വാജ് പേയ്; കറകളഞ്ഞ രാഷ്ട്രീയ നേതാവ്

വാജ് പേയ്; കറകളഞ്ഞ രാഷ്ട്രീയ നേതാവ്
Jan 14, 2023 02:57 PM | By Vyshnavy Rajan

കോഴിക്കോട് : ആറാമത് കേരള സാഹിത്യ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം വർണ്ണാഭമായി തുടർന്നുവരുന്നു. കോഴിക്കോട് ബീച്ചിനെ അക്ഷരാർത്ഥത്തിൽ ആസ്വാദകർ നെഞ്ചേറ്റുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

അടൽ ബിഹാരി വാജ്പേയ് രാഷ്ട്രതന്ത്രഞ്ജൻ, രാഷ്ട്രീയ നേതാവ്, പ്രധാനമന്ത്രി എന്ന പുസ്തകത്തെ ആസ്പദമാക്കി ഗ്രന്ഥകർത്താവ് സാഗരിക ഘോഷു മായി ഡോ: മീണാ.ടി പിള്ള നടത്തിയ ചർച്ച എന്തുകൊണ്ടും ആവേശകരമായി.

അടൽ ബിഹാരി വാജ്പേയി ജവഹർലാൽ നെഹ്റുവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്ര തന്ത്രഞ്ജനായിരുന്നുവെന്ന് സാഗരിക ഘോഷ് വ്യക്തമാക്കി.

സമകാലിക ഇന്ത്യൻ സാഹചര്യത്തെ കൂടി ഉൾക്കൊള്ളുന്ന രീതിയിലായിരുന്നു ചർച്ച. ഇന്നത്തെ ഇന്ത്യയിലെ ബിജെപി ഭരണകൂടം പ്രതിപക്ഷ മുക്ത ഭാരതമാണ് സ്വപ്നം കാണുന്നത്. ഇത് തീർത്തും നെഹ്റൂവിയൻ പാരമ്പര്യത്തിന് എതിരാണ്.

നേരത്തെ പ്രതിപക്ഷത്തിന്റെ ഭവനമായിരുന്നു ലോക്സഭ. ഇന്ന് പ്രതിപക്ഷത്തിന്റെ ശബ്ദമില്ലാത്ത ലോക്സഭയാണ് നമ്മൾ വർത്തമാനകാലത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. വാജ്പേയ് ഹിന്ദുത്വത്തിൽ വിശ്വസിച്ചിരുന്നുവെങ്കിലും ഭരണകൂട വ്യവസ്ഥയിൽ നിന്നും, ലോക്സഭക്കുള്ളിലും മാത്രമേ അത് സംസാരിച്ചിട്ടുള്ളൂ. ഇതിന് പ്രധാന കാരണം വാജ്പേയ് ജനിച്ചുവളർന്ന സാഹചര്യമാണ്.

വാജ്പേയുടെ പിതാവ് ഒരു സോഷ്യലിസ്റ്റ് ആയിരുന്നു. വാജ്പേയ് ആർഎസ്എസിൽ ചേർന്നു എന്നറിഞ്ഞപ്പോൾ പിതാവിൽ നിന്നും സഹോദരിയിൽ നിന്നും ശക്തമായ എതിർപ്പാണ് വീട്ടിൽ നിന്നും ഉണ്ടായത്.

1920കളിലെയും മുപ്പതുകളിലെയും ഇന്ത്യ അത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നുമില്ല. അതുകൊണ്ടാണ് ആരംഭ കാലത്ത് ആർഎസ്എസിന് വലിയ പിന്തുണ ഇന്ത്യയിൽ നേടാൻ കഴിയാതെ പോയതും.


1999ൽ വാജ്പേയിക്ക് അധികാരം നഷ്ടപ്പെട്ടത് കേവലം ഒരു ലോക്സഭ സീറ്റിന്റെ കാര്യത്തിലായിരുന്നു. ജയലളിതയുടെ പാർട്ടി പിന്തുണ പിൻവലിച്ചതായിരുന്നു കാരണം. ഇന്നത്തെ കാലത്ത് നിരവധി എംപിമാരെ ബിജെപി വിലക്കെടുക്കുന്ന സാഹചര്യത്തിൽ ഇത് സംഭവിച്ചു എന്നത് അവിശ്വസനീയമാണ്.

