Mar 18, 2023 12:56 PM

തിരുവനന്തപുരം : ഹരിത ട്രിബ്യൂണൽ ഉത്തരവിനെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്ന് തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ ട്രിബ്യൂണൽ കേരളത്തെ മുമ്പ് പ്രശംസിച്ചിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി.

കൊച്ചി കോർപറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ് രാജേഷിന്റെ പ്രതികരണം.ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും കോടികൾ പിഴ ചുമത്തിയപ്പോൾ കേരളത്തെ ഒഴിവാക്കിയിരുന്നുവെന്നും രാജേഷ് പറഞ്ഞു.

ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു. ഉത്തരവ് വിശദമായി പഠിച്ച ശേഷം നിയമപരമായ നടപടികളിൽ തീരുമാനമെടുക്കും.

2012 മുതലുള്ള ഈ പ്രശ്‌നം നേരത്തെ മുതൽ പറയുന്നുണ്ട്. കേരള ഹൈകോടതിയുടെ മുന്നിൽ ഇക്കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതിയെ സമീപിക്കുമെന്ന കൊച്ചി മേയറുടെ പ്രതികരണത്തെ കുറിച്ച് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് വൻ തുക പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയിരുന്നു. 100 കോടി രൂപയാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴയടയ്ക്കണമെന്നാണ് ഉത്തരവ്. തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് നീക്കിവെക്കണമെന്നും ട്രിബ്യൂണൽ പറയുന്നു.

വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

The state government is taking the Green Tribunal order seriously- MB Rajesh

Next TV

Top Stories