തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് നടന്ന സംഭവങ്ങളിൽ ഇടത് എംഎൽഎമാർക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. സി പി എമ്മില്‍ നിന്നു പുറത്തുപോയ എംവി രാഘവനെ 1987 ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി പി ചന്ദ്രശേഖരനെ കൊന്നവരുടെ അതേ ആക്രോശത്തോടെയാണ് ചിലർ കെ കെ രമയുടെ അടുത്തേക്ക് പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സീനിയര്‍ അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ആദ്യം ആക്രമിച്ചത്.
87 ൽ എം വി രാഘവനെ 15 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മര്‍ദിച്ച സി പി എം എം എല്‍ എ മാര്‍ക്ക് സംരക്ഷണം നല്കുകയും ചെയ്ത ചരിത്രമുള്ള സി പി എം അതാണ് വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതു തീക്കളിയായിരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. 'മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ട്, അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി, സിപിഎമ്മിലെ പരിണിതപ്രജ്ഞരായ എംഎല്‍എമാരെയും സമര്‍ത്ഥരായ യുവനേതാക്കളെയുമെല്ലാം വെട്ടിനിരത്തി ഇദ്ദേഹം അധികാരശ്രേണി കയറിയതിന്റെ പിന്നാമ്പുറങ്ങള്‍ നാട്ടില്‍പാട്ടാണ്, അമ്മായിയപ്പന്‍ - മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്, പുതിയ അവതാരത്തോടുള്ള പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് വൈകാതെ പൊട്ടിത്തെറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല' - എന്നായിരുന്ന സുധാകരന്‍ ഇക്കാര്യത്തിൽ പറഞ്ഞത്.
K Sudhakaran criticized Mohammad Riaz