അത്രത്തോളം ജനാധിപത്യത്തെയും പാർലമെന്റിനെയും തെരഞ്ഞെടുപ്പിനെയും വിശ്വസിച്ച ഒരു മഹാ നേതാവായിരുന്നു അടൽ ബിഹാരി വാജ്പേയ്. സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം, കേൾക്കുവാനുള്ള സ്വാതന്ത്ര്യം, മറ്റുള്ളവരോട് സാഹോദര്യത്തിനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം നമുക്ക് വാജ്പേയിൽ ദർശിക്കുവാൻ സാധിക്കും.

1984 ൽ കേവലം രണ്ട് പാർലമെൻറ് സീറ്റ് നേടിയപ്പോൾ പാർട്ടി പ്രസിഡന്റ് സ്ഥാനം വാജ്പേയ് രാജി വെച്ചിരുന്നു. പ്രസിഡണ്ട് സ്ഥാനം രാജിവച്ചപ്പോഴും തന്റെ ദിനേനയുള്ള പാർട്ടി പ്രവർത്തനത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിട്ടില്ല. മാധ്യമ പ്രവർത്തക നീനാ വ്യാസ് അന്ന് 1984 ൽ വാജ്പേയ് യോട് ഈ ചോദ്യം ചോദിച്ചിരുന്നു.

എന്തിനാണ് പാർട്ടി ഓഫീസുകളിൽ പോയി ഇങ്ങനെ പ്രവർത്തിക്കുന്നുവെന്ന്? കുറ്റമുറ്റ രീതിയിൽ പാർട്ടിയുടെ ആശയ ആവിഷ്കാരങ്ങൾ അണികൾക്ക് പകർന്നു നൽകാനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നും അണികളോടൊപ്പം സഹവസിക്കുവാൻ അദ്ദേഹം ശ്രമിച്ചു. ഇതിനിടെ പുസ്തക വിശകലന ചർച്ച നടക്കുന്നതിനിടെ ഡോ: മീന ടി പിള്ള ഹാസ്യ രൂപേനെ ഒരു കാര്യം സൂചിപ്പിക്കുകയുണ്ടായി.

കേരളത്തിലാണ് അടൽ ബിഹാരി വാജ്പേയിക്ക് മിമിക്രി കല അവതാരകരും ആസ്വാദകരും ഒത്തിരി ഉള്ളത്. ഇത് കേരളത്തിന്റെ പ്രത്യേകതയായി പറയാം. ഇതിന് മറുപടി എന്നോളം സാഗരിക ഘോഷ് 1999ൽ വാജ്പേയ് കുമരകം സന്ദർശിച്ചതിനെ കുറിച്ച് പ്രതിപാദിച്ചു. കേരളത്തിലെ സുന്ദരമായ കാലാവസ്ഥ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടു.

കേരളത്തിൽ നിന്നും തിരിച്ച് ഡൽഹിയിലേക്ക് പോയപ്പോഴാണ് കാശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹം കൂടുതൽ ശ്രദ്ധ കാണിച്ചത്.

ചരിത്ര പ്രധാനമായ ശ്രീനഗർ മുസാഫറാബാദ് ബസ് സർവീസ് അദ്ദേഹത്തെ കാലത്താണ് കൊണ്ടുവന്നത്. അദ്വാനിയും വാജ്പേയ് തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചും ചർച്ചയായി. അദ്വാനി വളരെ നേരിട്ട് തന്നെയാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയത്.

ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് രഥയാത്ര. രഥയാത്ര തടയാനായി ബീഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ ലാലുവും, ശരത്തും ശ്രമിച്ചപ്പോൾ ഇത് ജനങ്ങൾ ഏറ്റെടുത്ത യാത്രയാണ് എന്നാണ് അദ്വാനി പറഞ്ഞത്.

അത്തരത്തിൽ ജനങ്ങൾ ഏറ്റെടുത്ത യാത്രയെ പിന്നീട് വാജിപേയും തള്ളാൻ മുതിർന്നില്ല. പ്രധാന വേദികളിലോ പൊതുസ്ഥലങ്ങളിലോ ഒരിക്കലും ഹിന്ദുത്വ അജണ്ട പരസ്യമായി വാജ്പേയ് പറഞ്ഞിരുന്നില്ല.


