കോഴിക്കോട് : ചവിട്ട് നാടക കലാ രംഗത്തെ അതികായൻ 40 വർഷം, നൂറുകണക്കിന് ശിഷ്യന്മാർ, സംസ്ഥാന കലോത്സവ വേദികളിലെ നിറ സാന്നിധ്യം ചവിട്ട് നാടക രംഗത്തെ അതികായനാണ് തമ്പി പയ്യപ്പിള്ളി. കേരളത്തിൽ ചവിട്ട് നാടകത്തിനേറെ വേരോട്ടമുള്ള എറണാകുളം വടക്കൻ പറവൂരിലെ ഗോതുരുത്തിൽ ജനനം.
ഗോതുരുത്തിലുള്ള ഏതൊരു കുട്ടിയെ പോലെയും ചെറുപ്പ കാലം മുതൽക്കേ ചവിട്ട് നാടകത്തിൽ സജീവം. ഗോതുരുത്തിലെ പ്രധാന ചവിട്ടു നാടക സമിതിയായ യുവജന കലാസമിതിയുടെയായിരുന്നു കലാകാരൻ എന്ന നിലയിലുള്ള വളർച്ച രൂപപ്പെടുത്തിയത്.
ജീവിതത്തിലെ 40 വർഷങ്ങൾക്കിപ്പുറവും ചവിട്ടു നാടകത്തിനായി ജീവിതം സമർപ്പിച്ച തമ്പി പയ്യംപ്പിള്ളി പതിനഞ്ചു വർഷമായി സ്‌കൂൾ കലോത്സവ രംഗത്തും സജീവമാണ്. ഒരു കലോത്സവത്തിൽ തന്നെ ഏഴോ, എട്ടോ ജില്ലകളിലേ എച്ച് എസ്, എ ച്ച് എ എസ് എസ് വിഭാഗത്തിലായി 15 ലധികം സ്‌കൂളുകളിൽ നിന്നുമുള്ള ടീമുകളെ കലോത്സവ വേദികളിൽ എത്തിക്കുന്നു എന്ന അപൂർവ്വതയും അദ്ദേഹത്തിന് സ്വന്തം.
ക്രിസ്തു മതത്തിലെ വിശുദ്ധന്മാരുടെയും യൂറോപ്പിലെ രാജാകന്മാരുടെയും കഥകൾ പറയുന്ന ചവിട്ടു നാടകങ്ങളിൽ പുതു കഥകളും പറയാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ കഥകൾ പറയുമ്പോഴും ചവിട്ട് നാടകത്തിന്റെ തനിമ നില നിർത്തി കൊണ്ടായിരിക്കണം പുതിയ പാട്ടുകളും പുതിയ കഥകളും തയാറാക്കേണ്ടത്. അതിന്റെ ചുവടുകളും കവിത്വങ്ങളും കലാശങ്ങളും വായ്ത്താരികളും ചവിട്ട് നാടകത്തിന്റെ തനിമ നഷ്ടപ്പെടാതെ പുതിയ കഥകൾ അവതരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കലോത്സവ മത്സരങ്ങളിൽ ജനറൽ വിഭാഗ മൽസരയിനമായ ചവിട്ടു നാടകത്തിൽ അടുത്ത കാലങ്ങളിലായി മത്സരാർത്ഥികൾ പൂർണ്ണമായും പെൺകുട്ടികളാണ് എന്ന പ്രത്യേകതയും അദ്ദേഹം പങ്കുവെച്ചു. കലോത്സവ മത്സരങ്ങളിൽ ചവിട്ടു നാടകം മത്സരഇനമാകുന്നതിലൂടെ പുതു തലമുറയിലെ നിരവധി പേരിലേക്ക് ചവിട്ടു നാടകമെത്തിക്കാമെന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഭക്ഷണം ഇഷ്ട്ടപ്പെടുന്ന കലാകാരന്മാരെ ഇഷ്ടപെടുന്ന കോഴിക്കോട്ടെ കലോത്‌സവത്തിലും 15 ടീമുകളുമായി തന്റെ സാന്നിധ്യത്തെ ഉറപ്പിക്കുകയാണ് പകരംവെക്കാനില്ലാത്ത ഈ കലാകാരൻ.
Chavati nadaka section; For 40 years, Thampi Payyappilli has been a colorful presence at Kalotsava venues kerala state school kalolsavam 2023