നെഞ്ചേറ്റി കോഴിക്കോട്; സാഹിത്യ മേള വൻവിജയം

നെഞ്ചേറ്റി കോഴിക്കോട്; സാഹിത്യ മേള വൻവിജയം
Jan 14, 2023 06:23 PM | By Vyshnavy Rajan

കോഴിക്കോട് : 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവം നെഞ്ചേറ്റിയതുപോലെ ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കോഴിക്കോട് നെഞ്ചേറ്റി. ജനുവരി 12 മുതലായിരുന്നു മേളയുടെ ഉദ്ഘാടനം. ഓരോ ദിവസവും വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ചോദ്യോത്തരങ്ങളും കോഴിക്കോടിന്റെ കടലോരത്തെ ധന്യമാക്കി.

പ്രധാന വേദിയായ തൂലികയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ജനുവരി പന്ത്രണ്ടാം തീയ്യതി രാവിലെ 9.30 ന് കന്നട ഭാഷ ഇന്ത്യൻ സാഹിത്യത്തിന് തന്ന സംഭാവനകൾ, സാധ്യതകൾ തർജ്ജമ ഇവയെ കുറിച്ചായിരുന്നു ചർച്ച. ആദ്യ ദിനം മുതൽ അവസാന ദിനം വരെ ആയിരങ്ങളായിരുന്നു ഓരോ ദിവസവും കോഴിക്കോട് ബീച്ച് ലക്ഷ്യമാക്കി വന്നത്.

പ്രവേശന കവാടമായ കെ.എൽ.എഫ് ഗെയ്റ്റിനു മുന്നിൽ ജനങ്ങളുടെ തിക്കും തിരക്കുമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും ആസ്വാദകരുടെ വൻ ഒഴുക്കാണ്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തിലാണ് ഗതാഗത നിയന്ത്രണവും, ജനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതും.


ഏതു ഉത്സവവും കോഴിക്കോട് നെഞ്ചേറ്റും എന്നതിന്റെ പ്രധാന തെളിവുമായി മാറി കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ. അറബിക്കടലിനെ സാക്ഷിയാക്കി ഓരോ പരിപാടികൾ നടക്കുമ്പോഴും കടലമ്മ ശാന്തമായി എല്ലാം കേൾക്കുന്നുണ്ട്. പുസ്തകം വാങ്ങുന്നതിനും വൻ തിരക്കാണ് അനുഭവ പെടുന്നത്.

ഓരോ പുസ്തകവും എഴുതിയ എഴുത്തുകാരൻ തന്നെയാണ് വിവിധ സെഷനുകളിൽ ചോദ്യം നേരിടുന്നതും അതിനെക്കുറിച്ച് പ്രതിപാദിക്കുന്നതും. നൂറുകണക്കിന് പുസ്തകങ്ങളാണ് ഈ ദിവസങ്ങളിൽ പരിചയപ്പെട്ടത്. മിക്കതും സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.


കോവിഡിനെക്കുറിച്ചും, വൈറസിനെക്കുറിച്ചും, പ്രകൃതിയെ കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചും, സംഗീതത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചും, വേദനയെക്കുറിച്ചും ജാതിയെക്കുറിച്ചും, മതത്തെക്കുറിച്ചും, പ്രകൃതി ദുരന്തങ്ങളെ കുറിച്ചും, കാലാവസ്ഥ വ്യതിയാനയെക്കുറിച്ചും ചർച്ചയുണ്ടായി. കോഴിക്കോട് അറബിക്കടൽ പരിസരം അറിവിന്റെ സാഗരമായി മാറി.

കലയെയെന്നും നെഞ്ചേറ്റിയ കോഴിക്കോട് കടൽത്തീരത്ത് ഓരോ ദിവസവും വിവിധ കലാപരിപാടികൾ ആയിരുന്നു അരങ്ങേറിയത്. ഷഹബാസ്, ഷൻക ട്രൈബ്, ഗുരു മസ്താനീയം, തക്കര, ഉഷ ഉതുപ്പ്, റിമോ ഫെർണാണ്ടസ്, ഹരീഷ് ശിവരാമകൃഷ്ണൻ, സുരാജ് മണി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. നാളെയാണ് സാഹിത്യ മേളയുടെ പരിസമാപ്തി.


kerala literature festival 2023 Sahitya Mela is a huge success

Next TV

Related Stories
Top Stories