1999ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്വാനി തന്നെയാണ് വാജിപേയിയെ ഉയർത്തി കാണിച്ചത്. ഇത് അദ്വാനിക്ക് തന്നെ തന്നെക്കാൾ യോഗ്യത വാജ്പേയ്ക്ക് ആണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ്. മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരാലും സ്വീകാരനുമാണ് വാജ്പേയ്. എല്ലാവരെയും ഒന്നിച്ച് കാണാനും, തൻ്റെ സ്വതസിദ്ധമായ പ്രസംഗ ഭാഷണത്തിൽ ഇന്ത്യ എന്ന വികാരം ഉൾപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.

ഇദ്ദേഹത്തിൻറെ ഭരണകാലത്ത് ആർഎസ്എസിനെ പലതും ഇഷ്ടപ്പെട്ടിരുന്നില്ല. ഇദ്ദേഹത്തിൻറെ നിയോ ലിബറൽ പോളിസികളും, രാമജന്മഭൂമിയോടുള്ള വ്യത്യസ്ത അഭിപ്രായവുമാണ് ആർഎസ്എസ് നേതാക്കളെ ചൊടിപ്പിച്ചത്. ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, സ്വദേശി ജാഗരൺ മഞ്ച് എന്നീ സംഘടനകളുടെ നേതാക്കന്മാരായ മധു പന്ത് ലംഗിണി, അശോക് സിംഗാൾ, സുദർശൻ എന്നിവർ ശക്തമായി എതിർത്തിരുന്നു.

ഇന്നത്തെ പുതിയ കാലഘട്ടത്തിൽ മീഡിയ ഒരു പ്രതിബിംബത്തെ സൃഷ്ടിക്കുകയാണെന്നും അത് ജനാധിപത്യത്തിന് തന്നെ എതിരാണെന്നുമാണ് സാഗരിക ഘോഷ് പറയുന്നത്. ഇന്ത്യയിൽ രാഷ്ട്രീയ പ്രതിബിംബം എന്ന ഇമേജ് ഉണ്ടാക്കുവാൻ ആദ്യമായി ശ്രമിച്ചത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. അതേ വേല തന്നെയാണ് ഇപ്പോൾ നരേന്ദ്രമോഡിയും ചെയ്തുകൊണ്ടിരിക്കുന്നത്. മുമ്പുകാലത്ത് ഒരു ജേണലിസ്റ്റിന് ഒരു വാർത്ത റിപ്പോർട്ട് ചെയ്യാനായി നിരവധി പ്രക്രിയകൾ ഉണ്ടായിരുന്നു.

ഇന്ന് എല്ലാം പെട്ടെന്ന് ഫ്ലാഷ് വാർത്തയാവുകയാണ്. തീരുമാനം എടുക്കാൻ ഒരു കാര്യത്തിനും സമയം ലഭിക്കുന്നില്ല. ഭരണകൂടവും ഒരു പ്രതിബിംബത്താൽ ചറ്റപ്പെട്ടിരിക്കുന്നു. മാധ്യമവും അതേ വഴിക്ക് തന്നെ. കൊറോണ വാക്സിനേഷൻ, ലോക്ക് ഡൗൺ നോട്ട് നിരോധനം എന്നിവ ഉദാഹരണസഹിതം സാഗരികാ ഘോഷ് വ്യക്തമാക്കി.

1930 കളിൽ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസം ആയിരുന്നു. 1940കളിൽ ശത്രു ഫാസിസമായി മാറി. എന്നാൽ ഇന്ന് 21ാം നൂറ്റാണ്ടിൽ 2023ല്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു ജനാധിപത്യം തന്നെയാണ്. നിറഞ്ഞ കൈയ്യടിയോടെയാണ് സാഗരിക ഘോശിന്റെ പ്രസംഗം അവസാനിപ്പിച്ചപ്പോൾ സദസ്സ് സ്വീകരിച്ചത്.

kerala literature festival 2023 vajpayee A tainted political leader

Next TV

Related Stories
Top Stories