമുണ്ടായാല്‍ പരൃുക്കേല്‍ക്കാതിരിക്കാന്‍ ആണ് ഉരുണ്ട യൂക്കാലിപ്റ്റസ് മരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
വയനാട് നിന്നെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് കൂട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.കൊമ്പനെ പൂട്ടാന്‍ വയനാട് കുങ്കിയാനകളില്‍ ഒന്ന് ഇന്നെത്തുന്നുണ്ട്. വിക്രമിന് പിന്നാലെ കുഞ്ചിയും സൂര്യനും കോന്നി സുരേന്ദ്രനും വരും ദിവസങ്ങളില്‍ എത്തും. ചീഫ് വെറ്റനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 26 അംഗ ദൗത്യസംഘമാണ് അരിക്കൊമ്പനെ പിടികൂടാന്‍ തയ്യാറെടുക്കുന്നത്.
The first mission team to catch Arikomban left from Wayanad